ലണ്ടന്‍: ചരിത്ര പുസ്തകങ്ങളില്‍ ഏറെ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ഒരു പേരാണ് ഷാപുര്‍ജി സക്ലത്വാല എന്നത്. എന്നാല്‍, ഇന്തയിലെ അതിസമ്പന്ന കുടുംബങ്ങളില്‍ ഒന്നിലെ അംഗമായ, ഒരു പരുത്തിക്കച്ചവടക്കാരന്റെ പേര് എന്നും ചരിത്രത്തില്‍ മങ്ങാതെ കിടക്കുന്ന ഒരു പേരാണ്. പോരാട്ടത്തിന്റെയും, ധിക്കാരത്തിന്റെയും ഒപ്പം ദൃഢനിശ്ചയത്തിന്റെയും കഥയാണ് ഈ ടാറ്റാ കുടുംബാംഗത്തിന്റെത്. തന്റെ ബന്ധുക്കള്‍ ചെയ്തതുപോലെ കുടുംബ പേര് വാലായി ചേര്‍ക്കുകയോ അവരുടെ വിധി അനുഭവിക്കുകയോ ചെയ്യാതെ ഒറ്റക്ക് വഴിനടന്ന ഒരാള്‍.

ബ്രിട്ടീഷ് ബ്രാന്‍ഡുകളായ ജഗ്വാര്‍, ടെറ്റ്‌ലി ടീ തുടങ്ങിയവ ഉള്‍പ്പടെ സ്വന്തമാക്കിയ, ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിസിനസ്സ് സാമ്രാജ്യങ്ങളില്‍ ഒന്നായ ടാറ്റാ ഗ്രൂപ്പിന്റെ നടത്തിപ്പും ഷാപൂര്‍ജി സക്ലത്വാലയുടെ അജണ്ടയിലുണ്ടായിരുന്നില്ല. പകരം അദ്ദേഹം ആയത്, എന്തും വെട്ടിത്തുറന്ന് പറയാന്‍ ചങ്കൂറ്റമുള്ള, ബ്രിട്ടനില്‍ അതീവ സ്വാധീനശക്തിയുള്ള ഒരു രാഷ്ട്രീയ നേതാവ് എന്നതായിരുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അംഗം വരെ ആയ അദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വരെ ശബ്ദമുയര്‍ത്തി. അതിനിടയില്‍ മഹാത്മാഗാന്ധിയുമായി ഒന്നുരണ്ട് തവണ ഉരസലുകള്‍ ഉണ്ടാവുകയും ചെയ്തു.

ദൊറാബ്ജി എന്ന പരുത്തി കച്ചവടക്കാരന്റെയും, ടാറ്റ ഗ്രൂപ്പ് സ്ഥാപകനായ ജാംഷഡ്ജി നസ്സെര്‍വന്‍ജി ടാറ്റയുടെ ഇളയ മകള്‍ ജെറാബായിയുടെയും മകനാണ്‍- സക്ലത്വാല. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കല്‍ വേര്‍പിരിഞ്ഞതോടെ സ്‌ക്ലത്വാല, തന്റെ അമ്മയ്‌ക്കൊപ്പം, അമ്മയുടെ സഹോദരനായ ജാംഷഡ്ജി ജൂനിയറിന്റെ ബോംബെയിലുള്ള വീട്ടിലേക്ക് താമസം മാറി. എല്ലാകാര്യത്തിലും അതീവ സമര്‍ത്ഥനയാ സക്ലത്വാല അധികം വൈകാതെ തന്നെ തന്റെ അമ്മാവന്റെ പ്രിയങ്കരനായി മാറി. എന്നാല്‍, ഇത് ജാംഷഡ്ജി ജൂനിയറിന്റെ മൂത്തമകന്‍ ദൊറാബില്‍ അസൂയയുടെ കനലുകള്‍ വിരിക്കുകയായിരുന്നു.




ആണ്‍കുട്ടികള്‍ എന്ന നിലയിലും പിന്നീട് പുരുഷന്മാര്‍ എന്ന നിലയിലും അവരുടെ പരസ്പര വൈരാഗ്യം ഒരിക്കലും അവസാനിച്ചിരുന്നില്ല എന്ന് പിന്നീട് സക്ലത്വാലയുടെ പുത്രി എഴുതിയിരുന്നു. വൈരാഗ്യം മൂത്തതോടെ കുടുംബത്തിലും കുടുംബ ബിസിനസ്സിലും ഒരു ചുമതലയും സക്ലത്വാലയെ ഏല്‍പ്പിക്കാതെയായി. കുടുംബത്തിലെ സംഭവ വികാസങ്ങള്‍ക്കൊപ്പം, ബോംബെയില്‍ 1890 കളില്‍ പടര്‍ന്ന് പിടിച്ച പ്ലേഗും സക്ലത്വാലയുടെ ചിന്താഗതിയെ മാറ്റിമറിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. പാവങ്ങളും തൊഴിലളികളുമാണ് ഏറെയും രോഗത്തിന് കീഴടങ്ങി മരിക്കുന്നതെന്ന വസ്തുത അദ്ദേഹത്തെ അലട്ടി.

