കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ സിപിഎമ്മിന് ഷോക്ക് ട്രീറ്റ്മെന്റ്. അരനൂറ്റണ്ട് കാലത്തോളം ഇടതുപക്ഷം ഭരണം നടത്തിയ കോര്‍പ്പറേഷനില്‍ ഇത്തവണ ആര്‍ക്കും ഭൂരിപക്ഷമില്ല. വര്‍ഷങ്ങളായി തങ്ങള്‍ ഭരിക്കുന്ന ഒരു ഡസനിലേറെ പഞ്ചായത്തുകളാണ് ഇത്തവണ നഷ്ടമായത്. ഒപ്പം ജില്ലാ പഞ്ചായത്തിലെയും ഭരണം പോയി. ആകെയുള്ള ഏഴ് നഗരസഭകളില്‍ നാലിടത്ത് ജയിച്ച് കഴിഞ്ഞ തവണ മുന്നിട്ട് നിന്ന യുഡിഎഫിന് ഇത്തവണയും നാല് നഗരസഭകള്‍ നിലനിര്‍ത്താനായി. ബ്ലോക്ക് പഞ്ചായത്തിലെ വിജയം മാത്രമാണ് ഇടതിന് ആശ്വാസമായിട്ടുള്ളത്.

നാണക്കേടായി മുസാഫറിന്റെ തോല്‍വി

കോഴിക്കോട് കോര്‍പ്പറേഷനില്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് സിപിഎം നേരിട്ടത്. കഴിഞ്ഞ തവണയുള്ള 50 സീറ്റില്‍ നിന്ന് ഇത്തവണ 34-ലേക്ക് ഇടതുമുന്നണി കൂപ്പുകുത്തി. അതേസമയം, ബിജെപി വമ്പിച്ച മുന്നേറ്റം നടത്തി. 2020-ലെ ഏഴ് സീറ്റില്‍ നിന്ന് 13 സീറ്റിലേക്ക് ഉയര്‍ത്താന്‍ ബിജെപിക്കായി. 2020-ല്‍ 17 സീറ്റ് മാത്രമുണ്ടായിരുന്ന യുഡിഎഫിന് സീറ്റ് നില 28-ലേക്ക് ഉയര്‍ത്താനും കഴിഞ്ഞു.ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുമെന്ന് സിപിഎം അഹങ്കരിച്ചിരുന്ന വാര്‍ഡയായിരുന്നു കോഴിക്കോട് പൊറ്റമ്മലിലേത്. 47 വര്‍ഷമായി അവര്‍ ജയിക്കുന്നു. കോഴിക്കോട് മേയര്‍ ബീനാഫിലിപ്പിന്റെ വാര്‍ഡില്‍ അട്ടിമറി വിജയം നേടിയത് ബിജെപി സ്ഥാനാര്‍ഥി ടി. രനീഷാണ്്. കൃത്യമായി സിപിഎമ്മിന്റെ വോട്ട് ബിജെപി പിടിക്കുന്നു എന്നതിന്റെ സൂചനയാണിത്.

ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫിര്‍ അഹമ്മദിന്റെ മീഞ്ചന്ത ഡിവിഷന്‍ നഷ്ടമായത് വലിയ നാണക്കേടായി. ആദ്യം കണ്ടുവെച്ച കോട്ടൂളി വാര്‍ഡില്‍ നിന്ന് വിമത ഭീഷണി മൂലം മാറി മുസാഫിറിന് മാറേണ്ടിവന്നു. എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയും മുസാഫിര്‍ ആയിരുന്നു. മീഞ്ചന്ത വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ എസ്.കെ.അബൂബക്കറാണ് സിപിഎമ്മിന്റെ മുസാഫിര്‍ അഹമ്മദിനെ 271 വോട്ടിനു തോല്‍പ്പിച്ചത്. അബൂബക്കര്‍ 2432 വോട്ടും മുസാഫിര്‍ 2161 വോട്ടും നേടിയപ്പോള്‍ മൂന്നാം സ്ഥാനത്തെത്തിയ ബിജെ.പിക്ക് ഷിജു 787 വോട്ട് നേടി.

കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുമെന്ന് സിപിഎം അഹങ്കരിച്ചിരുന്ന പൊറ്റമ്മലല്‍ ബിജെപി പിടിച്ചതാണ് ഇടതു കേന്ദ്രങ്ങളെ ഞെട്ടിച്ചത്. കഴിഞ്ഞ തവണ മേയര്‍ ബീന ഫിലിപ് 652 വോട്ടിനു ജയിച്ച വാര്‍ഡില്‍ എല്‍ഡിഎഫിന്റെ അങ്കത്തില്‍ അജയ്കുമാറിനെ 168 വോട്ടിനു പരാജയപ്പെടുത്തിയാണ് എന്‍ഡിഎ യുടെ ടി രനീഷ് വിജയിച്ചത്. രനീഷ് 1425 വോട്ടും സിപിഎമ്മിന്റെ അങ്കത്തില്‍ അജയ് കുമാര്‍ 1257വോട്ടും നേടിയപ്പോള്‍ മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന്റെ തൂവ്വശ്ശേരി ദിനേശന് 885 വോട്ടാണ് ലഭിച്ചത്.

