ദമാസ്‌ക്കസ്: സിറിയയില്‍ പുതിയ പോര്‍മുഖം തുറന്നതോടെ ഷമീമ ബീഗം ഉള്‍പ്പടെയുള്ള ഐസിസ് തടവുകാര്‍ മോചിപ്പിക്കപ്പെട്ടേക്കാം എന്ന ആശങ്കയുയരുന്നുണ്ട്. 2015 - ല്‍ തീവ്രവാദ സംഘടനയില്‍ ചേരാനായി സിറിയയിലേക്ക് കടന്ന ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദ് ചെയ്തിരുന്നു. പിന്നീട് വടക്ക് കിഴക്കന്‍ സിറിയയിലെ അല്‍ റോജ് അഭയാര്‍ത്ഥി ക്യാമ്പിലായിരുന്നു ഇവര്‍ കഴിഞ്ഞുവന്നിരുന്നത്.

ഈ ക്യാമ്പ് ഉള്‍പ്പടെ ഏകദേശം 9000 ഓളം ഐസിസ് ഭീകരെയും 40,000 ല്‍ അധികം സ്ത്രീകളെയും കുട്ടികളെയും താമസിപ്പിച്ചിരിക്കുന്ന ക്യാമ്പുകള്‍ എല്ലാം സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ നിയന്ത്രണത്തിലാണ് ഉള്ളത്. എസ് ഡി എഫിന്റെ കീഴിലുണ്ടായിരുന്ന പ്രദേശങ്ങള്‍ ഏതാണ്ട് ഭൂരിഭാഗവും സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷാരയോട് കൂറു പുലര്‍ത്തുന്ന സൈന്യത്തിന്റെ കൈവശം എത്തിക്കഴിഞ്ഞു.

കഴിഞ്ഞ ദിവസം ഇരു കൂട്ടരും തമ്മില്‍ ഒരു വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിട്ടെങ്കിലും, ഇന്നലെ എസ് ഡി എഫിന്റെ നിയന്ത്രണത്തിലുള്ള മൂന്ന് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ പുതിയ കലാപം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. ഐസിസ് തടവുകാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണെന്നാണ് എസ് ഡി എഫ് അവകാശപ്പെടുന്നത്. എന്നാല്‍, കലാപം കാരണം അത് സാധ്യമാകാതെ വന്നിരിക്കുകയാണ്. അതിനിടയില്‍ ദീര്‍ അല്‍ സോര്‍ ജയിലില്‍ താമസിപ്പിച്ചിരുന്ന ചില ഐസിസ് ഭീകരര്‍ ജയില്‍ ചാടിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഐസിസ് തടവുകാരെ ഭരണകൂടം മോചിപ്പിക്കുകയാണെങ്കില്‍ അത്, ആ മെഖലയില്‍ മാത്രമല്ല, ലോക സമാധാനത്തിന് തന്നെ വലിയ ഭീഷണിയായി മാറുമെന്നാണ് ആഗോള രാഷ്ട്രീയം അടുത്തു നിന്ന് നിരീക്ഷിക്കുന്നവര്‍ പറയുന്നത്. യൂറോപ്യന്‍ കോടതി സഹായത്തിനെത്തിയതോടെ ഷമീമ ബീഗത്തിന് ബ്രിട്ടനിലേക്ക് മടങ്ങാന്‍ കഴിഞ്ഞേക്കും എന്ന ആശങ്ക ബലപ്പെടുന്നതിനിടയിലാണ് ഇപ്പോള്‍ പുതിയ സംഭവ വികാസങ്ങള്‍ ഉണ്ടാകുന്നത്.

ആരാണ് ഷമീമ ബീഗം?

ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) ചേരുന്നതിന്, സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ 2015ലാണ് ഷമീമ രണ്ടു കൂട്ടുകാരികള്‍ക്കൊപ്പം ഈസ്റ്റ് ലണ്ടനില്‍നിന്നു സിറിയയിലേക്കു കടന്നത്. അന്നു പ്രായം വെറും 16 വയസ്സ്. പിന്നീട് അവരെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. 2019ല്‍ സിറിയയിലെ അഭയാര്‍ഥി ക്യാംപില്‍ കണ്ടെത്തുമ്പോള്‍ ഒന്‍പതു മാസം ഗര്‍ഭിണിയായിരുന്നു ഷമീമ. ഇതിനു പിന്നാലെ, രാജ്യത്തിനു ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി ബ്രിട്ടിഷ് സര്‍ക്കാര്‍ അവരുടെ പൗരത്വം റദ്ദാക്കുകയും ബ്രിട്ടനില്‍ പ്രവേശിക്കുന്നതു വിലക്കുകയും ചെയ്തു.

ഇതു പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിയമപ്പോരാട്ടം നടത്തുന്ന ഷമീമയുടെ അനുഭവങ്ങള്‍ ബ്രിട്ടിഷ് മാധ്യമമായ ബിബിസി ഇപ്പോള്‍ പോഡ്കാസ്റ്റ് രൂപത്തില്‍ അവതരിപ്പിക്കുകയാണ്. സിറിയയിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ മുതല്‍ ഐഎസ് ക്യാംപിലെ ദുരിതപൂര്‍ണമായ ജീവിതം വരെ ഷമീമ പോഡ്കാസ്റ്റില്‍ പങ്കുവയ്ക്കുന്നു. 'ഐ ആം നോട്ട് എ മോണ്‍സ്റ്റര്‍: ദ് ഷമീമ ബീഗം സ്റ്റോറി' എന്ന പത്ത് എപ്പിസോഡുകളുള്ള പരിപാടിയുടെ ആദ്യ രണ്ടു ഭാഗങ്ങള്‍ ബിബിസി പ്രക്ഷേപണം ചെയ്തു കഴിഞ്ഞു. അതോടെ ഷമീമ ബീഗം വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞു. ഒരു 'തീവ്രവാദി'യുടെ ജീവിതകഥ പറയുന്നതിന് ബിബിസിക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

