കൊച്ചി: താരസംഘടനയായ അമ്മ എക്സിക്യൂട്ടീവിന്റെ കൂട്ടരാജി എടുത്തുചാട്ടമെന്ന് നടന്‍ ഷമ്മി തിലകന്‍. എല്ലാവരും ഒരുമിച്ച് രാജിവേക്കേണ്ട കാര്യമില്ലായിരുന്നു. കുറ്റാരോപിതര്‍ മാത്രം രാജിവെച്ചാല്‍ മതിയായിരുന്നു. ഇത് അനിശ്ചിതത്വം ഉണ്ടാക്കും. നിലവില്‍ അമ്മ അംഗമല്ലെങ്കിലും, സ്ഥാപക അംഗമല്ലെന്ന നിലയില്‍ കൂട്ടരാജി വിഷമമുണ്ടാക്കിയെന്നും ഷമ്മി തിലകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

നേതാവിന്റെ മൗനത്തിന്റെ ബലിയാടാണ് ഞാന്‍. നേതാവ് മൗനിയായിപ്പോയതാണ് കാരണം. പ്രസിഡന്റിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടതായിരിക്കാം. അല്ലെങ്കില്‍ ഇങ്ങനെ നില്‍ക്കേണ്ടി വരില്ലല്ലോയെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

ഞാന്‍ ശരി പക്ഷമാണെന്ന് നേരത്തെ പറഞ്ഞതാണ്. തെറ്റ് ആര് ചെയ്താലും തിരിച്ചറിഞ്ഞ് തിരുത്താനുള്ള മനസ്സ് കാണിക്കണം. അതിന് വേണ്ടി തന്നെയാണ് താന്‍ ശബ്ദമുയര്‍ത്തിയത്. ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുകയല്ല വേണ്ടത്. കണ്ണാടി നോക്കി നമ്മള്‍ നമ്മളെ അറിയുക. അതാണ് അതിനകത്തെ കുഴപ്പമെന്നും ഷമ്മി തിലകന്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.

ഈ സംഭവങ്ങള്‍ കാലത്തിന്റെ കാവ്യനീതിയെന്ന് അച്ഛന് മനസില്‍ തോന്നുന്നുണ്ടാകാം. തന്നോട് ചെയ്തതിനോടൊന്നും പ്രതികാര മനോഭാവത്തോടെ കാണുന്നില്ല. തനിക്ക് അത്തരം ചിന്തകളില്ല. ഇനി നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണ്. ഇതൊരു ഉത്തരം മുട്ടലാണ്. അമ്മയുടെ നേതൃനിരയിലേക്ക് വനിതകള്‍ വരണം. ആര് തെറ്റ് ചെയ്താലും തിരുത്താനുള്ള മനസ് കാണിക്കണം. പ്രതികരിക്കുന്നവരെ അടിച്ചമര്‍ത്താനല്ല നോക്കേണ്ടത്.

ജാതിയില്‍ കൂടിയ ആളെന്ന ചിന്ത മനസില്‍ വെച്ച് പ്രവര്‍ത്തിച്ചാല്‍ ഇതൊക്കെ സംഭവിക്കും. കൂട്ടരാജി ഒളിച്ചോട്ടമാണെന്ന് പറയാന്‍ പറ്റില്ല. ഉത്തരം മുട്ടിയുള്ള രാജിയായാണ് തോന്നുന്നത്. അഞ്ഞൂറിലേറെ പേര്‍ അംഗങ്ങളായ സംഘടനയില്‍ വോട്ട് ചെയ്തവരോട് കാണിച്ച ചതിയാണ് രാജി. സംഘടനയില്‍ പലര്‍ക്കും താന്‍ കഴിഞ്ഞാല്‍ പ്രളയമെന്ന ചിന്തയാണെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

കൂട്ടരാജി ഉത്തരംമുട്ടലാണ്. ചിലര്‍ കൊഞ്ഞനംകുത്തും. മൗനം വിദ്വാന് ഭൂഷണം എന്നും താരം പറഞ്ഞു. പുതിയ തലമുറക്കാര്‍ നേതൃത്വത്തിലേക്ക് വരുന്നത് അനിവാര്യതയാണ്. വനിതകള്‍ വരണമെന്നും മാധ്യമങ്ങളുടെ ചോദ്യത്തോട് ഷമ്മി തിലകന്‍ പ്രതികരിച്ചു. വിഷയത്തില്‍ മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ പ്രതികരണത്തെ ഷമ്മി തിലകന്‍ പരിഹസിച്ചു. എന്നെ വിട്ടേക്കൂ. എന്നില്‍ ഔഷധമൂല്യങ്ങളില്ലെന്നായിരുന്നു ഗണേഷ് കുമാര്‍ പറഞ്ഞത്.

സിനിമാ മേഖലയിലെ പ്രശ്നങ്ങളില്‍ എഎംഎംഎ ഫലപ്രദമായി ഇടപെട്ടില്ല എന്ന വിമര്‍ശം ഏറ്റെടുത്താണ് നിലവിലെ ഭരണസമിതി പിരിച്ചുവിട്ടത്. വിമര്‍ശനങ്ങളുടെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്തുകൊണ്ടാണ് മോഹന്‍ലാലിന്റെ രാജി. ഒപ്പം ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെച്ചു. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിറവേറ്റാന്‍ നിലവിലുള്ള കമ്മിറ്റി അഡ്ഹോക് കമ്മിറ്റിയായി തുടരും. പുതിയ കമ്മിറ്റി നിലവില്‍ വരുന്നത് വരെയാണ് അഡ്ഹോക് കമ്മിറ്റി തുടരുക. രണ്ട് മാസത്തിനു ശേഷം തിരഞ്ഞെടുപ്പുണ്ടാകും. ഓണ കൈനീട്ടം അടക്കമുള്ള കാര്യങ്ങള്‍ തുടരും. എഎംഎംഎയുടെ വീഴ്ച സമ്മതിച്ചാണ് കൂട്ടരാജിയെന്ന് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗികാരോപണമടക്കമുള്ള കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവര്‍ എഎംഎംഎയിലെ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്ന് രാജിവെക്കണമെന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എഎംഎംഎയിലെ അംഗമെന്ന് പറയുന്നതുതന്നെ അപമാനമായി മാറുന്നുവെന്നാണ് ഇവരുടെ ആക്ഷേപം. നിലപാടും നടപടിയും വൈകിച്ചു ഇനിയും നാണക്കേട് ക്ഷണിച്ചു വരുത്തരുതെന്ന ആവശ്യമാണ് ഇക്കൂട്ടര്‍ ഉന്നയിക്കുന്നത്.