- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രദേശത്തെ ഭീതിയിലാഴ്ത്തിയ വെള്ളിയാഴ്ച തല്ലുകള്‍; എം ജെയിലെയും താമരശ്ശേരിയിലെയും കുട്ടികളും ഏറ്റുമുട്ടിയത് പലതവണ; സഹികെട്ട് വ്യാപാരികള്‍ നല്കിയ പരാതിയും അവഗണിച്ചു; കുട്ടികള്‍ നഞ്ചക്ക് ഉപയോഗിക്കാന്‍ പഠിച്ചത് എവിടെ നിന്ന്? ഷഹബാസിന്റെ മരണത്തില്‍ അന്വേഷണം പുതിയ തലങ്ങളിലേക്ക്
കോഴിക്കോട്: എളേറ്റില്‍ എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് ഷഹബാസിനെ (15) ക്രൂരമായി മര്‍ദിച്ച കൊന്ന കേസില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. യാദൃശ്ചികമായി ഉണ്ടായ ഒരു സംഘര്‍ഷവമല്ല ഇതെന്നും ഈ പ്രദേശത്തെ ചില കുട്ടികള്‍ വല്ലാത്ത അക്രമവാസന കാണിക്കുന്നുണ്ടെന്നുമാണ് അന്വേഷണത്തില്‍ വെളിവാകുന്നത്. കാരണം ഇത് ആദ്യമായിട്ടായല്ല, എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളും ഏറ്റുമുട്ടുന്നത്. കുട്ടികളുടെ തല്ലും പിടിയും കണ്ട് മടുത്തു എന്നാണ് പ്രദേശത്തെ വ്യാപാരികള്‍ പറയുന്നത്.
്ഈ ഒരു ഒറ്റ വര്‍ഷത്തിനുള്ളില്‍ തന്നെ തങ്ങള്‍ ഒരു ഡസനോളം തല്ലുകള്‍ക്ക് സാക്ഷിയായി എന്നാണ് പ്രദേശത്തെ ഒരു ജ്യൂസ് കടയുടമ പറയുന്നത്. വെള്ളിയാഴ്ച തല്ലുകള്‍ എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്. വെള്ളിയാഴ്ച ഇന്റവെല്‍ സമയം അല്‍പ്പം കൂടുതല്‍ ഉള്ളതിനാല്‍, കുട്ടികള്‍ താമരശ്ശേരിയില്‍ സംഘടിച്ച് തല്ലുണ്ടാക്കുകയും, സ്‌കൂളിലും, ട്യൂഷന്‍ സെന്ററിലും ഉണ്ടാവുന്ന നിസ്സാര പ്രശ്നങ്ങള്‍ക്ക് പക ചോദിക്കുകയും ചെയ്യുന്ന രീതിയും പതിവായിരുന്നു. അക്രമം വര്‍ധിച്ചതോടെ സഹികെട്ട ഇവിടുത്തെ വ്യാപാരികള്‍ പലരും പൊലീസില്‍ വിളിച്ചു പറഞ്ഞിരുന്നു. എന്നാല്‍ പൊലീസും ഇത് ഗൗരവമായി എടുത്തില്ല. മറിച്ച് തുടക്കത്തില്‍ തന്നെ പൊലീസ് നടപടി എടുത്തിരുന്നെങ്കില്‍ ഷഹബാസിന്റെ കൊലപാതകം അടക്കം തടയാന്‍ കഴിയുമായിരുന്നു.
കുടിപ്പകപോലെ വൈരാഗ്യം വെച്ചുപുലര്‍ത്തുന്ന രീതിയിലാണ്, എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളും തമ്മിലുള്ള പ്രശ്നങ്ങള്‍. ഇവര്‍ ട്യൂഷന്‍ സെന്ററില്‍വെച്ചാണ് കണ്ടുമുട്ടാറുള്ളത്. അപ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പലപ്പോഴും തെരുവിലാണ് തീര്‍ക്കാറുള്ളത്. വെള്ളിയാഴ്ചകളില്‍ സ്‌കൂട്ടറില്‍ താമരശ്ശേരിയിലെത്തിലാണ് അടിയുണ്ടാക്കാറുള്ളത്. ജ്യൂസ് കുടിക്കാനെന്നപേരിലാണ് ഇവര്‍ നഗരത്തിലേക്ക് ഇറങ്ങുന്നത്. കുട്ടികള്‍ക്ക് ലൈസന്‍സോ ഹെല്‍മറ്റോ ഒന്നും ഉണ്ടാവാറില്ല. പക്ഷേ ആരും ഇതില്‍ ഒരു നടപടിയും സ്വകീരിക്കാറുമില്ല. സ്‌കൂളുകാരോ ട്യൂഷന്‍ സെന്ററുകാരോ കുട്ടികളെ നിലക്കു നിര്‍ത്താന്‍ കാര്യമായ നടപടികള്‍ സ്വീകരിച്ചതായും അറിയില്ല.
