- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാഫിയുടെ മുക്കെല്ലിനുള്ളത് രണ്ടു പൊട്ടല്‍; അടിയന്തര ശസ്ത്രക്രിയ നീണ്ടത് മൂന്ന് മണിക്കൂര്‍; പേരാമ്പ്ര സി.കെ.ജി കോളേജിലെ തോല്‍വി എസ് എഫ് ഐ ഞെട്ടിച്ചു; സംഘര്‍ഷം 'ശബരിമല വിവാദം' ഒളിപ്പിക്കാനുള്ള ഇടതു ഗൂഡാലോചനയോ? വടകര എംഎല്‍എയ്ക്ക് നേരിടേണ്ടി വന്നത് ക്രൂര മര്‍ദ്ദനം; ഇനി സംസ്ഥാന വ്യാപക പ്രതിഷേധം
കോഴിക്കോട്: പേരാമ്പ്ര സി.കെ.ജി കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരേമ്പ്രയിലുണ്ടായ സംഘര്‍ഷത്തില്‍ സംസ്ഥാനത്താകമാനം യുഡിഎഫിന്റെ പ്രതിഷേധം തുടരും. വെള്ളയാഴ്ച വൈകുന്നേരം പോലീസ് നടപടിക്കിടെ പേരാമ്പ്രയില്‍ വെച്ച് ഷാഫി പറമ്പില്‍ എം.പിക്ക് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാനത്താകമാനം യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തിയത്. ഇതിനിടെ പലയിടത്തും പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടി. പ്രതിഷേധം ഇനിയും തുടരും. ഷാഫിയുടെ പരിക്കിനൊപ്പം ശബരിമലയിലെ വിവാദവും യുഡിഎഫ് പ്രതിഷേധങ്ങളില്‍ ഉയര്‍ത്തും.
പരിക്കേറ്റ ഷാഫി പറമ്പില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി. രണ്ടു പൊട്ടലുണ്ട്. ഷാഫിയുടെ ആരോഗ്യ നില ഗുരുതരമല്ല. ബേബി മൊമ്മൊറിയില്‍ ആശുപത്രിയില്‍ മൂന്ന് മണിക്കൂര്‍ നീണ്ടതായിരുന്നു ഷാഫിയുടെ ശസ്ത്രക്രിയ. സിടി സ്‌കാനിലാണ് മൂക്കിലെ പൊട്ടല്‍ വ്യക്തമായത്. ഇതോടെയാണ് ശസ്ത്രക്രിയ നടത്തിയത്. മുപ്പതു കൊല്ലമായി എസ് എഫ് ഐ മാത്രം ജയിക്കുന്ന കോളേജാണ് പേരാമ്പ്ര സി.കെ.ജി കോളേജ്. ഇവിടെയാണ് കെ എസ് യുവിന്റെ നേതൃത്വത്തിലെ സംഘടന അഞ്ചു സീറ്റില്‍ ജയിക്കുന്നത്. ഇതേ തുടര്‍ന്നുള്ള തര്‍ക്കമാണ് സംഘര്‍ഷമായി മാറിയത്.
പേരാമ്പ്രയില്‍ 25 ല്‍ അധികം യുഡിഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പേരാമ്പ്രയില്‍ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ പോലീസ് ലാത്തിവീശിയതിനെ തുടര്‍ന്ന് ഷാഫി പറമ്പില്‍ എംപി അടക്കമുള്ള യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അപലപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ഷാഫി പറമ്പില്‍ എംപിയെ ആക്രമിച്ചത് സിപിഎം ക്രിമിനലുകളും സിപിഎമ്മിനു വേണ്ടി ഗുണ്ടാപണി ചെയ്യുന്ന പോലീസും ചേര്‍ന്നാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിമര്‍ശിച്ചു. ശബരിമല വിഷയം വഴിമാറ്റാനാണ് ഇതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
കഴിഞ്ഞ ദിവസം രാത്രി സെക്രട്ടേറിയേറ്റിലേക്ക് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പോലീസുമായി വലിയ സംഘര്‍ഷത്തില്‍ കലാശിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സെക്രട്ടേറിയേറ്റിന് മുന്നില്‍ സ്ഥാപിച്ച ബാനറുകള്‍ പ്രവര്‍ത്തകര്‍ കീറിയെറിഞ്ഞു. കോഴിക്കോട് നഗരത്തിലും പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. കോഴിക്കോട്ട് കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പോലീസുമായുള്ള സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രകടനത്തിനിടെ നഗരത്തില്‍ എല്‍ഡിഎഫ് സ്ഥാപിച്ച വികസന മുന്നേറ്റ യാത്രയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ കീറിയെറിഞ്ഞു. മര്‍ദനത്തിന് നേതൃത്വം നല്‍കിയ പോലീസുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ടി.സിദ്ദിഖ് എം.എല്‍.എ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഉള്‍പെട്ടിട്ടുള്ള സ്വര്‍ണ കള്ളക്കടത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് പോലീസ് നടപടിയെന്ന് ഷാഫി പറമ്പില്‍ എം.പി ആരോപിച്ചു.
