ഷാര്‍ജ: അതുല്യയുടേത് കൊലപാതകമെന്ന സംശയം ശക്തമാക്കി ഭര്‍ത്താവ് സതീഷ് ശങ്കറിന്റെ വെളിപ്പെടുത്തല്‍. അകത്തു നിന്നും പൂട്ടിയ ശേഷമാണ് താന്‍ പോയതെന്നും വീടിന് ഒരു താക്കോല്‍ മാത്രമാണുള്ളതെന്നും സതീഷ് നേരത്തെ പറഞ്ഞിരുന്നു. അപ്പോള്‍ ആരാണ് ഡോര്‍ തുറന്നു കൊടുത്തതെന്ന ചോദ്യം മറുനാടന്‍ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ ഡോര്‍ തുറന്നു കിടക്കുകയായിരുന്നുവെന്ന് സതീഷ് അതിവേഗം പ്രതികരിച്ചു. ഇതിനൊപ്പം പറഞ്ഞ കാര്യങ്ങള്‍ ഗൂഢാലോചന പ്രകാരമുള്ള കൊലയാണോ നടന്നതെന്ന സംശയമാണ് ഉയരുന്നത്. അതുല്യ തൂങ്ങി നിന്നത് ആരും കണ്ടിട്ടില്ല. അതുല്യയ്ക്കെതിരെ സംശയം ഉയര്‍ത്തുന്ന പലതും പറഞ്ഞു വച്ചു. തനിക്ക് ആരുമില്ലെന്നം സതീഷ് ശങ്കര്‍ പറയുന്നു. അടിമുടി ദുരൂഹമാണ് സതീഷിന്റെ വെളിപ്പെടുത്തല്‍. ഭാര്യയെ താന്‍ ആക്രമിക്കാറില്ലെന്നും അതെല്ലാം അഭിനയമാണെന്നും സതീഷ് പറയുന്നു. അതുല്യ ജോലിക്ക് പോകാനാരിക്കെയാണ്. ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന തരത്തില്‍ വീഡിയോ കോള്‍ വന്നുവെന്നും സതീഷ് പറയുന്നു. സ്വന്തം അമ്മയെ പോലും തള്ളിപറഞ്ഞ് സതീഷ്, ഭാര്യാ സ്നേഹിയാണെന്ന് പറയുകയാണ് സതീഷ്. പക്ഷേ രണ്ടു തവണ ഡിവോഴ്സിന് അതുല്യ ശ്രമിച്ചിരുന്നു. കൗണ്‍സിലിംഗിലേക്കും കാര്യങ്ങളെത്തി. കാലു പിടിച്ചാണ് അന്നും അതുല്യയെ കൂടെ കൂട്ടിയത്. പത്ത് കൊല്ലം മുമ്പായിരുന്നു ആദ്യ ഡിവോഴ്സ് കേസ്. പിന്നീടും കേസുണ്ടായി. ഇതെല്ലാം മറച്ചു വച്ചാണ് സതീഷിന്റെ പുതിയ തിയറികള്‍.

തന്റെ ഭാര്യ ആത്മഹത്യ ചെയ്യില്ലെന്ന് സതീഷ് പറയുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യ ചെയ്യില്ലെന്ന് തെളിയുമെന്ന മുന്‍വിധിയാകും ഈ വെളിപ്പെടുത്തലിന് കാരണമെന്ന് വ്യക്തമാകുന്നു. ആത്മഹത്യാ തിയറി സ്വയം അവതരിപ്പിക്കുന്നതും രക്ഷപ്പെടലുമെല്ലാം അവതരിപ്പിക്കുന്നത് തന്ത്രപരമാണെന്നും കരുതുന്നു. ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അതുല്യ. ഇതിന് വേണ്ടിയുള്ള എല്ലാ സഹായവും സതീഷ് ചെയ്തു കൊടുത്തിരുന്നു. അങ്ങനെ അതുല്യയെ വിശ്വസിപ്പിച്ച ശേഷം കൊലപ്പെടുത്താനുള്ള തന്ത്രം ഉണ്ടായോ എന്നത് സംശയമായി തുടരുന്നു. വീട് പൂട്ടി പുറത്ത് പോയത് അതുല്യയെ അപായപ്പെടുത്തിയ ശേഷമാണോ എന്ന സംശയം ശക്തമാണ്. തിരിച്ചെത്തി ആത്മഹത്യാ കഥ ആദ്യം അവതരിപ്പിച്ചു. ഷാര്‍ജാ പോലീസിനോടും ഇതാണ് പറഞ്ഞത്. കട്ടില്‍ മാറ്റിയത് അടക്കം പറഞ്ഞിട്ട ആദ്യ വിശദീകരണത്തിലെ പൊള്ളത്തരങ്ങള്‍ മറുനാടന്‍ പൊളിച്ചിരുന്നു. അതിന് ശേഷം ആ പഴുതുകള്‍ അടയ്ക്കാനുള്ള പുതിയ തിയറിയുമായി എത്തി. സാഹചര്യം അനുസരിച്ച് കഥ മാറ്റി പറയുകയാണ് സതീഷ്. .ഷാര്‍ജയിലെ പോസ്റ്റ്മോര്‍ട്ടം അതിനിര്‍ണ്ണായകമാകും. കേരളത്തില്‍ കേസെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ മൃതദേഹം നാട്ടില്‍ കൊണ്ടു വന്നാല്‍ വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തും. അതുകൊണ്ട് തന്നെ വസ്തുത കേരളത്തിലും തിരിച്ചറിയും.

