കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തിയിട്ടില്ലെന്ന കോഴിക്കോട് റൂറല്‍ എസ് പിയുടെ വാദം പൊളിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഷാഫിയെ ലാത്തി കൊണ്ട് പൊലീസ് അടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. പൊലീസ് ലാത്തി വീശിയില്ലെന്നും പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകമാണ് പ്രയോഗിച്ചതെന്നും ആണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായ വിശദീകരണം. അതിനിടയിലായിരിക്കാം ഷാഫിക്ക് പരിക്കേറ്റതെന്നായിരുന്നു പൊലീസ് പറഞ്ഞത്. എന്നാല്‍ അതിന് വിരുദ്ധമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഷാഫിയുടെ മുക്കില്‍ രണ്ടു പൊട്ടലുണ്ട്. ശസ്ത്രക്രിയയ്ക്കും വിധേയനായി. ഇതിനിടെ പേരാമ്പ്രയില്‍ നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഷാഫി പറമ്പില്‍ എംപി ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ കേസെടുത്ത് പൊലീസ് മറ്റൊരു നടപടിയും എടുത്തു. ഇതോടെ ആശുപത്രിയില്‍ നിന്നിറങ്ങിയാല്‍ ഷാഫി ജയിലിലാകുന്ന അവസ്ഥയാണുള്ളത്.

പിന്നില്‍ നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഷാഫിക്ക് നേരെ ലാത്തി വീശുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഷാഫിയുടെ തലയുടെ ഒരു ഭാഗത്തും മൂക്കിനും പരിക്കേറ്റിരുന്നു. പേരാമ്പ്ര ടൗണില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഷാഫി പറമ്പിലും പ്രതിഷേധിക്കുമ്പോള്‍ പൊലീസുകാര്‍ നിലയുറപ്പിച്ചിരുന്നു. പൊലീസ് ബാറ്റണ്‍ ഉപയോഗിച്ച് നേരിട്ട് തലയ്ക്ക് അടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ അടിയിലാണ് ഷാഫി പറമ്പിലിന്റെ മൂക്കിന് ഗുരുതരമായി പരുക്കേല്‍ക്കുകയും മൂക്കിന്റെ രണ്ട് എല്ലുകള്‍ക്ക് പൊട്ടലേല്‍ക്കുകയും ചെയ്തത്. നേരത്തെ, സി.പി.എം. നേതാക്കളും റൂറല്‍ എസ്.പി.യടക്കമുള്ള പൊലീസുദ്യോഗസ്ഥരും, ഷാഫി പറമ്പിലിന് പരുക്കേറ്റത് 'ഷോ' ആണെന്നും പൊലീസ് അതിക്രമം ഉണ്ടായിട്ടില്ലെന്നും വാദിച്ചിരുന്നു. എന്നാല്‍, ലാത്തിച്ചാര്‍ജിലാണ് പരുക്കേറ്റതെന്ന കോണ്‍ഗ്രസ് വാദത്തിന് ഈ ദൃശ്യങ്ങള്‍ തെളിവായി. ഇന്നലെ വൈകിട്ട് ഓടെയാണ് യു.ഡി.എഫ്. പ്രകടനം പേരാമ്പ്ര ടൗണിലേക്ക് എത്തിയത്. ഇതിനുമുമ്പ് എല്‍.ഡി.എഫ്. പ്രകടനവും ഇവിടെ നടന്നിരുന്നു. ടൗണില്‍ പ്രതിഷേധവുമായി തടിച്ചുകൂടിയ യു.ഡി.എഫ്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലുള്ള സംഘവുമായി പൊലീസിന് ഏറ്റുമുട്ടലുണ്ടായത്. പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എം.പി.ക്ക് നേരെ ആക്രമണം ഉണ്ടായത്.

