- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്നനാളം പൂര്‍ണമായും പൊള്ളിയ നിലയില്‍; വെള്ളം പോലും ഇറക്കാനാവാതെ മരണക്കിടക്കയില്‍ 11 ദിവസം; എന്നിട്ടും ഗ്രീഷ്മയെ സംശയിക്കാതെ ഷാരോണ്‍; അച്ഛനോട് എല്ലാം തുറന്നുപറഞ്ഞത് മരണദിവസം; ആ ചാറ്റിനും മറുപടി പറയാതെ ഗ്രീഷ്മ; രക്ഷപ്പെടാന്‍ ആത്മഹത്യാഭീഷണിയും
ആ ചാറ്റിനും മറുപടി പറയാതെ ഗ്രീഷ്മ; രക്ഷപ്പെടാന്‍ ആത്മഹത്യാഭീഷണിയും
തിരുവനന്തപുരം: അന്നനാളം പൂര്‍ണമായും പൊള്ളിയ നിലയില്‍ ഒരിറ്റു വെള്ളം പോലുമിറക്കാനാവാതെ ആശുപത്രി കിടക്കയില്‍ ജീവന്‍നിലനിര്‍ത്താന്‍ പൊരുതുമ്പോഴും താന്‍ ജീവനു തുല്യം സ്‌നേഹിച്ച ഗ്രീഷ്മയെ ഷാരോണ്‍ രാജ് സംശയിച്ചിരുന്നില്ല. മരണത്തോട് മല്ലിട്ടുകൊണ്ടിരിക്കെ മരണം സംഭവിക്കുന്ന അന്ന് രാവിലെ ഐസിയുവില്‍ വെച്ചാണ് ഷാരോണ്‍ അച്ഛനോട് തനിക്ക് കാമുകിയില്‍ നിന്നും ചതിവ് പറ്റിയ കാര്യങ്ങള്‍ തുറന്നു പറയുന്നത്. ആ തുറന്നുപറച്ചില്‍ തന്നെയായിരുന്നു ഗ്രീഷ്മയെ കുറ്റക്കാരിയെന്ന വിധിയിലെത്തിച്ചതും.
2022 ഒക്ടോബര്‍ 14-ന് സുഹൃത്ത് റെജിനൊപ്പമാണ് ഷാരോണ്‍ ഗ്രീഷ്മയുടെ വീട്ടില്‍ പോയത്. ഇവിടെവെച്ച് ഗ്രീഷ്മ ഷാരോണിന് കുടിക്കാനായി കഷായം നല്‍കി. സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങവേ പലതവണ ഛര്‍ദിച്ച ഷാരോണ്‍ ക്ഷീണിതനാവുകയും പിന്നീട് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലാത്തതിനാല്‍ വീണ്ടും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഷാരോണ്‍ ചികിത്സ തേടി.
മറ്റെന്തെങ്കിലും പാനീയം ഉള്ളില്‍ച്ചെന്നിട്ടുണ്ടോയെന്ന് നഴ്‌സ് തുടര്‍ച്ചയായി ചോദിച്ചതിനെ തുടര്‍ന്നാണ് കഷായം കുടിച്ച വിവരം ഷാരോണ്‍ പറയുന്നത്. ഈ അവസരങ്ങളിലൊന്നും ഷാരോണ്‍ ഗ്രീഷ്മയുടെ പേര് പറഞ്ഞിരുന്നില്ല. ഗ്രീഷ്മയുടെ വീട്ടില്‍നിന്ന് തിരിച്ചുവന്നശേഷം ഷാരോണിന് ഭക്ഷണമൊന്നും കഴിക്കാന്‍ കഴിയാതായിരുന്നു. അന്നനാളം പൂര്‍ണമായും പൊള്ളിയ നിലയിലായിരുന്നു. വെള്ളം പോലും ഇറക്കാന്‍ കഴിയാതെയാണ് ഷാരോണ്‍ ആ ദിവസങ്ങളില്‍ ജീവിച്ചത്. ഒപ്പംപോയ സുഹൃത്തിന് ആരോഗ്യപ്രശ്നമൊന്നും അനുഭവപ്പെട്ടിരുന്നില്ല. 25-നാണ് ഷാരോണ്‍ മരണത്തിന് കീഴടങ്ങിയത്.
