ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസിയ്‌ക്കെതിരെ നിലപാട് കടുപ്പിക്കാന്‍ കേന്ദ്ര ഏജന്‍സി. എസ് ഡി പി ഐയെ നിരോധിക്കാന്‍ പോന്ന തെളിവുകള്‍ ഇഡിക്ക്(എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ) കിട്ടിയിട്ടുണ്ട്. ഈ തെളിവുകള്‍ എന്‍ഐഎയും പരിശോധിക്കും. അതിന് ശേഷം കൂടുതല്‍ കേസുകളെടുക്കും. ഇതിനൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തി പാര്‍ട്ടി നിരോധനമാണ് ലക്ഷ്യം. അങ്ങനെ നിരോധിച്ചാലും പുതിയ പേരില്‍ സംഘടനകള്‍ തുടങ്ങാന്‍ സാധ്യതയുണ്ട്. ഇത് കൂടി തിരിച്ചറിഞ്ഞുള്ള നടപടികളാണ് കേന്ദ്ര ഏജന്‍സികള്‍ പദ്ധതിയിടുന്നത്. പുതിയ രാഷ്ട്രീയ സംഘടനയുണ്ടാക്കുന്നോ എന്നും നിരീക്ഷിക്കും.

പോപ്പുലര്‍ ഫ്രണ്ട് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയ്ക്കകത്തു നിന്നും പുറത്തു നിന്നും പണം ശേഖരിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു. ഹവാല ഇടപാടുകളിലൂടെയും സംഭാവനയുടെ രൂപത്തിലുമാണ് പണമെത്തിച്ചത്. പിഎഫ്‌ഐയുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ 61.72 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസിയെ അറസ്റ്റ് ചെയ്ത ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇഡി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. പിന്നീട് പലയിടത്തും റെയ്ഡ് നടത്തി. ഇതില്‍ നിര്‍ണ്ണായക വിവരങ്ങളും കിട്ടി. എന്നാല്‍ എല്ലാം രാഷ്ട്രീയ പ്രേരിതമെന്ന് എസ് ഡി പി ഐ പരസ്യ നിലപാട് എടുത്തു. ഈ സാഹചര്യത്തില്‍ തെളിവുകള്‍ പരമാവധി ശേഖരിച്ചുള്ള നിരോധനമാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഫൈസിയെ ഇഡി ചോദ്യംചെയ്തിരുന്നു. തുടര്‍ന്ന് പലവട്ടം ഡല്‍ഹിയിലെ ഇഡി ഓഫീസിലേക്ക് വിളിപ്പിച്ചെങ്കിലും ഒഴിഞ്ഞുമാറി. തിങ്കളാഴ്ച ഡല്‍ഹി വിമാനത്താവളത്തില്‍വച്ച് അറസ്റ്റിലായ ഫൈസിയെ ഇഡി വിശദമായി ചോദ്യം ചെയ്യുകയാണ്. ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പിഎഫ്ഐയുടെ ഇന്ത്യന്‍ ഫ്രറ്റേര്‍ണിറ്റി ഫ്രണ്ട്, എസ്ഡിപിഐയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സോഷ്യല്‍ ഫോറം എന്നീ സംഘടനകളും കേന്ദ്രഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.

12 തവണ നോട്ടീസ് നല്‍കിയിട്ടും ഫൈസി ഹാജരായില്ലെന്നും ഇതോടെയാണ് തുടര്‍ നടപടികള്‍ ആരംഭിച്ചതെന്നും ഇഡി വ്യക്തമാക്കി. എസ്ഡിപിഐയ്ക്കും പിഎഫ്‌ഐയ്ക്കും ഒരേ നേതൃത്വവും അണികളുമാണുള്ളത്. എസ്ഡിപിഐയുടെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചത് പിഎഫ്‌ഐയാണ്. എസ്ഡിപിഐയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, നയരൂപീകരണം, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കല്‍, പൊതുപരിപാടികള്‍ എന്നിവ തീരുമാനിക്കുന്നത് പിഎഫ്‌ഐയാണ്. എസ്ഡിപിഐക്കായി തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കുന്നത് പോപ്പുലര്‍ ഫ്രണ്ടാണ്. എസ്ഡിപിഐക്ക് നാല് കോടിയോളം രൂപ നല്‍കിയതിന് തെളിവ് ലഭിച്ചെന്നും ഇതിന്റെ ഉറവിടം സംശയാസ്പദമാണെന്നും ഇഡി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചിരുന്നു.

ആന്തരികമായി ഇസ്ലാമിക പ്രസ്ഥാനമായും ബാഹ്യമായി സാമൂഹിക പ്രസ്ഥാനമെന്ന നിലയിലുമാണ് എസ്ഡിപിഐ പ്രവര്‍ത്തിക്കുന്നതെന്ന് ഇഡി പറയുന്നു. രാജ്യത്ത് ആക്രമണവും ഭീകര പ്രവര്‍ത്തനവും നടത്താന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കം പണം ശേഖരിച്ചു. റമദാന്‍ കളക്ഷന്റെ പേരില്‍ പ്രാദേശികമായും പണം സ്വരൂപിച്ചെന്ന് ഇഡി ആരോപിക്കുന്നു. എസ്ഡിപിഐ ദേശീയ അധ്യക്ഷനെന്ന നിലയില്‍ എം കെ ഫൈസിയുടെ അധികാരത്തിനും നിയന്ത്രണത്തിനും കീഴിലാണ് എല്ലാം നടന്നതെന്നും ഇഡി പറയുന്നു. പിഎഫ്‌ഐയുടെ ഭാരവാഹികളോ അംഗങ്ങളോ ആയ 26 പേരെ ഇതിനകം അറസ്റ്റ് ചെയ്തു. ഇവരില്‍ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, ഭാരവാഹികള്‍, അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. പട്യാല ഹൗസ് കോടതി ആറ് ദിവസത്തേക്കാണ് എം കെ ഫൈസിയെ ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടത്.

ഫൈസിയെ അറസ്റ്റ്ചെയ്തതിന് പിന്നാലെ കേരളമടക്കം 10 സംസ്ഥാനങ്ങളിലെ 12 എസ്ഡിപിഐ കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് നടന്നു. ഡല്‍ഹിയില്‍ നിസാമുദ്ദീനിലെ എസ്ഡിപിഐയുടെ കേന്ദ്ര ഓഫീസ് അടക്കം രണ്ടിടത്ത് പരിശോധന നടന്നു. തിരുവനന്തപുരം പാളയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസും മലപ്പുറം ടൗണിലെ ജില്ലാ ഓഫീസും റെയ്ഡ് ചെയ്തു. ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, ലഖ്നൗ, ജയ്പുര്‍, ആന്ധ്രപ്രദേശിലെ നന്ദ്യാല്‍, മഹാരാഷ്ട്രയിലെ താനെ, ജാര്‍ഖണ്ഡിലെ പാകുര്‍ എന്നിവിടങ്ങളിലെ ഓഫീസുകളിലും പരിശോധന നടത്തി.