'എന്റെ അതുല്യ പോയി ഞാനും പോകുന്നു എന്ന് പറഞ്ഞ് പോസ്റ്റിട്ടശേഷം ഞാനും ആത്മഹത്യക്ക് ശ്രമിച്ചു. ഒരുപാട് നേരം തൂങ്ങി നിന്നു. ഒടുവില്‍ ശ്രമം അവസാനിപ്പിച്ചു. സാമ്പത്തികമാണ് എന്റെ പ്രശ്‌നമെന്ന് പറയുന്നവരുണ്ട്. 9500 ദിര്‍ഹം എനിക്ക് ശമ്പളമുണ്ട്. അതുകൊണ്ട് സാമ്പത്തിക കാര്യത്തിന് ഞാന്‍ അവളെ ഉപദ്രവിച്ചിട്ടില്ല' സതീഷ് പറയുന്നു. താനൊരു ധൂര്‍ത്തനാണെന്നും എത്ര കിട്ടിയാലും മതിയാവില്ലെന്നതിനുമുള്ള തെളിവാണ് ഈ വെളിപ്പെടുത്തല്‍. കൊല്ലം തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയില്‍ 'അതുല്യ ഭവന'ത്തില്‍ അതുല്യ ശേഖര്‍ (30) ഷാര്‍ജയിലെ താമസസ്ഥലത്താണ് ശനിയാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തിന് പിന്നില്‍ സതീഷിന്റെ പീഡനമാണെന്ന് അതുല്യയുടെ കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. ഇതിന് ശരിവെക്കുന്ന വാട്‌സാപ്പ് ചാറ്റുകളും വീഡിയോകളും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സതീഷ് വിശദീകരണവുമായി രംഗത്തെത്തിയത്. താന്‍ മദ്യപിക്കാറുണ്ടെന്നും അതുല്യയെ മര്‍ദിക്കാറുണ്ടെന്നും വിശദീകരണത്തിനിടെ സതീഷ് പറഞ്ഞു.

സതീഷിന്റെ പുതിയ വാദങ്ങള്‍ ഇങ്ങനെ

അതുല്യയുടെ മരണത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന് പറഞ്ഞ സതീഷ് അതില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ചു. അതുല്യ മരിച്ച മുറിയില്‍ ബെഡ് മാറി കിടക്കുന്നതും മുറിയില്‍ കത്തിയും മാസ്‌കും കണ്ടെത്തിയതും സംശയങ്ങള്‍ ജനിപ്പിക്കുന്നതാണെന്ന് സതീഷ് പറഞ്ഞു. അവളുടെ കൈയില്‍ ഒരു ബട്ടന്‍സും ഉണ്ടായിരുന്നു. അത് എന്റേതല്ല. ഇക്കാര്യങ്ങളെല്ലാം തെളിയണം. ക്യാമറ പരിശോധിക്കണം. എന്റെ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അവള്‍ ആത്മഹത്യ ചെയ്തതെങ്കില്‍ ഇത് ദുബായി ആണ് അവള്‍ക്ക് ഇട്ടിട്ട് പോകാമായിരുന്നുവെന്നും സതീഷ് പറഞ്ഞു. അതുല്യ മരിച്ചതിന് ശേഷം താനും ആത്മഹത്യക്ക് ശ്രമിച്ചതായും സതീഷ് പ്രതികരിച്ചു.

