- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഷെല്‍ കമ്പനികള്‍ വഴി വിപണിയില്‍ കൃത്രിമം നടത്തി ഓഹരികളുടെ വില ഉയര്‍ത്തി കാട്ടി'; 'നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച് മൂന്നുവര്‍ഷത്തിനിടെ 100 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധന നേടി': ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉന്നയിച്ച ക്രമക്കേടിന്റെ ആരോപണങ്ങള്‍ എല്ലാം തള്ളി; അദാനി ഗ്രൂപ്പിനും ഗൗതം അദാനിക്കും ക്ലീന്‍ ചിറ്റ് നല്‍കി സെബി
അദാനി ഗ്രൂപ്പിനും ഗൗതം അദാനിക്കും ക്ലീന്‍ ചിറ്റ് നല്‍കി സെബി
ന്യൂഡല്‍ഹി: യുഎസ് കേന്ദ്രമായുളള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിച്ച സെബി( ദി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അദാനി ഗ്രൂപ്പിനും ചെയര്‍മാന്‍ ഗൗതം അദാനിക്കും ക്ലീന്‍ ചിറ്റ് നല്‍കി. മൂന്നു കമ്പനികള്‍ വഴി പണം തിരിമറി നടത്തിയെന്നും, ഇത് വഴി ബന്ധപ്പെട്ട കക്ഷികള്‍ തമ്മിലുള്ള ഇടപാടുകള്‍ മറച്ചുവെച്ചെന്നും ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നു. എന്നാല്‍, ക്രമക്കേടുകള്‍ ഒന്നും നടന്നിട്ടില്ലെന്നാണ് സെബിയുടെ കണ്ടെത്തല്‍.
അന്വേഷണത്തില്‍ ഇത്തരം ഇടപാടുകള്‍ അന്നത്തെ ചട്ടപ്രകാരം ആരോപിക്കപ്പെട്ട ഇടപാടുകള്‍ ബന്ധപ്പെട്ട കക്ഷികള്‍ തമ്മിലുള്ള ഇടപാടുകളായി കണക്കാക്കാനാവില്ലെന്ന് സെബി കണ്ടെത്തി. 2021-ല്‍ നിയമത്തില്‍ വരുത്തിയ ഭേദഗതിക്ക് ശേഷമാണ് ബന്ധപ്പെട്ട കക്ഷികള്‍ തമ്മിലുള്ള ഇടപാടുകള്‍ സംബന്ധിച്ച നിര്‍വചനം വിപുലീകരിച്ചതെന്നും സെബി നിരീക്ഷിച്ചു. ആരോപണങ്ങള്‍ തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ലഭ്യമല്ലെന്ന് വ്യക്തമാക്കിയാണ് സെബി അംഗം കമലേഷ് ചന്ദ്ര വര്‍ഷനെ ഉത്തരവ് പുറപ്പെടുവിച്ചത്.
ഷെല്‍ കമ്പനികള്‍ വഴി വിപണിയില്‍ കൃത്രിമം നടത്തുകയും ഓഹരികളുടെ വില വര്‍ദ്ധിപ്പിച്ച് കാണിക്കുകയും ചെയ്‌തെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പ്രധാനമായും ഉന്നയിച്ച ആരോപണം. 2021 ജനുവരിയില്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍, അഡികോര്‍പ് എന്റര്‍പ്രൈസസ്, മൈല്‍സ്റ്റോണ്‍ ട്രേഡ് ലിങ്ക്‌സ്, റെഹ്വര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ കമ്പനികള്‍ അദാനി ഗ്രൂപ്പ് കമ്പനികളിലേക്ക് പണം കൈമാറാന്‍ ഉപയോഗിച്ചതായും ഇത് വഴി നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചതായും ആരോപിച്ചിരുന്നു. തുടര്‍ന്ന്, 2023-ല്‍ ഓഹരികളില്‍ കൃത്രിമം കാട്ടുക, നികുതി വെട്ടിപ്പ് നടത്തുക, ഓഹരി വില വര്‍ദ്ധിപ്പിച്ചു കാണിക്കുക തുടങ്ങിയ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ അദാനിയുടെ സമ്പത്തില്‍ 100 ബില്യണ്‍ ഡോളറിന്റെ വര്‍ധനയുണ്ടായെന്നും ഇത് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച് നേടിയെടുത്തതാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് സെബി നടത്തിയ അന്വേഷണത്തില്‍ കമ്പനി യാതൊരു നിയമലംഘനവും നടത്തിയിട്ടില്ലെന്ന് കണ്ടെത്തി. റിപ്പോര്‍ട്ടില്‍ പറയുന്ന സമയത്തെ ഇടപാടുകള്‍ അദാനിയുമായി ബന്ധപ്പെട്ടതല്ലെന്നും 2021-ലെ ഭേദഗതിക്ക് ശേഷമുള്ള ഇടപാടുകള്‍ മാത്രമേ പരിഗണിക്കാനാകൂ എന്നും സെബി ഉത്തരവില്‍ വ്യക്തമാക്കി. സംശയാസ്പദമെന്ന് ഹിന്‍ഡന്‍ബര്‍ഗ് ചൂണ്ടിക്കാട്ടിയ വായ്പകള്‍ പലിശ സഹിതം തിരികെ അടച്ചിട്ടുണ്ടെന്നും ഒരു ഫണ്ടും വകമാറ്റി ചെലവഴിച്ചിട്ടില്ലെന്നും സെബി റെഗുലേറ്റര്‍ കണ്ടെത്തി. അതിനാല്‍, തട്ടിപ്പോ അധാര്‍മികമായ വ്യാപാരമോ നടന്നിട്ടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതോടെ അദാനി ഗ്രൂപ്പിനെതിരെയുള്ള എല്ലാ നടപടികളും അവസാനിപ്പിക്കും.