- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാര്‍ഥി സമൂഹത്തിലുള്ളത് ഗുണ്ടാ സംഘടനാ ഇമേജ്! തിരിച്ചടി തുടങ്ങിയതോടെ പ്രതിച്ഛായ നന്നാക്കാന്‍ എസ്.എഫ്.ഐ; റാഗിങ് വിരുദ്ധപ്രചാരണം മുഖ്യവിഷയമാക്കും
കൊല്ലം: സിദ്ധാര്ഥന് വിഷയത്തില്‍ എസ്എഫ്ഐക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങളും ആക്ഷേപങ്ങളും പൊതുതിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വന്‍ തിരിച്ചടിയാണ് സമ്മാനിച്ചത്. ഇത് കൂടാതെ കാമ്പസുകളില്‍ എസ്എഫ്ഐ നടത്തുന്ന ഗുണ്ടായിസങ്ങള്‍ സംഘടനയുടെ പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കി. ഇതോടെ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളില്‍ കൂടി തിരിച്ചടികള്‍ സംഘടനയെ തേടി എത്തിയിട്ടുണ്ട്. ഇതോടെ പ്രതിച്ഛായ വീണ്ടെടുക്കാന്‍ തയ്യാറെടുപ്പുകളുമായി രംഗത്തുവരികയാണ് എസ്എഫ്ഐ. അതിനായി സംഘടന തിരഞ്ഞെടുത്തിരിക്കുന്നത് റാഗിങ് വിഷയമാണ്.
സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. പുതിയ അധ്യയനവര്‍ഷത്തില്‍ കലാലയങ്ങളില്‍ റാഗിങ്ങിനെതിരേ കര്‍ശന നിലപാടുമായി മുന്നോട്ടുപോകാനാണ് തീരുമാനം. സംഘടനയുടെ അംഗത്വവിതരണ പ്രചാരണ പരിപാടികള്‍ വിദ്യാര്‍ഥികളോട് സംവദിക്കാനുള്ള അവസരമാക്കും.
വര്‍ഗീയത, അധിനിവേശം എന്നിവയ്ക്കെതിരേ പ്രചാരണം ശക്തമാക്കും. ദേശീയ-ആഗോള രാഷ്ട്രീയ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാകും പ്രവര്‍ത്തനങ്ങള്‍. അക്രമികളാണെന്ന ആരോപണം മറികടക്കാന്‍ സംഘടനയ്ക്കുവേണ്ടി രക്തസാക്ഷികളായവരെപ്പറ്റി വിദ്യാര്‍ഥികളെ ബോധവാന്മാരാക്കും. എല്ലാ കാംപസുകളിലും റാഗിങ് വിരുദ്ധ പരിപാടികള്‍ ഏറ്റെടുക്കും. വിദ്യാര്‍ഥികളുടെ യാത്രാനുകൂല്യമടക്കമുള്ള വിഷയങ്ങളില്‍ ശക്തമായി ഇടപെട്ട് സംഘടനയ്ക്കുണ്ടായ മോശം പ്രതിച്ഛായ മാറ്റിയെടുക്കും.
നിലവില്‍ സംഘടന നടത്തുന്നതും ഏറ്റെടുക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികളിലേക്ക് എത്താതിരിക്കുന്ന അവസ്ഥയുണ്ട്. ആദിവാസിമേഖലകളിലും മറ്റും പതിനായിരക്കണക്കിന് കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണംചെയ്തു. വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉള്‍പ്പെടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സമരങ്ങളുമായി മുന്നോട്ടുപോയി. സര്‍വകലാശാലാ തിരഞ്ഞെടുപ്പുകളില്‍ ചിലയിടങ്ങളില്‍മാത്രം നേരിട്ട പരാജയം വലിയ വിഷയമാക്കിയെടുത്ത് സംഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം തുടരുന്നുണ്ട്. ഇതെല്ലാം മറികടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനനേതൃയോഗത്തില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
സംഘടനയെ ചിട്ടപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. ക്യാമ്പുകളിലൂടെയും ശില്പശാലകളിലൂടെയും വിദ്യാര്‍ഥികളെ വസ്തുതകള്‍ ധരിപ്പിക്കാന്‍ ശ്രമിക്കും. പ്രശ്നങ്ങളുണ്ടാകുമ്പോള്‍ വൈകാരികമായി പ്രതികരിച്ച് സംഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവരെ തിരുത്തും. സംഘടനയ്ക്കെതിരായ നീക്കങ്ങളെ പരമാവധി ശക്തി ഉപയോഗിച്ച് ചെറുക്കാനാണ് എസ്.എഫ്.ഐ.നേതൃത്വത്തിന്റെ ശ്രമം.
അടുത്ത കാലത്ത് ഇടതു മുന്നണിയില്‍ നിന്നു തന്നെ എസ്.എഫ്. ഐക്ക് വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. എസ് എഫ് ഐയ്ക്ക് ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമര്‍ശിച്ചിരുന്നു. എസ് എഫ് ഐക്കാര്‍ക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അര്‍ത്ഥവും, ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ആഴവും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എസ് എഫ് ഐയുടേത് ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്രയും പ്രാകൃതമായ സംസ്കാരം എസ് എഫ് ഐക്ക് നിരക്കുന്നതല്ലെന്നും ശൈലി തിരുത്തണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. എസ് എഫ് ഐയിലുള്ളവര്‍ പ്രസ്ഥാനത്തിന്റെ ചരിത്രം വായിക്കണമെന്നും അല്ലാത്തപക്ഷം ഇടതുപക്ഷത്തിന് ബാദ്ധ്യതയാകുമെന്നും അദ്ദേഹം വിമര്‍ശിച്ചു. തങ്ങളുടെ വഴി ഇതല്ലെന്ന് ബോദ്ധ്യമുണ്ടാകണം. നേരായ വഴിയിലേക്ക് നയിച്ച് ഇടതുപക്ഷത്തിന്റെ ശക്തിയാക്കി മാറ്റണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ഭാസ്കറിനെയും സ്റ്റാഫ് സെക്രട്ടറി കെ.പി.രമേശനെയും മര്‍ദ്ദിച്ച സംഭവത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകരായ നാല് വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ സംഭവത്തില്‍ വ്യാപക വിമര്‍ശനം സംഘടന നേരിടേണ്ടി വന്നിരുന്നു.