- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംടെക് പാസാകാത്ത എസ്.എഫ്.ഐ നേതാവിന് പിഎച്ച്ഡി പ്രവേശനം; അനുമതി നല്‍കി വൈസ് ചാന്‍സലറുടെ പ്രത്യേക ഉത്തരവ്; പ്രവേശനം ലഭിച്ചത് തൃശൂര്‍ സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍; ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം
എംടെക് പാസാകാത്ത എസ്.എഫ്.ഐ നേതാവിന് പിഎച്ച്ഡി പ്രവേശനം
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റംഗവും, എസ്.എഫ്.ഐ നേതാവുമായ ആള്‍ക്ക് എംടെക് പരീക്ഷ പാസാകാതെ ചട്ടവിരുദ്ധമായി പ്രവേശന പരീക്ഷ എഴുതിച്ച് പി.എച്ച്.ഡിക്ക് പ്രവേശനം നല്‍കിയതായി പരാതി. എംടെക് പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ് ഒന്നാംസെമസ്റ്റര്‍ പരീക്ഷ പാസാകാതെയാണ് തൃശൂര്‍ ഗവ എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ നേതാവിന് പി.എച്ച്.ഡിക്ക് പ്രവേശനം നല്‍കിയത്. സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ ചുമതലയുണ്ടായിരുന്ന ഡോ:സജി ഗോപിനാഥിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പിഎച്ച്ഡി പ്രവേശന പരീക്ഷ എഴുതാന്‍ ചട്ടവിരുദ്ധമായി താല്‍ക്കാലിക അനുമതി നല്‍കുകയായിരുന്നു. ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി.
എംടെക് ഒന്നാം സെമസ്റ്റര്‍ പരീക്ഷ പാസായില്ലെന്ന വിവരം മറച്ചുവച്ച് സിന്‍ഡിക്കേറ്റ് അംഗമെന്ന സ്വാധീനം ഉപയോഗിച്ചാണ് പ്രവേശന പരീക്ഷ എഴുതാന്‍ സര്‍വകലാശാലയില്‍ നിന്ന് പ്രത്യേക അനുമതി നേടിയത്. അവസാന സെമസ്റ്റര്‍ പരീക്ഷയുള്‍പ്പെടെ എല്ലാ സെമസ്റ്ററും എഴുതി വിജയിച്ചവര്‍ക്കു മാത്രമാണ് പിഎച്ച്ഡി പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനും എഴുതാനും സര്‍വകലാശാല ചട്ടങ്ങളില്‍ വ്യവസ്ഥയുള്ളത്. അവസാന സെമസ്റ്ററിന്റെ പരീക്ഷഫലം ജൂലൈ 2024 ല്‍ പ്രസിദ്ധീകരിച്ചിരുന്നു. 2024 ഓഗസ്റ്റിലാണ് പ്രവേശനപരീക്ഷ നടന്നത്. ഒന്നാം സെമസ്റ്റര്‍ പാസ്സാകാതെ ക്രമവിരുദ്ധമായി പി.എച്ച്.ഡി പ്രവേശനം നേടിയശേഷം സര്‍വകലാശാല ഡോക്ടറല്‍ കമ്മിറ്റി കൂടുന്നതിനുമുന്‍പ് മാര്‍ക്ക്ലിസ്റ്റുകള്‍ പരിശോധിച്ചപ്പോഴാണ് പ്രവേശനപരീക്ഷ എഴുതുമ്പോഴും പ്രവേശനസമയത്തും എംടെക് പാസ്സായിട്ടില്ലെന്നും പ്രവേശന പരീക്ഷക്ക് അനുമതി നല്‍കിയതുതന്നെ ചട്ടവിരുദ്ധമായാണെന്നും റിസര്‍ച്ച് വിഭാഗം കണ്ടെത്തിയത്. തുടര്‍ന്ന് റിസര്‍ച്ച് ഡീനിനെ നേതാവ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
ഒന്നാം സെമസ്റ്റര്‍ പാസായിട്ടില്ലെന്നും ചട്ടവിരുദ്ധമായാണ് പ്രവേശന പരീക്ഷ എഴുതിയതെന്നുമുള്ള രേഖകള്‍ വൈസ് ചാന്‍സലര്‍ ഡോ.കെ. ശിവപ്രസാദിന് റിസര്‍ച്ച് ഡീന്‍ കൈമാറിയിട്ടുണ്ട്. ഇതിനിടെ രാഷ്ട്രീയ ഇടപെടല്‍മൂലം ഐ.എച്ച്.ആര്‍.ഡിയില്‍ നിന്നും ഡെപ്യൂട്ടേഷനിലെത്തിയ റിസര്‍ച്ച് ഡീനിനെ മാതൃവകുപ്പിലേക്ക് തിരിച്ചു വിളിച്ചു. എംടെക് പാസാകാത്ത എസ്എഫ്ഐ നേതാവിന് ചട്ടവിരുദ്ധമായി നല്‍കിയ പിഎച്ച്ഡി പ്രവേശനം റദ്ദാക്കണമെന്നും പ്രവേശനം നല്‍കിയ തൃശൂര്‍ ഗവ കോളേജ് പ്രിന്‍സിപ്പലിനെതിരെ നടപടി കൈകൊള്ളണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നിവേദനം നല്‍കി.