കഴിഞ്ഞദിവസം സികെജിഎം ഗവ. കോളേജ് തിരഞ്ഞടുപ്പില്‍ ചെയര്‍മാന്‍ സീറ്റ് യുഡിഎസ്എഫ് പിടിച്ചെടുത്തതാണ് പ്രശ്നങ്ങളുടെ തുടക്കം. യുഡിഎസ്എഫ് ആഹ്ലാദ പ്രകടനം പോലീസ് റോഡില്‍ തടഞ്ഞതോടെ സംഘര്‍ഷമുണ്ടായിരുന്നു. പോലീസ് അതിക്രമത്തിനെതിരേ യുഡിഎഫ് ഹര്‍ത്താല്‍ നടത്തിയതോടെ പ്രശ്നം കൂടുതല്‍ രൂക്ഷമായി. ഹര്‍ത്താലില്‍ പഞ്ചായത്ത് പ്രസിഡന്റിനെ കോണ്‍ഗ്രസുകാര്‍ കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് വന്‍ പ്രതിഷേധ പ്രകടനമാണ് ടൗണില്‍ വെള്ളിയാഴ്ച വൈകീട്ട് ആദ്യം നടന്നത്. പിന്നാലെ യുഡിഎഫ് പ്രകടനവുമെത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് ബസ്സ്റ്റാന്‍ഡിന് തൊട്ടുമുന്‍പ് പ്രകടനം തടഞ്ഞു. ഇതോടെ പോലീസുമായി ഏറെ നേരം സംഘര്‍ഷാവസ്ഥ നിലനിന്നു. എതിര്‍ഭാഗത്ത് സിപിഎം പ്രവര്‍ത്തകര്‍കൂടിനിന്ന് മുദ്രാവാക്യം മുഴക്കിയതോടെ പോലീസ് നടുവില്‍ നിലയുറപ്പിച്ചു. ഷാഫി പറമ്പില്‍ എംപി എത്തിയതോടെ പ്രവര്‍ത്തകര്‍ വീണ്ടും ആവേശത്തിലായി. രണ്ട് മണിക്കൂറിന് ശേഷമാണ് പോലീസ് ലാത്തിവീശലിലേക്ക് കടന്നത്. ടിയര്‍ഗ്യാസും ഗ്രനേഡും പ്രയോഗിച്ചതോടെ എല്ലാവരും ചിതറി ഓടി. വീണ്ടും തിരികെ വന്നെങ്കിലും പോലീസ് ഓടിച്ചു. ഇടയ്ക്ക് കല്ലേറുമുണ്ടായി. ഇതിനിടയിലാണ് ഷാഫി പറമ്പില്‍ എംപിക്ക് ഉള്‍പ്പെടെ പരിക്കേറ്റത്. ഗ്രനേഡ് പൊട്ടി വടകര ഡിവൈഎസ്പി ആര്‍. ഹരിപ്രസാദിനും പേരാമ്പ്ര ഡിവൈഎസ്പി സുനില്‍കുമാറടക്കം എട്ടോളം പോലീസുകാര്‍ക്കും പരിക്കേറ്റു.

പേരാമ്പ്രയില്‍ നടന്നത് പൊലീസ് നരനായാട്ടെന്ന് കോണ്‍ഗ്രസ് നേതാവ് എംകെ രാഘവന്‍ പ്രതികരിച്ചു. കേരളത്തില്‍ പൊലീസ് രാജ് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ ഒരു പോലീസുകാരനാണ് തല്ലിയതെന്ന് ഷാഫിയും പറഞ്ഞിരുന്നു. പേരാമ്പ്ര ഗവണ്‍മെന്റ് സികെജി കോളേജിലെ യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് കൈവിട്ടത്. ഇതാണ് ഷാഫി പറമ്പില്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേല്‍ക്കുന്ന തരത്തിലുള്ള സംഘര്‍ഷത്തിലേക്ക് എത്തിയത്. കോളേജിലെ ചെയര്‍മാന്‍ സീറ്റില്‍ വിജയിച്ചതിനെ തുടര്‍ന്ന് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം പേരാമ്പ്ര നഗരത്തില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിച്ചിരുന്നു. ഹര്‍ത്താലിന് ശേഷം യുഡിഎഫ് നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയിലാണ് സംഘര്‍ഷം ഉണ്ടായത്. സിപിഎമ്മും പ്രതിഷേധ പ്രകടനം നടത്തി.

ഈ സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെടെ 692 പേര്‍ക്കെതിരെയാണ് കേസ്. പൊലീസിനെ ആക്രമിച്ചെന്നാണ് എഫ്‌ഐആറിലുള്ളത്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 492 പേര്‍ക്കെതിരെയാണ് കേസ്. ന്യായ വിരോധമായി സംഘം ചേര്‍ന്നു, വഴി, വാഹന ഗതാഗതം തടസപ്പെടുത്തി തുടങ്ങിയവക്കാണ് കേസ്. ഷാഫി പറമ്പില്‍ എംപിയെ പൊലീസ് മര്‍ദിച്ചതില്‍ ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. വൈകിട്ട് മൂന്നുമണിക്ക് പേരാമ്പ്രയില്‍ യുഡിഎഫ് പ്രതിഷേധസംഗമം നടത്തും. കെസി വേണുഗോപാല്‍ എംപി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും.

ഇന്നലെ രാത്രി വൈകിയും പല സ്ഥലത്തും പ്രതിഷേധം തുടര്‍ന്നിരുന്നു. പലയിടത്തും ഏറെ പണിപ്പെട്ടാണ് പൊലീസ് പ്രതിഷേധക്കാരെ നീക്കിയത്. വിവിധ ജില്ലകളില്‍ നടന്ന കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പലയിടത്തും ദേശീയ പാത ഉപരോധിച്ച പ്രവര്‍ത്തകര്‍ ഏറെ നേരത്തിന് ശേഷമാണ് പിന്തിരിഞ്ഞത്. തിരുവനന്തപുരത്തും ഷാഫിക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്തിറങ്ങി. സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷമുണ്ടായി. പിന്നാലെ ലാത്തിചാര്‍ജും നടന്നു.