- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാരോണ്‍ രക്തം തുപ്പിക്കൊണ്ടേയിരുന്നു; ലൈംഗികാവയവത്തിലൂടെ പോലും രക്തം വന്നുകൊണ്ടിരുന്നു; കുടല്‍ അടക്കം അഴുകി പോയി; 11 ദിവസം ഒരുതുള്ളി വെള്ളമിറക്കാന്‍ ആകാതെ മരണവെപ്രാളത്തോടെ കഴിഞ്ഞു; പപ്പ ജയരാജിനോട് ഒടുവില്‍ ഷാരോണ്‍ മനസ് തുറന്നത് ഇനി ഒരുതിരിച്ചുവരവില്ലെന്ന് മനസ്സിലായതോടെ; ഗ്രീഷ്മ കഷായ ചലഞ്ചിലൂടെ സമ്മാനിച്ചത് നരകയാതന
ഷാരോണിന്റെ ലൈംഗികാവയവത്തിലൂടെ പോലും രക്തം വന്നു
തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍, പ്രതി ഗ്രീഷ്മയ്ക്ക് നെയ്യാറ്റിന്‍കര കോടതി വധശിക്ഷ വിധിച്ചത് നന്നായെന്നും, അതല്ല അധികമായി പോയന്നും രണ്ടഭിപ്രായങ്ങള്‍ നിലവിലുണ്ട്. ആലോചിച്ചുറപ്പിച്ച് ഗവേഷണം നടത്തിയായിരുന്നു ഗ്രീഷ്മ കാമുകനെ വകവരുത്തിയത്. 11 ദിവസം നരകയാതന അനുഭവിച്ച ശേഷമാണ് ഷാരോണ്‍ മരിച്ചതെന്ന് വിധിന്യായത്തില്‍ എടുത്തുപറയുന്നുണ്ട്.
അവസാന നിമിഷം വരെ തന്റെ കാമുകിയെ കുറ്റക്കാരിയായി വിധിക്കാനും ഷാരോണ്‍ തയ്യാറായിരുന്നില്ല. ഒരുപക്ഷേ ഇക്കാര്യം നേരത്തെ ബോധ്യപ്പെട്ടിരിക്കാമെങ്കിലും, ഗ്രീഷ്്മയെ കുറ്റക്കാരിയായി പൊതുസമൂഹത്തിന് മുന്നില്‍ ചിത്രീകരിക്കാന്‍ ഷാരോണിന് ഇഷ്ടമല്ലായിരുന്നു എന്നുവേണം കരുതാന്‍. താന്‍ 99 ശതമാനവും മരിക്കും എന്ന് ബോധ്യം വന്നപ്പോഴാണ് പപ്പ ജയരാജിനോട് എല്ലാം തുറന്നുപറഞ്ഞതെന്ന് സഹോദരനും ആയുര്‍വേദ ഡോക്ടറുമായ ഷിമോണ്‍ പറഞ്ഞിരുന്നു.
താന്‍ മരിക്കും എന്ന് ഷാരോണ്‍ കരുതിയിരുന്നില്ല. ഒടുവില്‍ ആന്തരികാവയങ്ങളെ ഗ്രീഷ്മയുടെ മരണക്കഷായം തീര്‍ത്തും തകര്‍ത്തുകളഞ്ഞപ്പോഴാണ് ഷാരോണ്‍ പപ്പയോട് മനസ്സ് തുറന്നത്. അപ്പോഴേക്കും സഹോദരന്‍ ഷിമോണ്‍ അടക്കമുള്ളവര്‍ക്ക് വിഷത്തിന്റെ ഉറവിടം കഷായമാണെന്ന് ബോധ്യം വന്നിരുന്നു. തികഞ്ഞ ബോധ്യത്തില്‍ തന്നെയാണ് ഷിമോണ്‍, ഏതുകഷായമാണ് ഷാരോണ്‍ കുടിച്ചതെന്ന് ചോദിക്കാന്‍ ഗ്രീഷ്മയെ ഫോണില്‍ വിളിക്കുന്നത്. ആ ഫോണ്‍ കോള്‍ കേസില്‍ നിര്‍ണായകമാവുകയും, ഗ്രീഷ്മയുടെ കള്ളി വെളിച്ചത്താക്കുകയും ചെയ്തു.
ഗൂഗിളില്‍ വിശദമായ ഗവേഷണം നടത്തി ഗ്രീഷ്മ കാമുകന് വേണ്ടി തിരഞ്ഞെടുത്തത് മറുമരുന്നില്ലാത്ത കൊടുംവിഷമായ പാരക്വാറ്റ് എന്ന കളനാശിനിയാണ്. ഷാരോണിന്റെ ആന്തരികാവയവങ്ങളെല്ലാം ഈ കൊടുംവിഷത്തിന്റെ ആഘാതത്തില്‍ തകര്‍ന്നു. ആദ്യം വായയില്‍ പുണ്ണ് വന്നു. കുടല്‍ അടക്കം അഴുകി പോയി. 11 ദിവസം ഒരുതുള്ളി വെള്ളമിറക്കാനാകാതെ മരണവെപ്രാളത്തോടെ കഴിഞ്ഞു. ഷാരോണിന് ശ്വാസംമുട്ടല്‍ അധികമായപ്പോഴാണ് ഷിമോണ്‍ അടക്കമുള്ളവര്‍ ഇതുവെറും കഷായമല്ലെന്ന് തിരിച്ചറിയുന്നതും, അന്വേഷണത്തിലേക്ക് തിരിയുന്നതും. ശ്വാസംമുട്ടല്‍ കൂടിയതോടെ ഷാരോണും മനസ്സിലായി, തന്റെ നാളുകള്‍ അടുത്തെന്ന്.
