- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വിവാഹം കഴിച്ചതോടെ ആണ്‍സുഹൃത്തിനോട് അകലം പാലിച്ചു; എന്നിട്ടും സ്വര്‍ണക്കടത്തില്‍ ഇരുവരും ബന്ധം പുലര്‍ത്തി; ബെംഗളൂരു സ്വര്‍ണക്കടത്ത് കേസില്‍ രന്യയുടെ സുഹൃത്തും പിടിയില്‍; കേസ് സിഐഡി വിഭാഗവും അന്വേഷിക്കും
സ്വര്‍ണക്കടത്ത് കേസില്‍ രന്യയുടെ സുഹൃത്തും പിടിയില്‍
ബെംഗളൂരു: കന്നഡ നടി രന്യ റാവു പ്രതിയായ സ്വര്‍ണ്ണക്കടത്ത് കേസില്‍ സുഹൃത്തും കര്‍ണാടകയിലെ ഹോട്ടല്‍ ഉടമയുടെ കൊച്ചുമകനുമായ തരുണ്‍ രാജിനെ ഡിആര്‍ഐ അറസ്റ്റ് ചെയ്തു. രന്യയുടെ സ്വര്‍ണക്കടത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് ഡിആര്‍ഐ വൃത്തങ്ങള്‍ പറയുന്നത്. തരുണ്‍ രാജുവും രന്യ റാവുവും അടുത്ത സുഹൃത്തുക്കളാണെന്നും വിദേശ രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണം കടത്തുന്നതില്‍ ഇരുവരും പങ്കാളികളാണെന്നുമാണ് ഡിആര്‍ഐ സംശയിക്കുന്നത്.
രന്യക്കൊപ്പം തരുണ്‍ രാജ് വിദേശ യാത്രകള്‍ നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡല്‍ഹിയില്‍ നിന്നാണ് ഇയാളെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) കസ്റ്റഡിയിലെടുത്തത്. രന്യ വിവാഹം കഴിച്ചതോടെ അവരുടെ സൗഹൃദം മുറിഞ്ഞെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സ്വര്‍ണക്കടത്തില്‍ ഇരുവരും ബന്ധം പുലര്‍ത്തിയിരുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ദുബായില്‍ നിന്ന് സ്വര്‍ണം കടത്തുന്നതിനിടെ രന്യ തരുണുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് തരുണിന്റെ അറസ്റ്റിലേക്ക് നയിച്ച പ്രധാന തെളിവ്.
അതേ സമയം സ്വര്‍ണക്കടത്ത് കേസ് കര്‍ണാടക സര്‍ക്കാരിന്റെ സിഐഡി വിഭാഗം അന്വേഷിക്കും. സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രോട്ടോക്കോള്‍ ലംഘനമാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ടമെന്റ് അന്വേഷിക്കുക. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ഒരാഴ്ചയ്ക്കകം സംഘം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കേസില്‍ രന്യ റാവുവിന്റെ രണ്ടാനച്ഛനും ഡിജിപിയുമായ രാമചന്ദ്ര റാവു ഐപിഎസും, പൊലീസ് കോണ്‍സ്റ്റബിള്‍ ബസവരാജും ആരോപണ വിധേയരായ സാഹചര്യത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഡിജിപിയുടെ മകളെന്ന് അവകാശപ്പെട്ട് ഗ്രീന്‍ ചാനല്‍ വഴി നിരവധി തവണ രന്യ വിദേശ യാത്ര നടത്തിയതായി കണ്ടെത്തിയിരുന്നു. രന്യയുടെ പെട്ടികള്‍ കൈകാര്യം ചെയ്യാന്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ബസവരാജ് വിമാനത്താവളത്തില്‍ സ്ഥിരമായി എത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട് . ഇരുവരും അധികാര ദുര്‍വിനിയോഗം നടത്തിയോ എന്നാണ് സിഐഡി സംഘം അന്വേഷിക്കുക.
നേരത്തെ കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തതിന് പിറകെ കേസില്‍ കര്‍ണാടകയിലെ ബിജെപി-കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സിദ്ധരാമയ്യ സര്‍ക്കാര്‍ സിഐഡി അന്വേഷണം പ്രഖ്യാപിച്ചത്. രന്യക്ക് പിന്നില്‍ രാജ്യാന്തര ബന്ധമുളള സ്വര്‍ണ കടത്ത് സംഘം ഉണ്ടെന്നാണ് ഡിആര്‍ഐക്ക് ലഭിച്ച വിവരം.
രന്യക്ക് വിമാനത്താവളത്തില്‍ വിഐപി പരിഗണനകള്‍ ഒരുക്കിയതില്‍ രണ്ടാനച്ഛനും ഡിജിപി റാങ്കിലുള്ള ഐപിഎസ് ഓഫീസറുമായ കെ.രാമചന്ദ്ര റാവുവിന്റെ പങ്കാണ് കര്‍ണാടക സര്‍ക്കാര്‍ ഇപ്പോള്‍ അന്വേഷിക്കുന്നത്. കര്‍ണാടക സ്റ്റേറ്റ് പോലീസ് ഹൗസിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടര്‍ എന്ന നിലയിലുള്ള തന്റെ രണ്ടാനച്ഛന്റെ പേരും സ്ഥാനവും രന്യ റാവു ഉപയോഗിച്ചതായി ആരോപണമുയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെ.രാമചന്ദ്ര റാവുവിന്റെ പങ്ക് അന്വേഷിക്കുന്നതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയെ ആണ് കര്‍ണാടക സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഉടന്‍ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം അന്തിമ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
രന്യ റാവു സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണി മാത്രമെന്ന് റവന്യു ഇന്റലിജന്‍സിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്തിനായി 30 തവണ രന്യ ദുബായ് യാത്ര നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഓരോ യാത്രയ്ക്കും അഞ്ച് ലക്ഷം രൂപ മുതല്‍ സ്വര്‍ണത്തിന്റെ അളവനുസരിച്ച് കമ്മീഷന്‍ പറ്റിയായിരുന്നു രന്യ പ്രവര്‍ത്തിച്ചിരുന്നത്. രണ്ടാനച്ഛനും കര്‍ണാടക ഡിജിപിയുമായ രാമചന്ദ്ര റാവു ഐപിഎസിന്റെ പേര് പറഞ്ഞ് ഗ്രീന്‍ ചാനല്‍ വഴി ആയിരുന്നു ഇതുവരെ സുരക്ഷാ പരിശോധന ഇല്ലാതെ നടി വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടന്നിരുന്നത്.
ബസവരാജ് എന്ന പൊലീസ് കോണ്‍സ്റ്റബിള്‍ നടിയുടെ പെട്ടികള്‍ വിമാനത്താവളത്തില്‍ കൈകാര്യം ചെയ്യാന്‍ എത്തിയിരുന്നതായും ഡിആര്‍ഐ വൃത്തങ്ങള്‍ അറിയിച്ചു. ഡിജിപി രാമചന്ദ്ര റാവുവിന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടോയെന്ന കാര്യം അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. രാമചന്ദ്ര റാവുവിന്റെ ട്രാക് റെക്കോര്‍ഡ് ഡിആര്‍ഐ പരിശോധിക്കും. 14.8 കിലോഗ്രാം സ്വര്‍ണവുമായി രന്യ കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായത്. രന്യയുടെ ബെംഗളൂരു ലാവല്ലേ റോഡിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഡിആര്‍ഐ സംഘം അഞ്ച് കോടി രൂപയുടെ സ്വര്‍ണവും പണവും കണ്ടെടുത്തിരുന്നു.