പ്രതികള്‍ക്ക് ക്രമിനല്‍ ബന്ധം
ഷഹബാസിനെ ക്രൂരമായി മര്‍ദിച്ച കൊന്ന കേസില്‍, പ്രതിപ്പട്ടികയിലുള്ളവരുടെ ബന്ധുക്കളുടെ ക്രിമിനല്‍ പശ്ചാത്തലവും ഇപ്പോള്‍ പുറത്തായരിക്കയാണ്. ഷഹബാസിനെതിരായ ആക്രമണം ആസൂത്രണംചെയ്തതില്‍ പ്രധാനിയായ കുട്ടിയുടെ പിതാവ് ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുള്ളതായി ആരോപണമുണ്ട്. ഇയാള്‍ ടി.പി. വധക്കേസ് പ്രതി ടി.കെ.രജീഷിനൊപ്പം നില്‍ക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. ഇയാളുടെ വീട്ടില്‍നിന്നാണ് ഷഹബാസിനെ മര്‍ദിക്കാന്‍ ഉപയോഗിച്ച നഞ്ചക്കും പോലീസ് കണ്ടെടുത്തത്.
കുട്ടിയുടെ പിതാവ് തന്നെയാകാം ഇത് കുട്ടിയുടെ കൈവശം കൊടുത്തുവിട്ടതെന്നാണ് പോലീസ് സംശയിക്കുന്നത്. താമരശ്ശേരിയിലെ ട്യൂഷന്‍ സെന്റര്‍ പരിസരത്ത് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയ സമയത്ത് ഇയാള്‍ സംഭവസ്ഥലത്തുണ്ടായിരുന്നതായും സംശയമുണ്ട്.ആക്രമണം നടക്കുന്നസമയത്ത് മുഖ്യപ്രതിയുടെ പിതാവ് സ്ഥലത്തുണ്ടായിരുന്നതായി ഷഹബാസിന്റെ ബന്ധുക്കളും നേരത്തെ ആരോപിച്ചിരുന്നു. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് പ്രതികള്‍ രക്ഷപ്പെടുമോ എന്ന ആശങ്കയുണ്ടെന്ന് ഷഹബാസിന്റെ പിതാവും നേരത്തെ പറഞ്ഞിരുന്നു.
ഇതിനുപിന്നാലെയാണ് മുഖ്യപ്രതിയുടെ പിതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവന്നത്. ഇയാള്‍ വിവിധ ക്രിമിനല്‍കേസുകളില്‍ പ്രതിയാണെന്നും വിവരമുണ്ട്. അതുപോലെ തന്നെ പ്രദേശത്തെ ഒരു ജിമ്മും കാരാട്ടേ സെന്ററും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഉപയോഗിക്കാന്‍ അറിയാത്തവര്‍ എടുത്ത വീശിയാല്‍ അവനവനുതന്നെ കൊള്ളുന്ന ആയുധമാണ് നഞ്ചക്ക്. അപ്പോള്‍ ഇതൊക്കെ ഉപയോഗിക്കാനുള്ള പരിശീലനം കുട്ടികള്‍ക്ക് എവിടെ നിന്ന് കിട്ടിയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതിപ്പട്ടികയില്‍, പൊലീസ് ഉദ്യോഗസ്ഥന്റെയും അധ്യാപകന്റെയും ബിസിനസ്‌കാരുടെയുമൊക്കെ മക്കളുണ്ട്. സിപിഎമ്മുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികളുടെ രക്ഷിതാക്കളില്‍ പലരും. അതുകൊണ്ടുതന്നെ കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാവുമെന്ന് ഷഹബാസിന്റെ കുടുംബം സംശയിക്കുന്നുണ്ട്. കുട്ടിയുടെ പിതാവ് തന്നെ കഴിഞ്ഞ ദിവസം ഈ സംശയം പ്രകടിപ്പിരുന്നു. എന്നാല്‍ കേസില്‍ തങ്ങള്‍ പഴുതടച്ചാണ് മുന്നോട്ട് പോകുന്നതെന്നാണ് പൊലീസ് വാദം.
കൊണ്ടുപോയത് കൊല്ലണമെന്ന് ഉറപ്പിച്ച്
ബാല കുറ്റവാളികള്‍ക്ക് നിയമത്തില്‍ ലഭിക്കുന്ന ഇളവുകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഈ കേസില്‍ ഏറെയാണ് എന്ന് വിദഗ്ധര്‍ പറയുന്നു. ക്രിമിനല്‍ ബുദ്ധിയോടെ കൃത്യമായ ഗൂഢാലോചന നടത്തിയ ശേഷമെന്ന് കുട്ടികള്‍ ഷഹബാസിനെ കൊന്നതെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നുണ്ട് . കേവലം കുട്ടികള്‍ എന്നതിനപ്പുറം ക്രിമിനല്‍ മനസ്സോടെ കൂട്ടായി ആലോചിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്നും പുറത്തുവന്ന ഡിജിറ്റല്‍ തെളിവുകളില്‍നിന്ന് വ്യക്തമാകുന്നു.