അതേമസയം, കോഴിക്കോട് കോര്‍പ്പറേഷനില്‍ യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയായി കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചു, പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.എം.നിയാസ് പാറോപ്പടിയില്‍ തോറ്റു. പാറോപ്പടി വാര്‍ഡില്‍ ബിജെപിയുടെ ഹരീഷ് പൊറ്റങ്ങാടിയാണ് 260 വോട്ടിനു പി.എം.നിയാസിനെ തോല്‍പ്പിച്ചത്. ഹരീഷ് പൊറ്റങ്ങാടി 1548 വോട്ടും പി.എം.നിയാസ് 1288 വോട്ടും നേടി. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച കേരള കോണ്‍ഗ്രസ് എമ്മിലെ സിറിയക് മാത്യു 1024 വോട്ടോടെ മൂന്നാം സ്ഥാനത്തായി.

മുന്നണികള്‍ക്കിടയില്‍ സ്ഥാനാര്‍ഥിനിര്‍ണയംതൊട്ട് ആശയക്കുഴപ്പവും അഭിപ്രായവ്യത്യാസവുമെല്ലാം ഉണ്ടായിരുന്നു. യുഡിഎഫ് മേയര്‍സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയ വി.എം. വിനുവിന് വോട്ടില്ലാത്തതിനാല്‍ മത്സരിക്കാന്‍പറ്റാത്തത് ആദ്യംതന്നെ തിരിച്ചടിയായി. കോണ്‍ഗ്രസ് കൗണ്‍സിലര്‍ അല്‍ഫോന്‍സ മാത്യു കോണ്‍ഗ്രസ് വിട്ട് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന് മത്സരരംഗത്തിറങ്ങി. മാവൂര്‍ റോഡ് ഡിവിഷനില്‍ നിന്ന് എ എ പി ടിക്കറ്റില്‍ മത്സരിച്ചെങ്കിലും തോറ്റു. ഇവിടെ ബിജെപി സ്ഥാനാര്‍ഥി ശ്രീജ സി നായരാണ് വിജയിച്ചത്.

സീറ്റ് നിഷേധിക്കപ്പെട്ടതിനാല്‍ ലീഗില്‍നിന്നുള്ള കൗണ്‍സിലര്‍ കെ. റംലത്ത് രാജിവെച്ച് ആര്‍ജെഡിയില്‍ ചേര്‍ന്നാണ് മത്സരിച്ചത്. മൂന്നാലിങ്കല്‍ ഡിവിഷനില്‍ നിന്നും മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി സഫറി വെള്ളയിലാണ് വിജയിച്ചത്.2020-ല്‍ രണ്ടു സീറ്റുകള്‍ വീതമുണ്ടായിരുന്ന സിപിഐ ഇത്തവണ അത് നിലനിര്‍ത്തിയപ്പോള്‍ ആര്‍ജെഡിക്ക് വിജയിക്കാനായില്ല.

12 പഞ്ചായത്തുകള്‍ ഇടതിന് നഷ്ടം

ആകെയുള്ള ഏഴ് നഗരസഭകളില്‍ നാലിടത്ത് ജയിച്ച് കഴിഞ്ഞ തവണ മുന്നിട്ട് നിന്ന യുഡിഎഫിന് ഇത്തവണയും നാല് നഗരസഭകള്‍ നിലനിര്‍ത്താനായി. കൊടുവള്ളി, ഫറോക്ക്, പയ്യോളി, രാമനാട്ടുകര നഗരസഭകള്‍ യുഡിഎഫ് നിലനിര്‍ത്തിയപ്പോള്‍ വടകര, മുക്കം, കൊയിലാണ്ടി നഗരസഭകള്‍ എല്‍ഡിഎഫ് നില നിര്‍ത്തി. ഇതില്‍ ഏറ്റവും ശ്രദ്ധേയമാണ് മുക്കം നഗരസഭ. കഴിഞ്ഞ തവണ ലീഗ് വിമതന്റെ പിന്തുണയോടെയാണ് അഞ്ച് വര്‍ഷക്കാലം എല്‍ഡിഎഫ് മുക്കം നഗരസഭ ഭരിച്ചതെങ്കില്‍ ഇത്തവണ അവര്‍ക്ക് സ്വന്തമായി ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചു. ആകെയുള്ള 34 ഡിവിഷനുകളില്‍ 18 ഇടത്താണ് എല്‍ഡിഎഫ് വിജയിച്ചത്. 11 ഇടത്ത് യുഡിഎഫും ഒരിടത്ത് എന്‍ഡിഎയും നാലിടത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയും വിജയിച്ചു. വെല്‍ഫയര്‍ പാര്‍ട്ടിക്കും ഫലത്തില്‍ ആശ്വാസമാണ് ഈ ഫലം.

