- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹന്‍ലാലിനെ ആദ്യമായി ക്യാമറയില്‍ പകര്‍ത്തിയത് ഹരിഹരന്റെ പഞ്ചാഗ്നിക്ക്; വാനപ്രസ്ഥത്തില്‍ കലാമണ്ഡലം ഗോപിയും ലാലും ഒന്നിച്ച് അഭിനയിക്കുന്ന രംഗങ്ങള്‍ എടുത്തപ്പോള്‍ രണ്ടു പേര്‍ക്കും പരസ്പരം പേടി; പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രത്തിന് ശേഷം വീണ്ടും ലാലുമായി ഷാജി എന്‍ കരുണിന്റെ സിനിമ നടക്കാതെ പോയതിന് പിന്നില്‍
വീണ്ടും ലാലുമായി ഷാജി എന്‍ കരുണിന്റെ സിനിമ നടക്കാതെ പോയതിന് പിന്നില്‍
തിരുവനന്തപുരം: ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ 'വാനപ്രസ്ഥത്തിന്' ശേഷം മോഹന്‍ലാലിനും ഷാജി എന്‍ കരുണിനും വീണ്ടും ഒന്നിക്കാനായില്ല. ടി പത്മനാഭന്റെ 'കടല്‍' എന്ന ചെറുകഥയെ ആസ്പദമാക്കി 'ഗാഥ' എന്ന ചിത്രമാണ് ദീര്‍ഘനാളായി ആലോചനയില്‍ ഉണ്ടായിരുന്നത്. പിന്നീട് ആ സിനിമ ഉപേക്ഷിച്ചു എന്നുഷാജി എന്‍ കരുണ്‍ തന്നെ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 'ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് ' നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അക്കാരണം വ്യക്തമാക്കി. 'ആ സിനിമ നടക്കാതെ പോയതിന് പ്രധാന കാരണം പണത്തിന്റെ ദൗര്‍ലഭ്യം ആയിരുന്നു. വിദേശത്തുള്ള ഒരാളെക്കൊണ്ടാണ് അതിന്റെ മ്യൂസിക് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. ടി പത്മനാഭന്റെ 'കടല്‍' എന്ന കഥയെ ആസ്പദമാക്കി ആലോചിച്ച സിനിമയായിരുന്നു ഗാഥ. കടല്‍ പോലെ ആയിരിക്കണം സംഗീതം എന്നാണ് തീരുമാനിച്ചിരുന്നത്. ഓരോ സെക്കന്‍ഡും മാറിക്കൊണ്ടേയിരിക്കുന്ന, രണ്ടാമതൊന്ന് ആവര്‍ത്തിക്കാത്ത, കണ്ടതുതന്നെ വീണ്ടും കാണാന്‍ പറ്റാത്ത ഒന്ന്. അതിലെ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധവും അങ്ങനെ ആയിരുന്നു.്'-ഷാജി എന്‍ കരുണ്‍ പറഞ്ഞു.
മോഹന്‍ലാലുമായി വര്‍ഷങ്ങളുടെ പരിചയം
തിരുവനന്തപുരത്തു ചിത്രാഞ്ജലിയില്‍ സ്റ്റുഡിയോ മാനേജരായിരുന്ന കാലത്ത് ചലച്ചിത്ര മോഹവുമായി മോഹന്‍ലാലും സുഹൃത്തുക്കളും പതിവായി വരാറുണ്ടായിരുന്നുവെന്ന് ഷാജി എന്‍.കരുണ്‍ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിനെ ഷാജി ആദ്യമായി ക്യാമറയില്‍ പകര്‍ത്തുന്നത് ഹരിഹരന്റെ 'പഞ്ചാഗ്‌നി'ക്കു വേണ്ടിയാണ്. സംവിധായകന്‍ പറഞ്ഞു കൊടുക്കുന്നതിനെക്കാള്‍ ഒരുപടി മുകളിലായിരിക്കും ലാലിന്റെ പ്രകടനമെന്ന് ഷാജി പറഞ്ഞിരുന്നു.