'രണ്ട് മൂന്ന് കാര്യങ്ങള്‍ ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. അതിലൊന്ന് കഴിഞ്ഞ നവംബറില്‍ അതുല്യ ഗര്‍ഭിണിയായി. അവള്‍ നാട്ടിലേക്ക് പോയി എന്റെ അനുവാദമില്ലാതെ ഗര്‍ഭം അലസിപ്പിച്ചു. അതിനു ശേഷം തിരിച്ചു ഇങ്ങോട്ടേക്ക് തന്നെ കൊണ്ടുവന്നു. എന്തിനാണ് ഇത് ചെയ്തതെന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത്, നിങ്ങള്‍ക്ക് 40 വയസ്സായി. നിങ്ങള്‍ ഒരു ഷുഗര്‍ രോഗിയാണ്. മറ്റൊരു കുഞ്ഞിനെ കൂടി നോക്കാന്‍ എനിക്കാകില്ല. കുഞ്ഞായി കഴിഞ്ഞാല്‍ മറ്റൊന്നിനും സാധിക്കില്ല എന്ന്. ഇക്കാര്യം ഞാന്‍ അവളോട് നിരന്തരം ചോദിക്കാറുണ്ടായിരുന്നു. കൃത്യമായ മറുപടി അവള്‍ ഇതുവരെ നല്‍കിയിട്ടില്ല' സതീഷ് പറഞ്ഞു.

അതുല്യ ജീവനൊടുക്കിയ ദിവസത്തില്‍ സംഭവിച്ചതിനെ കുറിച്ച് സതീഷ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്...'പെട്ടെന്ന് വിളിച്ചിട്ട് പറഞ്ഞു, ചേട്ടാ എനിക്ക് ജോലിക്ക് പോകണമെന്ന്. ഓക്കേ എന്ന് ഞാന്‍ പറഞ്ഞു, ടാക്‌സിയും അതിന് വേണ്ട പണവും ഏര്‍പ്പാടാക്കി നല്‍കി. എന്റെ ക്രെഡിറ്റ് കാര്‍ഡും നല്‍കി. എന്താവശ്യമുണ്ടെങ്കിലും ഇതില്‍നിന്ന് എടുത്തോ എന്ന് പറഞ്ഞു. എല്ലാം ഓക്കെയായിരുന്നു. വഴക്കിനെ തുടര്‍ന്ന് ഒരാഴ്ചയോളമായി അവള്‍ താഴെയും ഞാനും മുകളിലുമായിട്ടാണ് താമസിച്ചത്. ഞാന്‍ മദ്യപിക്കാറുണ്ട്. വാരാന്ത്യം ആയതുകൊണ്ട് ഞാന്‍ കഴിച്ചിരുന്നു. വീട്ടുകാര്‍ പറയുന്ന പോലെ ദിവസവും മദ്യപിക്കുന്ന ആളല്ല. ഷുഗര്‍ രോഗി ആയതുകൊണ്ട് ദിവസവും മദ്യപിക്കാനാകില്ല. രണ്ടുനേരം ഇന്‍സുലിന്‍ എടുക്കുന്നുണ്ട്. പലതവണ പ്രശ്‌നങ്ങളുണ്ടായപ്പോഴും ഞാനവളെ ചേര്‍ത്തുപിടിച്ചു. മറ്റാരും ഇല്ലാത്തത് കൊണ്ട് അതുല്യയും ഞാനും കുറച്ച് പൊസ്സസീവ്‌നെസ്സ് ഉള്ളവരായിരുന്നു. ഞാന്‍ കൂട്ടുകാരുമായി സംസാരിക്കുന്നതും പുറത്ത് പോയി കഴിക്കുന്നതും ബന്ധുക്കളുമായി ചേരുന്നതൊന്നും അതുല്യക്ക് ഇഷ്ടമായിരുന്നില്ല. അതിന്റെ പേരില്‍ അമ്മയോട് പോലും ഞാന്‍ സംസാരിക്കാറില്ല. അവള്‍ക്കും ഞാന്‍ തന്നെയായിരുന്നു എല്ലാം.

