കൊച്ചി: കളമശ്ശേരിയിലെ കഞ്ചാവ് കേസില്‍ അറസ്റ്റിലായ എസ്എഫ്‌ഐ നേതാവിന് പിന്തുണയുമായി സംഘടന രംഗത്ത്. ആരോപണം കെഎസ്.യുവിലേക്ക് തിരിച്ചാണ് എസ്എഫ്‌ഐ സ്വന്തം നേതാവിന് സംരക്ഷണം ഒരുക്കിയത്. കഞ്ചാവ് പിടികൂടിയായ ആകാശിന് ഒപ്പം കെഎസ്‌യു പ്രവര്‍ത്തകനായ ആദില്‍ ഉണ്ടായിരുന്നു. പൊലീസിനെ കണ്ട് ഇറങ്ങിയോടിയ ആദില്‍ ഒളിവിലാണ്. കേസില്‍ അറസ്റ്റിലായ എസ്എഫ്‌ഐനേതാവും യൂണിയന്‍ സെക്രട്ടറിയുമായ അഭിരാജിന്റെ കൈയില്‍ നിന്ന് കഞ്ചാവ് പിടികൂടിയിട്ടില്ലെന്നും യൂണിയന്‍ അംഗങ്ങള്‍ക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നും എസ്എഫ്‌ഐ കളമശ്ശേരി ഏരിയ സെക്രട്ടറി ദേവരാജ് പറഞ്ഞു.

ഹോസ്റ്റല്‍ മുറിയില്‍ റെയ്ഡ് നടക്കുമ്പോള്‍ താന്‍ കോളേജിന് പുറത്തായിരുന്നുവെന്ന് അഭിരാജ് മാധ്യമങ്ങളോട് പറഞ്ഞു.തന്റെ മുറിയില്‍ പരിശോധന നടത്തിയത് അറിയില്ലായിരുന്നു. ഹോസ്റ്റലിലേക് എത്തിയപ്പോള്‍ പൊലീസ് കഞ്ചാവുമായി നില്‍ക്കുകയായിരുന്നുവെന്നും തന്റെ മുറിയില്‍ നിന്ന് ലഭിച്ചതാണെന്ന് പറഞ്ഞുവെന്നും അഭിരാജ് പറഞ്ഞു. യൂണിയന്‍ സെക്രട്ടറിയാണെന്ന് പറഞ്ഞപ്പോള്‍ പൊലീസ് തന്നെ ഭീഷണിപ്പെടുത്തിയെന്നും അഭിരാജ് പറഞ്ഞു.

ഇന്നലെ രാത്രിയാണ് എറണാകുളം കളമശേരി പോളിടെക്‌നിലെ ഹോസ്റ്റലില്‍ നിന്ന് രണ്ടു കിലോ കഞ്ചാവും മദ്യവും പിടികൂടിയത്. എസ്എഫ്‌ഐ യൂണിയന്‍ ജനറല്‍ സെക്രട്ടറി അഭിരാജ്, ആകാശ് എം, ആദിത്യന്‍ എന്നിവരാണ് അറസ്റ്റിലായത്. അഭിരാജിനെയും ആദിത്യനെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവും മദ്യവുമാണ് പിടിച്ചെടുത്തത്.

ഹോസ്റ്റലില്‍ പരസ്യമായി തന്നെ കഞ്ചാവ് വില്‍പ്പന നടക്കുന്നന്നെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന നടന്നത്. വിദ്യാര്‍ഥികള്‍ തന്നെ നല്‍കിയ രഹസ്യ വിവരത്തിന് പിന്നാലെയാണ് പരിശോധന നടന്നതെന്നാണ് വിവരം. കോളേജില്‍ ഇന്ന് നടക്കാനിക്കുന്ന ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് കോളേജില്‍ പണപ്പിരിവ് നടന്നിരുന്നു. 250 രൂപ മുതല്‍ 500 രൂപ വരെയായിരുന്നു പിരിവ് നടന്നത്. കഞ്ചാവ് ലഭിക്കുമെന്നും പറഞ്ഞിരുന്നു എന്നാണ് അറിയുന്നത്.

ഇതില്‍ കഞ്ചാവ് വേണ്ടവര്‍ 500 രൂപ വരെ നല്‍കണമായിരുന്നു. ഇക്കാര്യം വിദ്യാര്‍ഥികളില്‍ ചിലര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച വിവരം അറിഞ്ഞതോടെ പൊലീസ് വന്‍ സന്നാഹമായി എത്തി ഹോസ്റ്റലില്‍ റെയ്ഡ് നടത്തുകയായിരുന്നു.

മൂന്ന് പേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. ആലപ്പുഴ സ്വദേശി ആദിത്യന്‍ കൊല്ലം, കൊല്ലം സ്വദേശികളായ ആകാശ്, അഭിരാജ് എന്നിവരാണ് പിടിയിലായത്. ഇതില്‍ പിടിയിലായ അഭിരാജ് കോളേജ് യൂണിയന്‍ ഭാരവാഹിയാണ്. യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്. പിടിയിലായ ആദിത്യന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.

ആകാശിന്റെ പക്കല്‍ നിന്ന് 1.909 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ആദിത്യന്റെയും അഭിരാജിന്റെയും പക്കല്‍ നിന്ന് 9.9 ഗ്രാം വീതമാണ് കണ്ടെടുത്തത്. പിടികൂടിയ കഞ്ചാവിന്റെ അളവ് ഒരു കിലോയില്‍ കുറവായതിനാല്‍ ആദിത്യനും അഭിരാജിനും ജാമ്യം ലഭിച്ചു. അതേസമയം കളമശ്ശേരി പോളി ടെക്‌നിക് കോളജ് ഹോസ്റ്റലില്‍ നിന്ന് രണ്ട് കിലോ കഞ്ചാവും മദ്യവും പിടിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി പ്രിന്‍സിപ്പല്‍ അജുതോമസും രംഗത്തുവന്നു.

കോളജ് ഹോസ്റ്റലിലേക്ക് വേണ്ടിയായിരിക്കില്ല കഞ്ചാവ് കൊണ്ടുവന്നതെന്നും പുറത്ത് നിന്ന് കൊണ്ടുവന്നതാകാമെന്നും പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പറഞ്ഞു. '51 ഏക്കര്‍ സ്ഥലമാണ് ഇവിടെയുള്ളത്.ചുറ്റുമതിലും സെക്യൂരിറ്റിയുമുണ്ട്. എങ്കിലും പുറത്ത് നിന്ന് ആരെങ്കിലും കടന്നുവന്നോ എന്ന് പറയാന്‍ പറ്റില്ല. സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡന്മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും' പ്രിന്‍സിപ്പല്‍ പറഞ്ഞു.

'ആകെ 60 പേരാണ് ഹോസ്റ്റലിലുള്ളത്.അവരെല്ലാവരും കഞ്ചാവ് ഉപയോഗിക്കണമെന്നില്ല. സംഭവത്തില്‍ അക്കാദമിക് കൗണ്‍സില്‍ യോഗം ചേര്‍ന്ന് അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി എടുക്കും.പിടിയിലായവര്‍ മൂന്നാംവര്‍ഷ വിദ്യാര്‍ഥികളാണ്. അവരുടെ ഭാവിയെ ബാധിക്കാത്ത തരത്തിലായിരിക്കും നടപടിയെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.