- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആമയിഴഞ്ചാന്‍ തോട്ടില്‍ ജോയിയെ കാണാതായിട്ട് 9 മണിക്കൂര്‍ പിന്നിട്ടു; തോട്ടിലും ടണലിലും നിറഞ്ഞ മാലിന്യം വെല്ലുവിളി; റോബോട്ടുകളെ ഇറക്കി പരിശോധന
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണ ജോലിക്കിടെ കാണാതായ തൊഴിലാളിയെ കണ്ടെത്താനായുള്ള തിരച്ചില്‍ രാത്രിയിലും തുടരുന്നു. കേരള സര്‍ക്കാരിന്റെ ജന്റോബോട്ടിക്‌സില്‍ നിന്നുള്ള രണ്ട് റോബോട്ടുകളെ ഇറക്കി പരിശോധിക്കുകയാണ് ഇപ്പോള്‍. തോട്ടിലും ടണലിലും മാലിന്യം നിറഞ്ഞുകിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പരിശോധന നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്.
ക്യാമറ ഘടിപ്പിച്ച റോബോട്ടുകളെ ഉപയോഗിച്ച് മാലിന്യം നീക്കംചെയ്യുന്നതിനും പരിശോധന നടത്തുന്നതിനുമാണ് ശ്രമം. ഒരു റോബോട്ടിനെ ജോയിയെ കാണാതായ സ്ഥലത്തുനിന്ന് അകത്തേക്ക് ഇറക്കും. മറ്റൊരു റോബോട്ടിനെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്‌ഫോമിലെ പാളത്തിന് സമീപത്തെ മാന്‍ഹോളില്‍ക്കൂടിയും അകത്തേക്ക് ഇറക്കും.
ശനിയാഴ്ച രാവിലെയാണ് നഗരസഭയിലെ താത്കാലിക തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയിയെ തോട്ടില്‍ കാണാതായത്. തോട് വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. മാലിന്യം തിങ്ങിനിറഞ്ഞതിനാല്‍ ആദ്യഘട്ടത്തില്‍ തോട്ടിലെ ടണലിനുള്ളിലേക്ക് പ്രവേശിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കായില്ല.
മാരായമുട്ടം സ്വദേശിയായ ജോയി എന്ന ക്രിസ്റ്റഫറിനെ റെയില്‍വേയിലെ ചില കരാറുകാരാണ് ജോലിക്കായി കൊണ്ടുപോയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാരായമുട്ടം വടകരയില്‍ അമ്മയ്ക്കൊപ്പമാണ് അവിവാഹിതനായ ജോയിയുടെ താമസം. നാട്ടില്‍ ആക്രിസാധനങ്ങള്‍ ശേഖരിച്ചുവില്‍ക്കുന്നതായിരുന്നു വരുമാനമാര്‍ഗം. ഇതിനിടെയാണ് കരാറുകാര്‍ വിളിച്ചപ്പോള്‍ തോട് വൃത്തിയാക്കുന്ന ജോലിക്ക് പോയത്.
മാലിന്യം പൂര്‍ണമായി നീക്കി സ്‌കൂബ ഡൈവിങ് സംഘം പരിശോധന നടത്താനായിരുന്നു ആദ്യശ്രമം. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിനടിയില്‍ക്കൂടിയാണ് തോട് ഒഴുകിപ്പോകുന്നത്. പ്ലാറ്റ്‌ഫോമിനടിയിലെ ടണലിലേക്ക് മാലിന്യം ഒഴുകിപ്പോകുന്നത് തടയാനും മാലിന്യം നീക്കാനുമാണ് രാവിലെ ജോയി തോടില്‍ ഇറങ്ങിയത്. 140 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമുള്ളതാണ് ടണല്‍.
റെയില്‍വേ ലൈന്‍ ക്രോസ് ചെയ്തു പോകുന്ന ഭാഗത്ത് മാലിന്യങ്ങള്‍ക്കടിയിലൂടെ ഊളിയിട്ട് തിരച്ചില്‍ നടത്തുകയെന്നത് ദുഷ്‌കരമാണ്. പാളത്തിന് അടിയില്‍ തോടിന് വീതികുറവാണെന്നതും വെല്ലുവിളിയാണ്.
കൂലിപ്പണിയും അതിനുശേഷം ആക്രി പെറുക്കിയും ജീവിച്ചിരുന്നയാളാണ് ജോയി. പ്രായമായ അമ്മ മെര്‍ഹി മാത്രമാണ് ജോയിക്കൊപ്പം ഉള്ളത്. ഒരു സഹോദരനും രണ്ട് സഹോദരിമാരും കൂടി ജോയിക്കുണ്ട്. രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമാണ് ജോയി തോട്ടിലിറങ്ങിയത്. മഴ പെയ്തതോടെ മറ്റു രണ്ടുപേര്‍ തോട്ടില്‍നിന്ന് കയറിയെങ്കിലും മറുകരയിലായിരുന്ന ജോയി ഇക്കരെ വരാന്‍ ശ്രമിച്ചെങ്കിലും ഒഴുക്കില്‍പ്പെടുകയായിരുന്നു. ടണല്‍ വൃത്തിയാക്കേണ്ട ചുമതല റെയില്‍വേയ്ക്കാണെന്നാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പറയുന്നത്.