അക്കാലത്ത് ഒരു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന സക്ലത്വാലയ്ക്ക് സര്‍ ചക്രവര്‍ത്തിയെ എതിര്‍ത്തതിനാല്‍ റഷ്യ വിട്ട് പലായനം ചെയ്യേണ്ടി വന്ന ഒരു വിപ്ലവകാരികൂടിയായ ശാസ്ത്രജ്ഞന്‍, വാള്‍ഡെമര്‍ ഹാഫ്‌കൈനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചു. അന്ന് ഹാഫ്കിന്‍ പ്ലേഗിനെതിരെ ഒരു വാക്‌സിന്‍ വികസിപ്പിക്കുകയും സക്ലത്വാല വീട്വീടാന്തരം കയറിയിറങ്ങി അതിന്റെ കാര്യക്ഷമത പ്രചരിപ്പിക്കുകയും ചെയ്തു. പ്രായവ്യത്യാസം ഉണ്ടായിരുന്നെങ്കിലും ഇരുവരുടെയും വീക്ഷണങ്ങള്‍ സമാനമായിരുന്നു എന്ന് മകള്‍ എഴുതുന്നു. ആദര്‍ശവാദിയായ ഒരു ശാസ്ത്രജ്ഞന്‍, അനുതാപപൂര്‍ണ്ണമായ മനസ്സുള്ള ഒരു വിദ്യാര്‍ത്ഥിയെ ഏറെ സ്വാധീനിച്ചിട്ടുണ്ടാകാം എന്നും അവര്‍ എഴുതുന്നു.

സക്ലത്വാലയെ സ്വാധീനിച്ച മറ്റൊരു വ്യക്തി ഒരു വെയ്റ്റ്റസ് ആയിരുന്ന സാലി മാര്‍ഷ ആയിരുന്നു. 12 മക്കളില്‍ ഒരാളായിരുന്ന സാലിക്ക് വളരെ ചെറുപ്പത്തില്‍ തന്നെ അച്ഛനെ നഷ്ടപ്പെട്ടിരുന്നു. അവരുടെ കുടുംബത്തിലെ എല്ലാവരും ജോലി ചെയ്താല്‍ മാത്രമായിരുന്നു കഷ്ടിച്ച് ജീവിക്കാന്‍ കഴിഞ്ഞിരുന്നത്. ഇവരുമായുള്ള അടുപ്പമാണ്, ബ്രിട്ടനിലെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ അദ്ദേഹത്തിലേക്ക് എത്തിച്ചത്.

1905 ല്‍ ബ്രിട്ടനിലെത്തിയതിന് ശേഷം സക്ലത്വാല രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയായിരുന്നു. ദരിദ്രക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും വെണ്ടി ശബ്ദമുയര്‍ത്തുക എന്നതായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. 1909 ല്‍ ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന അദ്ദേഹം പിന്നീട് 12 വര്‍ഷങ്ങള്‍ക്ക് ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ഇന്ത്യയിലെയും ബ്രിട്ടനിലെയും തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയ സക്ലത്വാല, സോഷ്യലിസ്റ്റ് ഭരണ സമ്പ്രദായത്തിന് മാത്രമെ ദാരിദ്യം നിര്‍മ്മാര്‍ജനം ചെയ്യുവാനും ജനങ്ങളുടെ ശബ്ദം പൊതുവേദികളില്‍ എത്തിക്കാനും കഴിയുക്യുള്ളു എന്നും വിശ്വസിച്ചിരുന്നു.

1922 ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഏഴ് വര്‍ഷത്തോളം ആ സ്ഥാനത്ത് തുടര്‍ന്നു. ഇക്കാലത്ത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി അദ്ദേഹം പാര്‍ലമെന്റില്‍ അതിശക്തമായ ഇടപെടലുകള്‍ നടത്തുകയുണ്ടായി. കണ്‍സര്‍വേറ്റീവ് എം പിമാര്‍ അദ്ദേഹത്തെ ഒരു വിപ്ലവകാരിയായ കമ്മ്യൂണിസ്റ്റായി കാണുന്ന തരത്തിലുള്ള അത്ര ശക്തമായ ഇടപെടലുകളായിരുന്നു അദ്ദേഹം നടത്തിയത്. പാര്‍ലമെന്റില്‍ അംഗമായിരുന്ന കാലത്ത് അദ്ദേഹം പല തവണ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയിലെ തൊഴിലാളികളെയും യുവ ദേശീയവാദികളെയും സ്വാതന്ത്ര സമരത്തില്‍ പങ്കെടുക്കാന്‍ ആഹ്വാനം നല്‍കിയ അദ്ദേഹം, താന്‍ സന്ദര്‍ശിച്ച ഇടങ്ങളിലെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ വളര്‍ച്ചയ്ക്കും സംഘാടനത്തിലും കാര്യമായ സംഭാവനകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.




അതിതീവ്ര നിലപാടുള്ള സക്ലത്വാലയ്ക്ക് പക്ഷെ ഒരിക്കലും ഗാന്ധിജിയുടെ അഹിംസ വാദത്തോട് യോജിക്കാന്‍ ആകുമായിരുന്നില്ല. നിരവധി തവണ അവര്‍ തമ്മില്‍ ആശയപരമായി എറ്റുമുട്ടിയിട്ടുമുണ്ട്. സക്ലത്വാലയുടെ ഇന്ത്യന്‍ പ്രസംഗങ്ങള്‍ അധികൃതര്‍ക്ക് തലവേദനയായപ്പോള്‍ 1927 ല്‍ അദ്ദേഹത്തിന് ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ നിരോധനം ഏര്‍പെടുത്തി. 1929 ല്‍ അദ്ദേഹത്തിന് എം പി സ്ഥാനം നഷ്ടപ്പെട്ടെങ്കിലും അദ്ദേഹം ഇന്ത്യയ്ക്കായി ശബ്ദമുയര്‍ത്തുന്നത് തുടര്‍ന്നു. 1936 ല്‍ മരണമടയുന്നത് വരെ അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു.