ഷിരൂര്‍: ഷിരൂര്‍ അങ്കോലയില്‍ മണ്ണിടിഞ്ഞ് പുഴയില്‍ കാണാതായ ലോറജ ഡ്രൈവര്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ തുടരാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനം. പ്രതിസന്ധിയെ തുടര്‍ന്ന് മുന്നോട്ടു പോകല്‍ പ്രതിസന്ധിയിലായ ദൗത്യം വീണ്ടും പുനരാരംഭിക്കാന്‍ തീരുമാനിച്ചത് കേരള മുഖ്യമന്ത്രി പിണറായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഫോണില്‍ വിളിച്ചതോടെയാണ്. അതേസമയം ദൗത്യത്തില്‍ വലിയ വെല്ലുവിളിയാണ് നിലനില്‍ക്കുന്നത്. തൃശ്ശൂരില്‍ നിന്നും ഡ്രഡ്ജിംഗ് മെഷീന്‍ എത്തിയാല്‍ മാത്രമേ ദൗത്യം പുനരാരംഭിക്കാന്‍ സാധിക്കുകയുള്ളൂ.

പുഴയിലെ മണ്ണുനീക്കി ലോറി പുറത്തെടുക്കാന്‍ തൃശൂരില്‍നിന്ന് ഡ്രഡ്ജിങ് മെഷീന്‍ സംഭവസ്ഥലത്തെത്തിക്കുമെന്ന് കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. രണ്ടുദിവസത്തിനകം മെഷീനെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇതുപയോഗിച്ചാവും തെരച്ചില്‍ തുടരുക.

'ചെളികലര്‍ന്ന് ചുവന്ന് കലങ്ങിമറിഞ്ഞതാണ് പുഴയിലെ വെള്ളം. നല്ല അടിയൊഴുക്കുമുണ്ട്. രക്ഷാപ്രവര്‍ത്തകന്‍ ഈശ്വര്‍ മല്‍പെ രണ്ടുതവണ ഒഴുക്കില്‍പെട്ടു. അവര്‍ക്ക് അടിത്തട്ടില്‍ ഒന്നും കാണാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ തെരച്ചില്‍ പ്രയാസമേറിയതാണ്' -സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. അതേസമയം, ഡ്രഡ്ജിങ് മെഷീനിന് ഇത്രയും കുത്തൊഴുക്കുള്ള വെള്ളത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമോ എന്നതും സംശയകരമാണ്. ഇതിനായി ടെക്‌നീഷ്യന്‍ വന്ന് പുഴയില്‍ പരിശോധന നടത്തും.ട

ഇന്ന് മൂന്ന് മണിയോടെ തെരച്ചില്‍ നിര്‍ത്താനായിരുന്നു നീക്കമെന്നും എന്നാല്‍, തെരച്ചില്‍ നിര്‍ത്തരുതെന്ന് കേരളം ശക്തമായി ആവശ്യപ്പെട്ടുവെന്നും ഉന്നതതല യോഗത്തില്‍ പങ്കെടുത്ത എം. വിജിന്‍ എം.എല്‍.എ അറിയിച്ചു. അര്‍ജുന്റെ കുടുംബവും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. മെഷീന്‍ കഴിവതും വേഗം തൃശൂരില്‍നിന്ന് എത്തിക്കാന്‍ കേരള സര്‍ക്കാര്‍ വേണ്ടതുചെയ്യുമെന്നും യോഗത്തില്‍ അറിയിച്ചു.

പ്രതികൂല കാലവസ്ഥ ചൂണ്ടിക്കാട്ടി നാല് ദിവസത്തേക്ക് നിര്‍ത്തിവെക്കാനായിരുന്നു കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനം. കാലാവസ്ഥ പ്രതികൂലമായതിനാല്‍ രക്ഷാദൗത്യം ദുഷ്‌കരമാണെന്ന് കാര്‍വാര്‍ എം.എല്‍.എ പറഞ്ഞിരുന്നു. മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാല്‍പെയും നേവിയും എന്‍.ഡി.ആര്‍.എഫ് സംഘങ്ങളും ഒന്നിച്ച് പരിശ്രമിച്ചാണ് ദൗത്യം മുന്നോട്ടുകൊണ്ടുപോയത്. വെള്ളത്തിനടിയില്‍ ചെളിയും മണ്ണും പാറയുമാണ്. കൂറ്റന്‍ ആല്‍ മരവുമുണ്ട്. വരുന്ന 21 ദിവസം മഴ പ്രവചിക്കുന്നുണ്ട്. തിരച്ചിലിന് അത്യാധുനിക യന്ത്രങ്ങള്‍ വേണമെന്നും അവ കൊണ്ടുവരാന്‍ ദിവസങ്ങളെടുക്കുമെന്നുമായിരുന്നു എം.എല്‍.എ പറഞ്ഞത്.

അര്‍ജുനെവിടെയെന്ന അമ്മയുടെ ചോദ്യത്തിന് ഉത്തരം വേണം

അതേസമയം അര്‍ജുനായുള്ള തിരച്ചില്‍ അവസാനിപ്പിക്കരുതെന്ന് സഹോദരി അഞ്ജു ആവശ്യപ്പെട്ടു. അര്‍ജുനെവിടെയെന്ന അമ്മയുടെ ചോദ്യത്തിന് ഉത്തരം വേണം. അര്‍ജുനെ കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യണം. ടെക്‌നോളജികള്‍ ഉപയോഗിച്ച് അര്‍ജുനെ കണ്ടെത്താന്‍ ശ്രമിക്കണം. ദൌത്യത്തില്‍ നിന്ന് പിന്‍വാങ്ങരുത്. അര്‍ജുനൊപ്പം കാണാതായവരെയും കണ്ടെത്തണമെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ ആരെയും കുറ്റം പറയുന്നില്ലെന്നും അഞ്ജു വ്യക്തമാക്കി.

അര്‍ജുനെ കാണാതായി പതിമൂന്നാം നാള്‍ തിരച്ചിലിന് താത്കാലിക വിരാമമിട്ടിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. ജൂലൈ 16ന് നടന്ന അപകടത്തില്‍ കാണാതായ ട്രക്കും അര്‍ജുനെയും ഇതുവരെ കണ്ടെത്താനാകാതെയാണ് രക്ഷാപ്രവര്‍ത്തനം താത്കാലികമായി അവസാനിപ്പിച്ചിരിക്കുന്നത്. പ്രദേശിക മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാല്‍പെ അടക്കം പരിശോധന നടത്തിയിട്ടും അര്‍ജുന്റെ ട്രക്ക് എവിടെയെന്ന് കണ്ടെത്താനായിട്ടില്ല. ഇന്ന് വൈകിട്ട് നാല് മണിയോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് പൊടുന്നനെ അറിയിക്കുകയായിരുന്നുവെന്നാണ് സ്ഥലത്തുണ്ടായിരുന്ന എംഎല്‍എ എം വിജിന്‍ അടക്കമുള്ളവര്‍ പ്രതികരിച്ചത്.