കൊല്ലണമെന്ന് ഉറപ്പിച്ചശേഷമാണ് ഷഹബാസിനെ വീട്ടില്‍നിന്ന് വിളിച്ചുകൊണ്ടുപോയത് എന്ന് ചാറ്റുകള്‍ തെളിയിക്കുന്നുണ്ട്. സംഭവത്തിന് മുന്‍പു തന്നെ ഷഹബാസിനെ ലക്ഷ്യമിട്ട് കൊല്ലുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എന്നോണം വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകള്‍ തുടങ്ങി.കൂട്ടം ചേര്‍ന്ന് മര്‍ദിച്ചാല്‍ കേസ് നില്‍ക്കില്ലെന്നും മരിച്ചാല്‍ പോലും ജയിലില്‍ കിടക്കേണ്ടി വരില്ലെന്നുമുള്ള നിയമ വശങ്ങള്‍ പോലും ഈ കുട്ടി ക്രിമിനലുകള്‍ക്ക് ചര്‍ച്ചാ വിഷയമായി. എസ്എസ്എല്‍സി പരീക്ഷയായതിനാല്‍ അതിന്റെ ആനുകൂല്യവും ലഭിക്കും എന്നും ഇവര്‍ മനസ്സിലാക്കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വലിയ പ്രശ്നങ്ങളുണ്ടാകില്ലെന്നുറപ്പിച്ച ശേഷമാണ് ഇവര്‍ മനപൂര്‍വ്വം കൊല ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച ട്രിസ് ട്യൂഷന്‍ സെന്ററിലെ യാത്രയയപ്പ് പരിപാടിയിലുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്നായിരുന്നു ഷഹബാസിന്റെ മരണത്തിനിടയാക്കിയ അക്രമങ്ങള്‍ നടന്നത്. ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാര്‍ഥികളും എളേറ്റില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും ഏറ്റുമുട്ടുകയായിരുന്നു. ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ഥിയായിരുന്നില്ലെങ്കിലും എളേറ്റില്‍ സ്‌കൂളിലെ സഹപാഠികള്‍ക്കൊപ്പം ഷഹബാസും വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഈ സംഘര്‍ഷത്തിലാണ് ഷഹബാസിന് ഗുരുതര പരിക്കേറ്റത്.
വ്യാഴാഴ്ച രാത്രിയോടെയാണ് ഷഹബാസിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഐ.സി.യുവില്‍ പ്രവേശിപ്പിച്ച ഷഹബാസിന് വെള്ളിയാഴ്ച രണ്ടുവട്ടം ഹൃദയാഘാതമുണ്ടായി. വെന്റിലേറ്റര്‍ സഹായത്തോടെ തുടര്‍ന്ന ഷഹബാസ് ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ മരിച്ചു. തലയ്‌ക്കേറ്റ പരിക്കായിരുന്നു മരണകാരണം. മര്‍ദനമേറ്റ് ഷഹബാസിന്റെ തലയോട്ടി തകര്‍ന്നനിലയിലായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
പരീക്ഷ എഴുതിയാല്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ്
അതിനിടെ ഷഹബാസ് വധക്കേസില്‍, ഒബ്സര്‍വേഷന്‍ ഹോമില്‍ റിമാന്റില്‍ കഴിയുന്ന അഞ്ച് പ്രതികളേയും എസ് എസ് എല്‍ സി പരീക്ഷ എഴുതിക്കാനുള്ള തീരുമാനം വിവാദത്തില്‍. പരീക്ഷ എഴുതാമെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പരീക്ഷ സ്‌കൂളില്‍ വെച്ച് വേണോ എന്നതില്‍ തീരുമാനമായിട്ടില്ല. കുട്ടികളെ സ്‌കൂളിലെത്തിച്ച് പരീക്ഷ എഴുതിച്ചാല്‍ പ്രതിഷേധമുയരാന്‍ സാധ്യതയുണ്ടെന്ന കാര്യം പൊലീസ് വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിരുന്നു. രക്ഷിതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരം ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡാണ് ഇവര്‍ക്ക് പരീക്ഷ എഴുതാനുള്ള അനുമതി നല്‍കിയത്.
അതേസമയം ഷഹബാസിനെ അരുംകൊല ചെയ്ത പ്രതികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചാല്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. വിദ്യാഭ്യാസ വകുപ്പ് പൊതുവികാരം മാനിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് താമരശ്ശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കേസിലെ പ്രതികളെ പരീക്ഷയ്ക്ക് ഇരുത്തുന്നത് മറ്റ് കുട്ടികളെ ബാധിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറയുന്നു. ജീവിക്കാനുള്ള അവകാശം കവര്‍ന്നവര്‍ക്ക് വിദ്യാഭ്യാസ അവകാശ സംരക്ഷണം നല്‍കരുത് എന്നാണ് തങ്ങളുടെ അഭിപ്രായമെന്നും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.പി.സി ജംഷിദ് പ്രസ്താവനയില്‍ വ്യക്തമാക്കി. താമരശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ഥികളായ അഞ്ച് പേരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. നിലവില്‍ വെള്ളിമാടുകുന്നിലെ ജുവനൈല്‍ ഹോമിലാണ് വിദ്യാര്‍ഥികളുള്ളത്.