കോഴിക്കോട്: പരാതിയില്ലെന്ന കാരണത്തിൽ പോക്സോ കേസ് അവസാനിപ്പിച്ച പോലീസ് നടപടിക്കെതിരെ കോടതിയുടെ സുപ്രധാന വിധി വന്നതിന് പിന്നാലെ അധ്യാപകനും, പ്രധാന അധ്യാപികയ്ക്കുമെതിരെ നടപടി. ഇവരെ സസ്‍പെൻഡ് ചെയ്തിരിക്കയുകയാണ്. അഞ്ചാംക്ലാസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെതിരെ പരാതി ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്നായിരുന്നു എഇഒക്കെതിരായ പരാതി. എഇഒ പോക്സോ ആക്ട് സെക്ഷന്‍ 21 നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസർക്കെതിരെ നാളിതുവരെ ഒരു നടപടിയും സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിനായിട്ടില്ല.

സ്‌കൂൾ മാനേജർ നൽകിയ ഹർജിയിലായിരുന്നു കോഴിക്കോട് പോക്‌സോ കോടതിയുടെ സുപ്രധാന വിധി. വിദ്യാർത്ഥിക്കെതിരായ പീഡന കേസ് അവസാനിപ്പിച്ച പോലീസ് നടപടിയിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ഒന്നാം പ്രതിയായ അധ്യാപകനും രണ്ടാം പ്രതിയായ പ്രധാനാധ്യാപികയ്ക്കും മൂന്നാം പ്രതി എഇഒയ്ക്കും ഹാജരാകാന്‍ കോടതി നോട്ടീസ് അയച്ചിരുന്നു. ഭരണാനുകൂല സംഘടനയിൽപ്പെട്ട അധ്യാപകനെതിരെയുള്ള പരാതി സമ്മര്‍ദത്തെത്തുടര്‍ന്ന് പോലീസ് അവസാനിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സ്‌കൂൾ മാനേജർ നൽകിയ ഹർജിയിലാണ് കോടതി വിധി. 2024ലാണ് അധ്യാപകനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. മതിയായ അന്വേഷണം ഇല്ലാതെയാണ് പോലീസ് കേസ് അവസാനിപ്പിച്ചതെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.

അദ്ധ്യാപകൻ വിദ്യാർത്ഥിയോട് ലൈംഗികമായി പെരുമാറിയയെന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണെന്നും കോടതി അവകാശപ്പെട്ടു. അധ്യാപകനെതിരെ പോക്‌സോ നിലനിൽക്കുന്നതായായും അഡിഷണൽ സെഷൻസ് കോടതിയുടെ ഉത്തരവിൽ പറയുന്നു. 2023ലാണ് കേസിനാസ്പദമായ സംഭവം. ഓഫീസ് മുറിയിൽ വെച്ചാണ് അധ്യാപകൻ വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിക്കുന്നത്. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമ്പോഴാണ് വിദ്യാർഥിനിക്കെതിരായ പീഡന വിവരം പുറത്ത് വരുന്നത്. തുടർന്ന് അധ്യാപകനെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും മാനേജർ ആവശ്യപ്പെട്ടിരുന്നു. സംഭവം പോലീസിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും പോലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല.

അക്രമത്തിന് ഇരയായ കുട്ടിക്കോ മാതാപിതാക്കൾക്കോ പരാതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് കേസ് എടുക്കാൻ വിസ്സമ്മതിച്ചത്. കുട്ടിയോട് വാത്സല്യത്തോടെയാണ് പെരുമാറിയതെന്നായിരുന്നു അധ്യാപകന്റെ വിശദീകരണം. സ്‌കൂൾ മാനേജരുടെ നിർദേശ പ്രകാരം പ്രധാനാധ്യാപിക നൽകിയ റിപ്പോർട്ടും അദ്ധ്യാപകന് അനുകൂലമായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കണ്ടിട്ടും സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്യാൻ പ്രധാനാധ്യാപിക വിസമ്മതിച്ചതായും ആരോപണമുണ്ട്. സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷമായിരുന്നു അധ്യാപകനെ പ്രതിയാക്കി പോലീസ് എഫ്ഐആറിട്ടത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വകുപ്പ്തല അന്വേഷണം നടത്തണമെന്ന് അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസർ, പൊതുവിദ്യാഭ്യാസ വകുപ്പ് വിജിലൻസ് തുടങ്ങി നിരവധി വകുപ്പുകൾക്ക് പരാതി നൽകിയെങ്കിലും അധ്യാപകനെതിരെ ഒരു നടപടിയും ഉണ്ടായില്ല.

കൂടാതെ അധ്യാപക സംഘടനയിൽ അംഗമായിരുന്നു ആരോപണ വിധേയനെ കേസിൽ നിന്നും സംരക്ഷിക്കാൻ സംഘടന പ്രവർത്തകർ ഇരയുടെ മാതാപിതാക്കളെ സമീപിച്ചതായും ആരോപണമുണ്ട്. പൊലീസ് നല്‍കിയ അന്തിമ റിപ്പോര്‍ട്ടിനെതിരെ പരാതിക്കാരന്‍ പോക്സോ കോടതിയെ സമീപിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും കോടതിയില്‍ സമര്‍പ്പിച്ചു. പൊലീസിന്‍റെ ഫൈനല്‍ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഒന്നാം പ്രതിയായ എല്‍പി സ്കൂള്‍ അധ്യാപകനെതിരെ പോക്സോ ആക്ട് ഏഴ്, എട്ട് സെക്ഷനുകളും, രണ്ടാം പ്രതി പ്രധാനാധ്യാപിക, മൂന്നാം പ്രതി അന്നത്തെ എഇഒ എന്നിവര്‍ക്കെതിരെ പോക്സോ ആക്ട് സെക്ഷന്‍ 21 നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.