സ്വര്‍ണക്കവര്‍ച്ചയും സ്വര്‍ണക്കടത്തും ഖജനാവ് കൊള്ളയടിക്കലുമാണ് ഭരണമെന്ന് കരുതുന്ന സര്‍ക്കാരിന്റെ അവസാനമാണ് ഇതെന്ന് മറക്കരുതെന്നാണ് വിഡി സതീശന്‍ സംഭവത്തില്‍ പ്രതികരിച്ചത്. സിപിഎമ്മിനു വേണ്ടി ലാത്തി എടുത്ത പോലീസിലെ ക്രിമിനലുകള്‍ ശമ്പളം വാങ്ങുന്നത് എകെജി സെന്ററില്‍ നിന്നല്ലെന്നത് ഓര്‍ക്കണം. ഷാഫി പറമ്പിലിനെയും നേതാക്കളെയും പ്രവര്‍ത്തകരെയും ആക്രമിച്ച് ശബരിമലയിലെ സ്വര്‍ണ കൊള്ളയില്‍ നിന്നും ശ്രദ്ധ തിരിക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ട. പേരാമ്പ്ര സികെജി കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്കുണ്ടായ പരാജയം ഒരു തുടക്കം മാത്രമാണ്. ഇതിലും വലിയ പരാജയമാണ് നിങ്ങളെ കാത്തിരിക്കുന്നതെന്ന് മറക്കരുത്. സതീശന്‍ പറഞ്ഞു. ഷാഫി പറമ്പിലിന് നേരെയുണ്ടായത് സിപിഎമ്മും പോലീസും ചേര്‍ന്ന് കരുതിക്കൂട്ടി നടത്തിയ അക്രമമാണെന്നും അതിനെ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നുവെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ഷാഫിക്കും പ്രവര്‍ത്തകര്‍ക്കും എതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 11ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ബ്ലോക്ക് തലത്തില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും സണ്ണി ജോസഫ് അറിയിച്ചു.
സ്വര്‍ണപാളി മോഷണത്തില്‍ പ്രതിക്കൂട്ടിലായ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ചേര്‍ന്ന് ജനശ്രദ്ധ തിരിക്കാനാണ് ഇത്തരമൊരു ആക്രമണം ആസൂത്രണം ചെയ്തത്. പോലീസ് അത് നടപ്പിലാക്കുകയായിരുന്നു. സിപിഎമ്മിന്റെ ക്വട്ടേഷന്‍ പണിയാണ് ഇപ്പോള്‍ കേരള പോലീസിന്. മനപൂര്‍വ്വം നാട്ടില്‍ കലാപം സൃഷ്ടിക്കാനാണ് ശ്രമം. ജനപ്രതിനിധി കൂടിയായ ഷാഫി പറമ്പിലിനെ ഏതുവിധേനയും രാഷ്ട്രീയമായും കായികമായും ഇല്ലാതാക്കുന്ന ശ്രമങ്ങള്‍ നേരത്തെ തന്നെ സിപിഎം നടത്തിയിരുന്നു. വ്യാജ ആരോപണങ്ങളും കയ്യേറ്റശ്രമങ്ങളും നിരവധി തവണഷാഫി പറമ്പിലിന് നേരെ സിപിഎം നടത്തി. ജനാധിപത്യ രീതിയില്‍ ഷാഫി പറമ്പിലിനെ പരാജയപ്പെടുത്താന്‍ കഴിയാത്തതിന്റെ പേരിലാണ് അക്രമിച്ച് ഇല്ലാതാക്കാമെന്ന് സിപിഎം കരുതുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.
പോലീസ് ക്രൂരതയില്‍ കോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തലയും അപലപിച്ചു. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.