ബംഗ്ലദേശില്‍നിന്നു യുകെയിലേക്കു കുടിയേറിയ മാതാപിതാക്കളുടെ മകളായി ഈസ്റ്റ് ലണ്ടനിലെ ടവര്‍ ഹാംലെറ്റ്‌സിലാണ് ഷമീമ ബീഗത്തിന്റെ ജനനം. ബെത്നാല്‍ ഗ്രീന്‍ അക്കാദമിയില്‍നിന്നു സെക്കന്‍ഡറി വിദ്യാഭ്യാസം നേടി. 2015 ഫെബ്രുവരിയിലാണ് അമീറ അബേസ് (15), ഖദീജ സുല്‍ത്താന (16) എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം ഷമീമ സിറിയയിലേക്കു കടക്കുന്നത്. സിറിയയില്‍ എത്തി പത്തു ദിവസത്തിനു ശേഷം, ഡച്ച് വംശജനായ യാഗോ റീഡിക്കിനെ ഷമീമ വിവാഹം കഴിച്ചു.

2014 ഒക്ടോബറില്‍ സിറിയയില്‍ എത്തി ഇസ്ലാം മതം സ്വീകരിച്ച വ്യക്തിയായിരുന്നു യാഗോ. നാലു വര്‍ഷത്തിനിടെ മൂന്നു കുട്ടികളെ ഷമീമ പ്രസവിച്ചു, പക്ഷേ ആരും ജീവിച്ചിരിപ്പില്ല. 2019ല്‍ മൂന്നാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുമ്പോഴാണ് ഷമീമയെ സിറിയയിലെ അഭയാര്‍ഥി ക്യാപില്‍ കണ്ടെത്തിയത്. ക്യാംപില്‍ ജന്മം നല്‍കിയ കുട്ടിയും ഒരു മാസം കഴിഞ്ഞപ്പോള്‍ ശ്വാസകോശത്തിലെ അണുബാധ മൂലം മരിക്കുകയായിരുന്നു.

ഷമീമയ്‌ക്കൊപ്പം പോയ ഖദീജ സുല്‍ത്താന, സിറിയയില്‍ നടന്ന റഷ്യന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. അമീറയെപ്പറ്റി കൃത്യമായ വിവരങ്ങളില്ലെങ്കിലും ജീവിച്ചിരിപ്പുണ്ടെന്നാണ് അറിയാന്‍ സാധിച്ചതെന്നാണ് ഷമീമ നേരത്തേ നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതിനുള്ള സാധ്യതയില്ലെന്നും പോഡ്കാസ്റ്റില്‍ ഷമീമ പറയുന്നു. തുര്‍ക്കി വഴിയാണ് ഷമീമയും സുഹൃത്തുക്കളും യുകെയില്‍നിന്നു സിറിയയില്‍ എത്തിയത്. ഈസ്തംബുളില്‍ വച്ച് ഇവര്‍ മുഹമ്മദ് അല്‍ റഷീദ് എന്നയാളെ കണ്ടുമുട്ടി. ഐഎസിനു വേണ്ടി പെണ്‍കുട്ടികളെ കടത്തി, കനേഡിയന്‍ ഏജന്‍സിക്കു വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന ചാരനായിരുന്നു റഷീദ്. ജോര്‍ദാനിലുള്ള കനേഡിയന്‍ എംബസിയിലാണ് ഇയാള്‍ വിവരങ്ങള്‍ നല്‍കിയിരുന്നത്.

ഷമീമയെ ഐഎസിലേക്കു കടത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തുര്‍ക്കിയില്‍ അറസ്റ്റിലായ റഷീദ്, ഷമീമ ഉപയോഗിച്ചിരുന്ന പാസ്‌പോര്‍ട്ടിന്റെ ചിത്രം കനേഡിയന്‍ ഏജന്‍സിക്ക് കൈമാറിയിരുന്നതായി വെളിപ്പെടുത്തി. എന്നാല്‍ യുകെയുടെ മെട്രോപൊലിറ്റന്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയും കാനഡയ്ക്ക് ഷമീമയുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ലഭിക്കുകയും ചെയ്ത സമയത്തിനുള്ളില്‍ അവള്‍ സിറിയയില്‍ എത്തിയിരുന്നു. ഐഎസിന്റെ പ്രധാന കേന്ദ്രമായ സിറിയയിലെ റാഖയിലെ മനുഷ്യക്കടത്ത് ശൃംഖല വഴിയാണ് ഷമീമ സിറിയയിലെത്തിയതെന്നു റഷീദില്‍നിന്നു ലഭിച്ച രേഖകള്‍ സൂചിപ്പിക്കുന്നു. ഈ ശൃംഖലയുടെ തുര്‍ക്കി വിഭാഗത്തിന്റെ ചുമതല റഷീദിനായിരുന്നു. ഷമീമയെയും സുഹൃത്തുക്കളെയും സിറിയയിലേക്കു കടത്തുന്നതിനു മുന്‍പ് എട്ടു മാസത്തോളം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ബ്രിട്ടിഷ് പൗരന്മാരെ റഷീദ് ഐഎസിനായി കടത്തിയിട്ടുണ്ടെന്നാണ് വിവരം.