കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തില്‍ പതിവ് പോലും ഏറ്റവും ഇരകളാക്കപ്പെടുന്നത് സ്ത്രീകള്‍ തന്നെയാണ്. സ്ത്രീകള്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കവിയാത്ത താലിബാന്‍ ഭരണകൂടം പെണ്‍കുട്ടികള്‍ നിര്‍ബന്ധമായും മതപാഠശാലകളില്‍ പോകണം എന്ന കര്‍ശന നിര്‍ദ്ദേശമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. 2021 ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ വീണ്ടും അധികാരത്തില്‍ വന്ന സമയത്ത് ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സ്ത്രീകള്‍ പോലും ഇപ്പോള്‍ മതപാഠശാലകളില്‍ പഠിക്കാന്‍ പോകുകയാണ്.

ശരീരം മൊത്തമായി മൂടുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചു വേണം പെണ്‍കുട്ടികള്‍ ഇവിടെ പഠിക്കാന്‍ വരേണ്ടത്. ഇവിടെ പഠിക്കുന്നതിനായി സര്‍ക്കാരില്‍ നിന്ന് അവര്‍ക്ക് ചെറിയ തോതിലുള്ള അലവന്‍സും ലഭിക്കുന്നുണ്ട്്. ആയിരം അഫ്ഗാന്‍ രൂപയാണ് അലവന്‍സ്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ഗാര്‍ഡിയന്‍ നടത്തിയ ഒരു പഠനത്തില്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ലഭ്യമായ ഏക വിദ്യാഭ്യാസ ഓപ്ഷനായി മതപഠനത്തെ മാറ്റിയത് താലിബാന്റെ ബോധപൂര്‍വമായ നീക്കമാണ് എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്.

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സ്ത്രീകളെയും പെണ്‍കുട്ടികളെയും സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും തുടര്‍ വിദ്യാഭ്യാസത്തില്‍ നിന്നും താലിബന്‍ സര്‍ക്കാര്‍ ഒഴിവാക്കിയത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ അഫ്ഗാനിസ്ഥാനിലുടനീളം 21,000-ത്തിലധികം ഇസ്ലാമിക മതപാഠശാലകള്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2024 സെപ്റ്റംബറിനും 2025 ഫെബ്രുവരിക്കും ഇടയില്‍, 11 പ്രവിശ്യകളിലായി താലിബാന്‍ ഏകദേശം 50 പുതിയ മതപാഠശാലകള്‍ നിര്‍മ്മിക്കുകയോ സ്ഥാപിക്കുകയോ ചെയ്തു. പള്ളിയിലോ അവരുടെ വീടുകളിലോ മുല്ലമാരാണ് സ്‌കൂളുകള്‍ നടത്തുന്നത്. ഇതിനായി അവര്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്ന് ശമ്പളം ലഭിക്കുന്നു. സ്‌കൂളുകളില്‍ ജോലി ചെയ്യുന്നതിന്, മന്ത്രാലയം 21,300 മുന്‍ മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്.

ഇത് അവരെ സര്‍വകലാശാലകളില്‍ ഹൈസ്‌കൂള്‍, ബിരുദ അല്ലെങ്കില്‍ ബിരുദാനന്തര തലങ്ങളില്‍ പോലും പഠിപ്പിക്കാന്‍ അനുവദിക്കുന്നു. പെണ്‍കുട്ടികളെ സെക്കന്‍ഡറി വിദ്യാഭ്യാസത്തില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ കുടുംബങ്ങള്‍ക്ക് കുറച്ച് ബദല്‍ വിദ്യാഭ്യാസ സംവിധാനങ്ങള്‍

മാത്രമേ അവശേഷിക്കുന്നുള്ളൂ. മതപഠന ശാലകളില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് കൂടുതല്‍ ഉയര്‍ന്ന ശമ്പളം ലഭിക്കുന്നു.

അതേസമയം, യൂണിവേഴ്സിറ്റി ബിരുദങ്ങളുള്ള പരിചയസമ്പന്നരായ അധ്യാപകരെ പഠിപ്പിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. അവരുടെ പകരക്കാര്‍ പലപ്പോഴും വിദ്യാഭ്യാസ പരിശീലനം ഇല്ലാത്ത മുന്‍ മദ്രസ വിദ്യാര്‍ത്ഥികളാണ്. ഇവിടുത്തെ പാഠപുസ്തകങ്ങള്‍ പ്രധാനമായും പാക്കിസ്ഥാനില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.