ഷാരോണിന്റെ ലൈംഗികാവയവത്തില്‍ വരെ കഠിന വേദനയായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. കേസിലെ 92ാം സാക്ഷിയായിരുന്നു ഷാരോണിന്റെ പപ്പ ജയരാജ്. ജീവിച്ചിരുന്നെങ്കില്‍ ഇന്ന് ഷാരോണിന് 24 വയസാകുമായിരുന്നു. 22 ാം വയസില്‍ തന്റെ ആയുസ് ഒടുങ്ങുമെന്ന് ഒരിക്കലും കരുതാതിരുന്ന ഷാരോണിന് ആരോടെങ്കിലും എല്ലാം തുറന്നു പറയണമായിരുന്നു. അതവന്‍ പപ്പയോടാണ് പറഞ്ഞത്.
ആ സമയത്ത്, ശ്വാസകോശം ചുരുങ്ങി ശ്വാസം കഴിക്കാനാവാത്ത അവസ്ഥയിലായിരുന്നു ഷാരോണ്‍. ഗ്രീഷ്മയുമായുള്ള രഹസ്യവിവാഹം അടക്കം എല്ലാം മറച്ചുവച്ചതിലും, തെറ്റുസംഭവിച്ചതിലെ കുറ്റബോധവും കാരണം പപ്പയോട് ഷാരോണ്‍ മാപ്പ് ചോദിച്ചു. ജ്യൂസിലെ സ്ലോ പോയിസണിങ് ഫലിക്കാതെ വന്നതോടെയാണ് ഷഡംഗം കഷായത്തില്‍ കളനാശിനി കലര്‍ത്തി, കഷായ ചലഞ്ചിലൂടെ കാമുകനെ കൊല്ലാക്കൊല ചെയ്തത്.
അതോടെ, ഷാരോണിന്റെ ചുണ്ട് മുതല്‍ മലദ്വാരം വരെ വെന്തുരുകി. കറുത്ത നിറത്തിലാണ് മലം പൊയ്‌ക്കൊണ്ടിരുന്നത്. രക്തം തുപ്പിക്കൊണ്ടേയിരുന്നു. ലൈംഗികാവയവത്തിലൂടെ പോലും രക്തം വന്നുകൊണ്ടിരുന്നു. പ്രോസിക്യൂഷന്‍ വിശേഷിപ്പിച്ചത് പോലെ ബോണ്‍ ക്രിമിനലിന്റെ പൈശാചികമായ പ്രവൃത്തി തന്നെയായിരുന്നു ആ ചലഞ്ച്. അതും 'തന്നെ' വാവ എന്ന് വിളിച്ച് ജീവനോളം സ്‌നേഹിച്ച കാമുകനെ.
ഗ്രീഷ്മയെ കൈവിടാന്‍ ഷാരോണിന് ഒരിക്കലും മനസ്സ് വന്നില്ല. സാധാരണ ഗതിയില്‍ വിവാഹം ഉറപ്പിച്ചു കഴിഞ്ഞാല്‍ പ്രണയം ഉണ്ടായിരുന്നുവെങ്കില്‍ കൂടി പഴയ ബന്ധങ്ങള്‍ ഒഴിവാക്കാനേ എല്ലാവരും ശ്രമിക്കു. എന്നാല്‍ ഈ പെണ്‍കുട്ടി മാത്രം വീണ്ടും ഷാരോണിനെ കാണാന്‍ ശ്രമിച്ചതും വീട്ടില്‍ വിളിച്ചു വരുത്തിയതും കോളേജിലെ റെക്കോര്‍ഡുകള്‍ വരച്ചു നല്കിയതും കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായിരുന്നു. ഷാരോണ്‍ പഠിച്ചിരുന്ന നെയ്യൂരിലെ സി എസ് ഐ കോളേജില്‍ വെച്ച് ജ്യൂസ് ചലഞ്ചെന്ന പേരിലായിരുന്നു കൊല്ലാനുള്ള ആദ്യ ശമം. ഇതിനായി അമ്പതിലേറെ ഗുളികകള്‍ പൊടിച്ച നിലയില്‍ കയ്യില്‍ സൂക്ഷിച്ചിരുന്നുവെന്നും അന്വേഷണ സംഘത്തോട് ഗ്രീഷ്മ വെളിപ്പെടുത്തിയിരുന്നു.
കോളേജിലെത്തിയ ഗ്രീഷ്മ ജ്യൂസ് വാങ്ങി ശുചിമുറിയിലെത്തി ഗുളിക പൊടിച്ചത് കലക്കുകയായിരുന്നു. എന്നാല്‍ ഷാരോണ്‍ ഈ ജ്യൂസ് കുടിച്ച ഉടന്‍ തുപ്പിക്കളഞ്ഞതോടെ പദ്ധതി പാളുകയായിരുന്നു. പിന്നീട് കഷായ ചലഞ്ചിലൂടെ ഷാരോണിനെ ഗ്രീഷ്മ തീര്‍ത്തു.