ആശുപത്രിയില്‍ കിടന്നപ്പോള്‍ പോലും ഗ്രീഷ്മ അങ്ങനെ ചെയ്യുമോ ഇല്ലയോ എന്നതിനെ കുറിച്ച് ഷാരോണിന് സംശമുണ്ടായിരുന്നു. പിന്നീട് മരണപ്പെടെമെന്നുറപ്പായപ്പോഴാണ്, മരണദിവസം രാവിലെ ഐസിയുവില്‍ കയറിയ അച്ഛനോട് കാര്യങ്ങള്‍ ഷാരോണ്‍ സംസാരിച്ചത്. പോലീസ് തെളിവുകള്‍നിരത്തി ചോദ്യംചെയ്തപ്പോഴാണ് ഗ്രീഷ്മ വിഷം കലര്‍ത്തി നല്‍കിയ കാര്യം സമ്മതിച്ചത്, ഡിവൈഎസ്പി ജോണ്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഗ്രീഷ്മ നല്‍കിയ ജ്യൂസും കഷായവും ഷാരോണിന്റെ മരണത്തിന് കാരണമായേക്കാമെന്ന സംശയവുമായി വീട്ടുകാര്‍ പോലീസിനെ സമീപിക്കുകയും ചെയ്തിരുന്നു. ഗ്രീഷ്മയുടെ വീട്ടില്‍നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നും അത് ആസൂത്രിതമാണെന്നുമുള്ള നിഗമനത്തിലേക്ക് പിന്നീട് പോലീസ് എത്തി.
ശരീരത്തിന് അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആദ്യദിവസംതന്നെ താന്‍കുടിച്ച കഷായം ഏതാണെന്ന് ഷാരോണ്‍ ഗ്രീഷ്മയോട് ചോദിച്ചിരുന്നു. എന്നാല്‍, ഈ ചാറ്റിന് മറുപടി പറയാതെ ഗ്രീഷ്മ ഒഴിഞ്ഞുമാറി. കഷായത്തില്‍വിഷം കലര്‍ത്തിയത് മറച്ചുവെക്കാനായി ജ്യൂസില്‍നിന്നാണ് പ്രശ്നം ഉണ്ടായതെന്ന് ആശങ്കപ്പെടുകയും ചെയ്തു.
കൂടാതെ, വീട്ടിലെത്തിയ ഒരു ഓട്ടോ ഡ്രൈവര്‍ക്കും ജ്യൂസ് കുടിച്ച് ആരോഗ്യപ്രശ്നമുണ്ടായതായി ഗ്രീഷ്മ തെറ്റിദ്ധരിപ്പിച്ചു. എന്നാല്‍, ഇത്തരം ഒരു ഓട്ടോ ഡ്രൈവറെ പോലീസിന് കണ്ടെത്താനായിരുന്നില്ല. വിഷം കലര്‍ത്തിയെന്ന് ഗ്രീഷ്മ അപ്പോള്‍ തന്നെ പറഞ്ഞിരുന്നെങ്കില്‍ ഷാരോണിന്‍രെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് പോലീസ് അന്നുതന്നെ പറഞ്ഞിരുന്നു.
ഷാരോണിന്റെ സഹോദരനായ ആയൂര്‍വേദ ഡോക്ടര്‍ ഷിമോന്‍, ഗ്രീഷ്മയെ വിളിച്ച് സംസാരിച്ചിരുന്നു. ഏത് കഷായമാണ് കുടിച്ചതെന്നും ഏത് ഡോക്ടറാണ് നിര്‍ദേശിച്ചതെന്നുമൊക്കെ ചോദിച്ചെങ്കിലും ഗ്രീഷ്മ അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. കുപ്പിയിലെ സ്റ്റിക്കറും അടപ്പിന്റെ ചിത്രവുമെല്ലാം ആവശ്യപ്പെട്ടെങ്കിലും മറ്റൊരു കുപ്പിയില്‍ ഒഴിച്ചാണ് മരുന്നു നല്‍കിയതെന്നും തെളിവൊന്നുമില്ലെന്നും പറഞ്ഞു.
