ന്യൂഡല്‍ഹി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും തിരിച്ചടിയായത് എക്‌സാലോജിക് കമ്പനിയുമായുള്ള ഇടപാടില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന്റെ (എസ്എഫ്‌ഐഒ) അന്വേഷണത്തിനെതിരായ ഹര്‍ജിയില്‍ വിധി പറയാതെ ഡല്‍ഹി ഹൈക്കോടതി ജഡ്ജി സ്ഥലം മാറിയ നടപടി. ജസ്റ്റിസ് ചന്ദ്രധാരി സിങ് അലഹാബാദ് ഹൈക്കോടതിയിലേക്കു മാറിയതോടെ വിഷയം പുതിയ ബെഞ്ചിന് മുന്നിലെത്തി. ഇതാണ് അതിവേഗ കുറ്റപത്രത്തിലേക്ക് അടക്കം കാര്യങ്ങളെത്തിച്ചത്. എസ് എഫ് ഐ ഒ അന്വേഷണത്തിനെതിരെ 2022ലാണ് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) ഹൈക്കോടതിയെ സമീപിച്ചത്. എക്‌സാലോജിക് സൊല്യൂഷന്‍സ്, സിഎംആര്‍എല്‍, സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെഎസ്‌ഐഡിസി) എന്നിവയ്‌ക്കെതിരായ അന്വേഷണം പൂര്‍ത്തിയായി എസ്എഫ്‌ഐഒ 2024 ഡിസംബറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡിസംബര്‍ 23ന് ജസ്റ്റിസ് ചന്ദ്രധാരി സിങ് വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയിരുന്നു. ഇദ്ദേഹത്തിന്റെ സ്ഥലംമാറ്റത്തിനു സുപ്രീം കോടതി കൊളീജിയം നവംബറിലാണു ശുപാര്‍ശ ചെയ്തത്. ഇതോടെയാണ് ഹര്‍ജിയില്‍ പുതിയ ജഡ്ജി വീണ്ടും വാദം കേള്‍ക്കേണ്ട സാഹചര്യമുണ്ടായത്. ഇതും അനുകൂലമാകുമെന്നും കേസ് നീളുമെന്നുമായിരുന്നു പിണറായിയുടെ പ്രതീക്ഷ. എല്ലാം അസ്ഥാനത്തായി. പുതിയ ജഡ്ജി കേസില്‍ സ്റ്റേ അനുവദിച്ചില്ലെന്നിടത്താണ് കേസ് നിര്‍ണ്ണായക ഘട്ടത്തിലേക്ക് പോയത്.

എക്‌സാലോജിക് കമ്പനിയുമായുള്ള ഇടപാടിലെ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരായ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി വീണ്ടും വാദം കേള്‍ക്കും. ജസ്റ്റിസ് ഗിരീഷ് കഡ്വാലിയയുടെ ബെഞ്ചാണു ജൂലൈയില്‍ വീണ്ടും വാദം കേള്‍ക്കുക. വാദം കേള്‍ക്കല്‍ പൂര്‍ത്തിയാകുന്നതു വരെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നു സിഎംആര്‍എല്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി അനുവദിച്ചില്ല. ഈ തീരുമാനമാണ് എസ് എഫ് ഐ ഒയ്ക്ക് നിര്‍ണ്ണായകമായത്. സ്റ്റേ നീങ്ങിയതോടെ തയ്യാറാക്കി വച്ച കുറ്റപത്രം അതിവേഗം കേന്ദ്ര സര്‍ക്കാരിലേക്ക് കൈമാറി. വീണയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തീരുമാനവും അതിവേഗം വന്നു. എന്നാല്‍ വാദം കേള്‍ക്കും വരെ തുടര്‍ നടപടികള്‍ തടഞ്ഞ തീരുമാനം ഉണ്ടായിരുന്നുവെങ്കില്‍ അന്തിമ വിധിക്ക് വേണ്ടി എസ് എഫ് ഐ ഒയ്ക്ക് കാത്ത് നില്‍ക്കേണ്ടി വരുമായിരുന്നു. അങ്ങനെ ഉണ്ടാകുമെന്ന് തന്നെയാണ് മുഖ്യമന്ത്രി പിണറായി അടക്കം തീരുമാനിച്ചത്. എന്നാല്‍ കേസ് അനന്തമായി നീളുന്ന സാഹചര്യം മനസ്സിലാക്കിയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് പരിഗണിച്ച പുതിയ ജഡ്ജി തീരുമാനം എടുത്തത്. മാസപ്പടി കേസില്‍ എസ്എഫ്ഐഒയും ഇ.ഡിയും നടത്തുന്ന അന്വേഷണങ്ങള്‍ക്കെതിരെ സി.എം.ആര്‍.എല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച വേളയില്‍ അന്വേഷണത്തിന്റെ ഭാഗമായുള്ള നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി വാക്കാല്‍ നിര്‍ദേശിച്ചിട്ടുണ്ടായിരുന്നു. ഇതുകൊണ്ടാണ് എസ് എഫ് ഐ ഒയ്ക്ക് തുടര്‍ നടപടികളിലേക്ക് കടക്കാന്‍ സാങ്കേതികമായി കഴിയാതെ പോയത്.

