- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വീണ്ടും തുടങ്ങി; അര്‍ജുന്റെ ലോറിയിലെ തടിക്കഷ്ണം കണ്ടെടുത്തതായി ഈശ്വര്‍ മാല്‍പെ സംഘം; പ്രാര്ത്ഥനയോടെ കുടുംബം
അര്‍ജുന്റെ ലോറിയിലെ തടിക്കഷ്ണം കണ്ടെടുത്തതായി ഈശ്വര്‍ മാല്‍പെ സംഘം
കാര്‍വാര്‍: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വീണ്ടും ഊര്‍ജിതമായി. തെളിഞ്ഞ കാലാവസ്ഥ ആയതിനാലാണ് ഈശ്വര്‍ മാല്‍പെ സംഘം വീണ്ടും തിരച്ചിലിനായി പുഴയില്‍ ഇറങ്ങിയത്. പ്രാദേശിക മുങ്ങല്‍ വിദഗ്ധരായ ഈശ്വര്‍ മാല്‍പെ സംഘമാണ് അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ മുന്നിട്ടുനില്‍ക്കുന്നത്. ഇപ്പോഴിതാ തിരച്ചിലിനിടെ അക്കേഷ്യ തടിക്കഷ്ണം മുങ്ങിയെടുത്തതായി ഈശ്വര്‍ മാല്‍പെ സംഘം അറിയിച്ചിട്ടുണ്ട്. മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ലോറിയില്‍ കൊണ്ട് വന്ന മരക്കഷ്ണങ്ങളാണ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ നദിക്കരയില്‍ നിന്നും തടിക്കഷണങ്ങള്‍ ലഭിച്ചിരുന്നു. കാണാതായ അര്‍ജുന്‍ ലോറിയില്‍ കൊണ്ട് വന്ന തടിക്കഷ്ണമാണെന്ന് ലോറി ഉടമ മനാഫും സ്ഥിരീകരിച്ചിട്ടുണ്ട്.
ആദ്യം പുഴയില്‍ ഇറങ്ങി തിരച്ചില്‍ നടത്താനായി ഈശ്വര്‍ മാല്‍പെ സംഘത്തിന് അനുമതി ഇല്ലായിരുന്നു. ഒടുവില്‍ കര്‍ണാടക ഭരണകൂടവുമായി നടത്തിവന്ന നിരന്തര ചര്‍ച്ചകളുടെ ഫലമായിട്ടാണ് തിരച്ചിലിന് അനുമതി ലഭിച്ചത്. നിലവില്‍ പുഴയിലെ സാഹചര്യം നല്ല തെളിഞ്ഞ കാലാവസ്ഥയാണ്. ആദ്യം തിരച്ചില്‍ നടത്തിയ നാവികസേനയും അവരുടെ ഡൈവിംഗ് സംഘവും നിര്‍ദ്ദേശിച്ച മൂന്ന് പോയിന്റിലാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തി വരുന്നത്.
അന്ന് നടന്ന മണ്ണിടിച്ചിലില്‍ അര്‍ജുന്‍ ഉള്‍പ്പടെ മൂന്നുപേരെയാണ് കാണാതായത്. അവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലും നടന്നുവരുകയാണ്. കാര്‍വാറില്‍ നിന്നും എത്തിച്ച ഡ്രെഡ്ജര്‍ ഉപയോഗിച്ചാണ് മൂന്നാം ഘട്ടത്തിലെ തിരച്ചില്‍ പുരോഗമിക്കുന്നത്. ഇപ്പോള്‍ തിരച്ചില്‍ സംഘത്തിന്റെ ആദ്യ ലക്ഷ്യം അര്‍ജുന്റെ ലോറിയുടെ ക്യാംബിന്‍ കണ്ടെത്തുക എന്നതാണ്.
തിരച്ചില്‍ നടക്കുന്ന സ്ഥലത്തേയ്ക്ക് അര്‍ജുന്റെ സഹോദരിയും എത്തിയിട്ടുണ്ട്. ഇന്ന് നടക്കുന്ന തിരച്ചിലെങ്കിലും അര്‍ജുനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ഇത് അവസാന പ്രതീക്ഷയാണെന്നും അര്‍ജുന്‍ അപകടത്തില്‍പ്പെട്ട സ്ഥലം സന്ദര്‍ശിക്കാനുമാണ് താന്‍ എത്തിയതെന്ന് അര്‍ജുന്റെ സഹോദരി അഞ്ജു പറഞ്ഞു. ദൗത്യം കഴിഞ്ഞതിന് ശേഷം കുടുംബാംഗങ്ങള്‍ മുഴുവനും ഷിരൂരിലേക്ക് എത്തുമെന്നും അഞ്ജു പറഞ്ഞു.