വാരാന്ത്യം ആയതുകൊണ്ട് ഇന്നലെ അജ്മാനിലുള്ള ഒരു സുഹൃത്ത് പാര്‍ട്ടിക്കായി വിളിച്ചു. ഞാന്‍ പുറത്ത് പോയി. ഈ സമയത്ത് അവള്‍ ഒരുപാട് വിളിച്ചിരുന്നു. സാധാരണ അങ്ങനെ ഉണ്ടാകാറുണ്ട്. പുറത്ത് പോകുമ്പോഴെല്ലാം ഒരുപാട് തവണ വിളിച്ചുകൊണ്ടിരിക്കും. ഇന്നലെ ഇതുപോലെ കോളുകള്‍ വന്നപ്പോള്‍ ഞാന്‍ കട്ടാക്കി. ഒടുവില്‍ വീഡിയോകോളില്‍ ഫാനൊക്കെ കാണിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ചു. അതോടെ ഞാന്‍ പെട്ടെന്ന് ഓടി ഇവിടേക്കെത്തി. അപ്പോള്‍ ഡോര്‍ തുറന്ന് കിടക്കുകയായിരുന്നു. ഫാനില്‍ തൂങ്ങി കിടക്കുകയായിരുന്നു. ഉടന്‍ പോലീസിനെയും മറ്റുള്ളവരെയും വിവരം അറിയിച്ചു. പോലീസ് സ്റ്റേഷനില്‍ പോയി ഞാന്‍ തിരിച്ച് റൂം പരിശോധിച്ചപ്പോള്‍ കണ്ടത്, മൂന്നുപേര്‍ പിടിച്ചാല്‍ പൊങ്ങാത്ത കട്ടിലും ബെഡും മാറി കിടക്കുന്ന നിലയിലായിരുന്നു. ഒരു കത്തി അവിടെയുണ്ട്. ഉപയോഗിക്കാത്ത എട്ട് മാസ്‌കും അവിടെയുണ്ടായിരുന്നു. ജോലിക്ക് ഞങ്ങള്‍ രണ്ട് പേരും കൂടിയാണ് ഇന്റര്‍വ്യൂവിന് പോയിരുന്നത്. ജോലി കിട്ടിയ ശേഷം അവിടെ ജോലി ചെയ്തിരുന്നവര്‍ ശമ്പളമൊന്നും കിട്ടില്ലെന്ന പറഞ്ഞതിനെ തുടര്‍ന്ന് അത് വിട്ട കേസായിരുന്നു. പിന്നീട് പെട്ടെന്നാണ് അവള്‍ ജോലിക്ക് പോകണമെന്ന് പറഞ്ഞത്' സതീഷ് പറഞ്ഞു.

അവള്‍ ഒരിക്കലും ജീവിതം അവസാനിപ്പിക്കില്ല. കാരണം എല്ലാ പ്രശ്‌നങ്ങളും അതിജീവിക്കും. ഞാന്‍ ഷാര്‍ജയില്‍ വന്നു താമസിക്കുകയാണ്. എന്റെ ജീവിതത്തില്‍ അവള്‍ക്കറിയാത്ത ഒന്നുമില്ല. ക്യാമറ മുഴുവന്‍ പരിശോധിക്കണമെന്നും സതീഷ് ആവശ്യപ്പെട്ടു. 'എന്റെ അതുല്യ പോയി ഞാനും പോകുന്നു എന്ന് പറഞ്ഞ് പോസ്റ്റിട്ടശേഷം ഞാനും ആത്മഹത്യക്ക് ശ്രമിച്ചു. ഒരുപാട് നേരം തൂങ്ങി നിന്നു. ഒടുവില്‍ ശ്രമം അവസാനിപ്പിച്ചു. സാമ്പത്തികമാണ് എന്റെ പ്രശ്‌നമെന്ന് പറയുന്നവരുണ്ട്. 9500 ദിര്‍ഹം എനിക്ക് ശമ്പളമുണ്ട്. അതുകൊണ്ട് സാമ്പത്തിക കാര്യത്തിന് ഞാന്‍ അവളെ ഉപദ്രവിച്ചിട്ടില്ല' സതീഷ് കൂട്ടിച്ചേര്‍ത്തു.