വീണാ വിജയനെ എസ് എഫ് ഐ ഒ അറസ്റ്റ് ചെയ്യുമോ എന്ന ചോദ്യവും സജീവമാണ്. കുറ്റപത്രം തയ്യാറായ സ്ഥിതിയ്ക്ക് അതിന്റെ ആവശ്യമില്ല. എങ്കിലും വിചാരണ ഘട്ടത്തിലേക്ക് കേസ് നീങ്ങുന്നതിനാല്‍ വീണയ്ക്ക് കോടതിയില്‍ നിന്നും ജാമ്യം നേടേണ്ടി വരും. അന്വേഷണ ഘട്ടത്തില്‍ പലവട്ടം വീണ മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഈ മൊഴികളിലെ വ്യക്തത കുറവും കേസില്‍ നിര്‍ണ്ണായകമായി. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ സുഗമമായ പ്രവര്‍ത്തനത്തിനായാണ് എക്‌സാലോജിക്കിനുള്‍പ്പെടെ പണം നല്‍കിയതെന്നാണ് എസ്എഫ്‌ഐഒയുടെ വാദം. ഇടപാടുകളിലെ നികുതി കാര്യങ്ങള്‍ ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയതാണെന്നും മറ്റ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണു സിഎംആര്‍എലിന്റെ വാദം. ബോര്‍ഡ് തീര്‍പ്പാക്കിയാലും ക്രമക്കേട് അന്വേഷിക്കാന്‍ എസ്എഫ്‌ഐഒയ്ക്ക് അധികാരമുണ്ടെന്നു കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക്കിന് കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്‍. പണംനല്‍കിയത് അഴിമതിതന്നെയാണെന്ന് എസ്.എഫ്.ഐ.ഒ. (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്) ഡല്‍ഹി ഹൈക്കോടതിയില്‍ നേരത്തെ വാദിച്ചിരുന്നു. എസ്.എഫ്.ഐ.ഒ. അന്വേഷണത്തിന് ഉത്തരവിട്ടത് നിയമപരമാണെന്നും അതിനെതിരേ സി.എം.ആര്‍.എല്‍. നല്‍കിയ ഹര്‍ജി തള്ളണമെന്നും ആദായനികുതി വകുപ്പും വ്യക്തമാക്കി. തുടര്‍ന്ന് കക്ഷികള്‍ക്ക് അധികവാദം എഴുതിനല്‍കാന്‍ ഒരാഴ്ചസമയം അനുവദിച്ചാണ് ജസ്റ്റിസ് ചന്ദ്രധാരി സിങ് കേസ് ജനുവരി 20-ന് വിധിപറയാന്‍ മാറ്റുകയും ചെയ്തു. മാസപ്പടി ഇടപാട് ആരോപണം ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയതാണെന്നും അതിനാല്‍ മറ്റ് അന്വേഷണം ആവശ്യമില്ലെന്നുമാണ് സി.എം.ആര്‍.എല്ലിന്റെ വാദം. എന്നാല്‍ ആദായനികുതി സംബന്ധിച്ച കാര്യങ്ങള്‍ക്കാണ് ഇത്തരം പരിരക്ഷയുള്ളതെന്നും അഴിമതി കണ്ടാല്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് അന്വേഷണത്തിനായി കൈമാറാന്‍ നിയമം അനുവദിക്കുന്നുണ്ടെന്നും ആദായനികുതി വകുപ്പും ചൂണ്ടിക്കാട്ടിയിരുന്നു.

കമ്പനിയുടെ സുഗമമായ നടത്തിപ്പിനുവേണ്ടിയാണ് എക്‌സാലോജിക്കിനും മാധ്യമസ്ഥാപനങ്ങള്‍ക്കും കമ്പനി പണം നല്‍കിയിരുന്നതെന്നും ആദായനികുതി വകുപ്പ് വാദിച്ചു. ഭീകരപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകള്‍ക്ക് ഫണ്ട് നല്‍കിയിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള വിഷയങ്ങളും അന്വേഷണപരിധിയിലുണ്ടെന്ന് എസ്.എഫ്.ഐ.ഒ. അറിയിച്ചിരുന്നു. ഇക്കാര്യങ്ങള്‍ എന്‍.ഐ.എ.യെ അറിയിച്ചിട്ടുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് അത് ചെയ്യാമെന്ന് എസ്.എഫ്.ഐ.ഒ. വ്യക്തമാക്കിയിരുന്നു.