തിരുവനന്തപുരം: അദ്ധ്യാപകരെ ഗുരുക്കന്മാരായി കണ്ട് ആദരിച്ചിരുന്ന കാലമൊക്കെ പോയി. ഇപ്പോള്‍, ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് അദ്ധ്യാപകരെ വിദ്യാര്‍ഥികള്‍ കൈകാര്യം ചെയ്യുകയാണ്. ക്യാമ്പസില്‍ ബൈക്ക് കയറ്റിയത് ചോദ്യം ചെയ്ത അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ കയ്യേറ്റം ചെയ്ത സംഭവമാണ് ഒടുവിലത്തേത്. ചെമ്പഴന്തി എസ് എന്‍ കൊളജിലെ അധ്യാപകന്‍ ഡോ. ബൈജുവാണ് പരാതി നല്‍കിയത്. കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്ന് അധ്യാപകന്‍ പറഞ്ഞു. ഇടത് സംഘടനാ പ്രവര്‍ത്തകനാണ് അധ്യാപകന്‍.

ഒരു അധ്യാപകനും ഉണ്ടാകാന്‍ പാടില്ലാത്ത അനുഭവമാണ് നേരിട്ടതെന്നും ആ മാനസിക ആഘാതത്തില്‍ നിന്നും ഇപ്പോഴും പുറത്തു വന്നിട്ടില്ലെന്നും ഡോ. ബൈജു പറഞ്ഞു. നാല് പേരുമായി ഒരു ബൈക്കില്‍ ക്യാമ്പസില്‍ കയറിയതാണ് ചോദ്യംചെയ്തത്. രണ്ട് പേരോട് ഇറങ്ങാന്‍ പറഞ്ഞത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഇതിനു ശേഷം വിദ്യാര്‍ത്ഥികള്‍ മോശമായി സംസാരിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്‌തെന്ന് അധ്യാപകന്‍ പറഞ്ഞു. നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ വൈകുന്നേരമാണ് സംഭവം. അധ്യാപകന്‍ കാറില്‍ പുറത്തേക്ക് പോകവേയാണ് നാല് വിദ്യാര്‍ത്ഥികള്‍ ഒരു ബൈക്കില്‍ ക്യാമ്പസിനുള്ളിലേക്ക് കയറുന്നത് കണ്ടത്. ഇങ്ങനെ ബൈക്ക് ഓടിക്കരുതെന്നും അപകടമുണ്ടാകുമെന്നും അധ്യാപകന്‍ പറഞ്ഞു. പിന്നാലെ കാറിന്റെ ഡോര്‍ തുറന്ന് തന്നെ പിടിച്ചിറക്കി കയ്യേറ്റം ചെയ്‌തെന്ന് അധ്യാപകന്‍ പറഞ്ഞു. അതേസമയം അധ്യാപകന്‍ മര്‍ദ്ദിച്ചുവെന്നാരോപിച്ച് വിദ്യാര്‍ത്ഥികളും കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കി.

രണ്ടുദിവസം മുന്‍പ് കൂത്തുപറമ്പ് വേങ്ങാടിലും സമാന സംഭവം ഉണ്ടായിരുന്നു. വേങ്ങാട് ഇ.കെ.നായനാര്‍ സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് ഹയര്‍ സെക്കന്‍ഡറി വിഭാഗം അധ്യാപകന്‍ എറണാകുളം സ്വദേശി ജോണ്‍സനാണ് മര്‍ദനമേറ്റത്.

പ്ലസ് ടു വിഭാഗം മിഡ് ടേം പരീക്ഷ നടക്കുന്നതിനിടയിലാണ് സംഭവം. പരീക്ഷ നടന്നുകൊണ്ടിരിക്കെ പരീക്ഷാഹാളിലേക്ക് ഏതാനും പ്ലസ് വണ്‍ വിദ്യാര്‍ഥികളെത്തി പ്ലസ് ടു വിദ്യാര്‍ഥികളെ മര്‍ദിക്കാന്‍ ശ്രമിച്ചു. ഇരുവിഭാഗം വിദ്യാര്‍ഥികളും കയ്യാങ്കളിയിലേക്ക് നീങ്ങിയപ്പോള്‍ പരീക്ഷ ഹാളില്‍ ഉണ്ടായിരുന്ന അധ്യാപകന്‍ ജോണ്‍സണ്‍ അതു തടയാന്‍ ശ്രമിച്ചപ്പോഴാണ് ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥി അധ്യാപകനെ കയ്യേറ്റം ചെയ്തത്.