വാനപ്രസ്ഥത്തില്‍, കലാമണ്ഡലം ഗോപിയും ലാലും ഒന്നിച്ച് അഭിനയിക്കുന്ന രംഗങ്ങള്‍ എടുത്തപ്പോള്‍ രണ്ടു പേര്‍ക്കും പരസ്പരം പേടിയായിരുന്നു. ലാലിനു മുന്നില്‍ ഗോപിയാശാനും ആശാനു മുന്നില്‍ ലാലും പതറി. നമ്മള്‍ ഒന്നുമല്ലെന്നു കരുതി ചെയ്യുമ്പോഴാണ് അതുല്യമായ അഭിനയം പുറത്തു വരിക.അതു രണ്ടു പേരില്‍ നിന്നും ലഭിച്ചു.
തന്റെ ചുട്ടികുത്തിയ മുഖമേ ആളുകള്‍ കണ്ടിട്ടുള്ളൂവെന്നും യഥാര്‍ഥ മുഖമൊന്നു കാട്ടണമെന്നുമാണ് ഗോപിയാശാന്‍ അന്നു ഷാജിയോടു പറഞ്ഞത്.എന്നാല്‍ തന്റെ യഥാര്‍ഥ മുഖം മാറ്റി വച്ചു കഥകളി വേഷം അണിയാനാണു ലാല്‍ എത്തിയത്.ഇരുവരെയും ഒരേ ഫ്രെയിമില്‍ കൊണ്ടു വരാനായത് തന്റെ ഭാഗ്യമാണെന്നും രണ്ടു പേരുടെയും ടൈമിങ്ങും അഭിനയ മത്സരവും അത്ഭുതപ്പെടുത്തിയെന്നും ഷാജി പറഞ്ഞിരുന്നു.
കാന്‍ ചലച്ചിത്ര മേളയില്‍ 'വാനപ്രസ്ഥ'ത്തിന്റെ ആദ്യ പ്രദര്‍ശനം കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ വലിയൊരു ജനക്കൂട്ടം ലാലിനെ വളഞ്ഞു. ഷാജിയും സുഹാസിനിയും സാക്കീര്‍ ഹുസൈനും ഒപ്പമുണ്ടായിരുന്നു.''താങ്കള്‍ ഇന്ത്യയില്‍ ജനിക്കേണ്ട ആളല്ല..മറ്റെവിടെയെങ്കിലും ആയിരുന്നുവെങ്കില്‍ എത്രയോ അംഗീകാരങ്ങള്‍ ലഭിക്കുമായിരുന്നു'' എന്നു സായിപ്പന്‍മാര്‍ പറഞ്ഞു.പ്രശംസാ വചനങ്ങള്‍ എല്ലാ കേട്ടു സൗമ്യനായി ചിരിച്ചു കൊണ്ടു നില്‍ക്കുന്ന മോഹന്‍ലാലിന്റെ മുഖം ഷാജി മറന്നിരുന്നില്ല. രണ്ടാമതൊരിക്കല്‍ കൂടി മോഹന്‍ലാലുമായി ഒന്നിക്കാന്‍ തടസ്സമായത് ബജറ്റിന്റെ പരിമിതികള്‍ തന്നെയായിരുന്നു.
സംവിധാനരംഗത്തേക്ക് നയിച്ചത് എസ് ജയചന്ദ്രന്‍ നായര്‍
ക്യാമറയുടെ പിന്നില്‍ നിന്ന തന്നെ സംവിധാനരംഗത്തേക്ക് കൈപിടിച്ചു നയിച്ച മഹാരഥനായിരുന്നു എസ്.ജയചന്ദ്രന്‍ നായരെന്ന് ഷാജി എന്‍. കരുണ്‍ അനുസ്മരിച്ചിരുന്നു. പിറവി, സ്വം എന്നീ ചിത്രങ്ങള്‍ നിര്‍മിക്കാന്‍ റിസ്‌ക് എടുത്താണ് ജയചന്ദ്രന്‍ നായര്‍ ലക്ഷങ്ങളുടെ വായ്പ ശരിയാക്കി തന്നതെന്നും ആ സിനിമകള്‍ നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയതിനൊപ്പം കാന്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ സാധിക്കുകയും ചെയ്തുവെന്നും ഷാജി എന്‍. കരുണ്‍ അനുസ്മരിച്ചിട്ടുണ്ട്.