എന്നാല്‍, സ്റ്റിക്കര്‍ ഇളക്കിമാറ്റിയെന്നും കുപ്പി അമ്മ കഴുകിവെച്ചെന്നും നേരത്തേ പറഞ്ഞിരുന്നല്ലോ എന്ന ചോദ്യത്തിനും വ്യക്തമായ മറുപടിനല്‍കിയില്ല. അമ്മയാണ് തനിക്ക് മരുന്നു തരുന്നതെന്നും മരുന്നിന്റെ പേര് അറിയില്ലെന്നും പറഞ്ഞ് മനഃപൂര്‍വം ഒഴിഞ്ഞുമാറി. ഇതും ഷാരോണിന്റെ വീട്ടുകാരെ സംശയത്തിലേക്ക് നയിച്ചു.
ഷാരോണിന്റെ കൊലപാതകത്തെക്കുറിച്ച് ബന്ധുക്കള്‍ സംശയം ഉയര്‍ത്തിയതോടെ പെണ്‍കുട്ടി പലരോടും ആത്മഹത്യാഭീഷണി മുഴക്കി. തന്നെ തെറ്റുകാരിയാക്കാന്‍ ശ്രമിച്ചാല്‍ താനും മരിക്കുമെന്നായിരുന്നു ഭീഷണി. താനൊരിക്കലും ഇങ്ങനെ ചെയ്യില്ലെന്ന് ഷാരോണിന്റെ കുടുംബക്കാരോട് കരഞ്ഞുകൊണ്ട് പറയുകയും ചെയ്തിരുന്നു.
വിഷം ഏതെന്നു തെളിയിച്ച് മൊഴി
ഷാരോണ്‍രാജിന്റെ കൊലപാതകത്തില്‍ നിര്‍ണായകമായത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പതോളജി വിഭാഗം മേധാവിയുടെ മൊഴിയായിരുന്നു. മരണകാരണം ഗ്രീഷ്മ കഷായത്തില്‍ കലര്‍ത്തിനല്‍കിയ പാരക്വിറ്റ് ഡൈക്ലോറൈഡ് എന്ന കളനാശിനിയാണെന്ന് ഡോ. ജെയ്മി ആനന്ദന്‍ മൊഴി നല്‍കിയിരുന്നു. കേസ് പരിഗണിച്ച നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എ.എം. ബഷീറിനു മുമ്പാകെയാണ് ജെയ്മി ആനന്ദന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ചികിത്സയ്ക്കിടെ മെഡിക്കല്‍ കോളേജില്‍ മരിച്ച ഷാരോണ്‍രാജിന്റെ ആന്തരികാവയവങ്ങളുടെ സാമ്പിള്‍ പതോളജി ലാബിലാണ് പരിശോധിച്ചത്.
പാരക്വിറ്റ് ഡൈക്ലോറൈഡ് ഷാരോണിന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാക്കി. ഛര്‍ദിയില്‍ പച്ച നിറമുണ്ടായിരുന്നുവെന്ന് അന്വേഷണഘട്ടത്തില്‍ ഷാരോണിനെ പരിശോധിച്ച ഡോക്ടര്‍ മൊഴിനല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാപിക് എന്ന ബ്രാന്‍ഡ് പേരുള്ള പാരക്വിറ്റ് ഡൈക്ലോറൈഡ് കളനാശിനിയാണ് ഉള്ളില്‍ചെന്നതെന്ന് വ്യക്തമായത്. ഛര്‍ദിയിലോ മൂത്രത്തിലോ ഇരുണ്ടനിറം വരണമെങ്കില്‍ വൃക്ക, കരള്‍ എന്നിവയെ ബാധിക്കണമെന്ന സംശയം ഉണ്ടായി. നിറത്തിന്റെ അടിസ്ഥാനത്തില്‍ അത് കോപ്പര്‍ സള്‍ഫേറ്റ് ആണോയെന്ന് പരിശോധിച്ചെങ്കിലും പിന്നീട് അതല്ലെന്ന് മനസിലായി. വീടിന് പുറത്തുനിന്ന് കാപിക്കിന്റെ കുപ്പിയും മറ്റും കണ്ടെടുത്തതോടെയാണ് ഈ വഴിക്ക് അന്വേഷണം നീങ്ങിയത്.