ആകെയുള്ള 12 ബ്ലോക്ക് പഞ്ചായത്തില്‍ എട്ടെണ്ണം എല്‍ഡിഎഫ് നേടി. ചേളന്നൂര്‍, കോഴിക്കോട്, കുന്നുമ്മല്‍, മേലടി, പന്തലായനി, തോടന്നൂര്‍, തൂണേരി, വടകര ബ്ലോക്കുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. രണ്ട് ബ്ലോക്കിലേ യുഡിഎഫിന് വിജയിക്കാനായുള്ളൂ. കൊടുവള്ളി, കുന്ദമംഗലം ബ്ലോക്കിലാണ് യുഡിഎഫ് വിജയിച്ചത്. അതേസമയം പേരാമ്പ്രയിലും ബാലുശ്ശേരിയിലും ആര്‍ക്കും ഭൂരിപക്ഷമില്ലാതായി മാറി. കഴിഞ്ഞതവണ 12 ല്‍ 10 എണ്ണമായിരുന്നു എല്‍.ഡി.എഫ്. നേടിയത്. കൊടുവള്ളി, കുന്ദമംഗലം ബ്ലോക്കിലാണ് യുഡിഎഫ് വിജയിച്ചത്.

2020 ല്‍- 43 പഞ്ചായത്തില്‍ ജയിച്ച എല്‍ഡിഎഫ് ആകെയുള്ള 70 പഞ്ചായത്തുകളില്‍ ഇത്തവണ 27 ഇടത്താണ് വിജയിച്ചത്. എന്നാല്‍ യു.ഡി.എഫിന് 39 പഞ്ചായത്തില്‍ വിജയിക്കാനായി. കഴിഞ്ഞ തവണ 27 ഇടത്താണ് അവര്‍ വിജയിച്ചിരുന്നുത്. 12 പഞ്ചായത്തുകള്‍ അധികം നേടാനായി. ബി.ജെ.പി.ക്ക് പഞ്ചായത്തില്‍ എവിടേയും മുന്‍തൂക്കമുണ്ടായിരുന്നില്ല. പേരാമ്പ്ര, ബാലുശ്ശേരി, തളക്കുളത്തൂര്‍, കായക്കൊടി, കുരുവട്ടൂര്‍, മണിയൂര്‍ പോലുള്ള പഞ്ചായത്തുകള്‍ എല്‍ഡിഎഫിന് നഷ്ടമായത് വലിയ നാണക്കേടായി. പക്ഷേ അത്തോളി, കാരശ്ശേരി, അഴിയൂര്‍, എന്നീ പഞ്ചായത്തുകള്‍ തിരിച്ചുപിടക്കാനും ഇടതിനായി. ഒഞ്ചിയത്തും ഏറാമലയിലും ആര്‍എംപി കരുത്ത് തെളിയിച്ചു.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് രൂപവത്കരിച്ചതുമുതലുള്ള ഇടത് ആധിപത്യത്തിനും ഇത്തവണ തിരിച്ചടി കിട്ടി. 2020-ല്‍ ആകെയുള്ള 27 സീറ്റില്‍ 18 സീറ്റായിരുന്നു എല്‍ഡിഎഫ് നേടിത്. ഇത്തവണ വാര്‍ഡ് പുനര്‍നിരണയത്തോടെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ എണ്ണം 28 ആയി ഉയര്‍ന്നിരുന്നു. ഇതില്‍ 13 സീറ്റില്‍ മാത്രമേ എല്‍ഡിഎഫിന് വിജയിക്കാനായുള്ളൂ. 2020-ല്‍ 9 സീറ്റ് നേടിയ യുഡിഎഫ് ഇത്തവണ 15 സീറ്റ് നേടി വന്‍ മുന്നേറ്റം നടത്തി. ഒരു ഡിവിഷനില്‍ ആര്‍എംപിയും വിജയിച്ചു. അഴിയൂര്‍ ഡിവിഷനിലാണ് ആര്‍എംപി വിജയിച്ചത്. ഇതോടെ ജില്ലാപഞ്ചായത്തും എല്‍ഡിഎഫിന് നഷ്ടമായി. ചുരുക്കിപ്പറഞ്ഞാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് കോഴിക്കോട്ട് ഇടതുമുന്നണിക്ക് ഉണ്ടായിരിക്കുന്നത്.