- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റകൃത്യം ചെയ്യുന്നതിന് വേണ്ടി പ്രതി അവലംബിച്ച അതേമാര്‍ഗത്തില്‍ പൊലീസിന്റെ അന്വേഷണ യാത്ര; ഇഞ്ചിഞ്ചായി കൊല്ലാനുള്ള വഴി സെര്‍ച്ച് എഞ്ചിനുകളില്‍ പരതിയ ഗ്രീഷ്മ കൊലക്കയറും ചോദിച്ചുവാങ്ങി; ജ്യോത്സ്യന്റെ 'പ്രവചനം' യാഥാര്‍ത്ഥ്യമാക്കിയപ്പോള്‍ കേസില്‍ നിര്‍ണായകമായത് ദൈവം അവശേഷിപ്പിച്ച ആ തെളിവ്
കുറ്റകൃത്യം ചെയ്യുന്നതിന് വേണ്ടി പ്രതി അവലംബിച്ച അതേമാര്‍ഗത്തില്‍ പൊലീസിന്റെ അന്വേഷണ യാത്ര
തിരുവനന്തപുരം: കേരളത്തെ നടുക്കിയ ഷാരോണ്‍രാജ് വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് കോടതി വധശിക്ഷ വിധിച്ചത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്ന് പരിഗണിച്ചുകൊണ്ടായിരുന്നു. ഗ്രീഷ്മയ്ക്കെതിരെ കൊലപാതകത്തിന് പുറമെ ഷാരോണിന് വിഷം കൊടുത്തു എന്നതും, പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതും തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി. ദൃക്‌സാക്ഷികള്‍ ഇല്ലാത്തൊരു കേസില്‍, സാഹചര്യതെളിവുകളെ അതിസമര്‍ത്ഥമായി കൂട്ടിക്കെട്ടിക്കൊണ്ട് പ്രതി കുറ്റം ചെയ്തതായി തെളിയിക്കാന്‍ അന്വേഷണസംഘത്തിനായെന്നു കോടതി നിരീക്ഷിച്ചു. അതിസമര്‍ത്ഥമായി കേസന്വേഷിച്ച കേരള പൊലീസിനെ കോടതി അഭിനന്ദിച്ചിക്കുകയും ചെയ്തു. മാറിയ കാലത്തിന് അനുസരിച്ചാണ് അന്വേഷണം മുന്നോട്ട് പോയതെന്നും, ശാസ്ത്രീയ തെളിവുകള്‍ നന്നായി ഉപയോഗിച്ചുവെന്നും കോടതി പ്രശംസിച്ചു.
കുറ്റകൃത്യം ചെയ്യുന്നതിന് വേണ്ടി പ്രതി അവലംബിച്ച അതേമാര്‍ഗം തന്നെയാണ് അത് തെളിയിക്കാനും കേരള പൊലീസ് സ്വീകരിച്ചത്. വിവര സാങ്കേതികവിദ്യ ഏറ്റവും ഫലപ്രദമായി ഗ്രീഷ്മ ഉപയോഗിച്ചിരുന്നുവെന്ന് കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് മനസിലായിരുന്നു. ഉന്നത വിദ്യാഭ്യാസമുള്ള പ്രതി ഗൂഗിളിന്റെയും മറ്റ് സെര്‍ച്ച് എഞ്ചിനുകളുടെയും സഹായത്തോടെ കുറ്റം നടപ്പാക്കാനും, അതില്‍ നിന്ന് രക്ഷപ്പെടാനുള്ള പഴുതുകള്‍ തേടാനുള്ള മാര്‍ഗം അന്വേഷിക്കുകയും ചെയ്തു. ഇതിന്റെ ചുവടുപിടിച്ചായിരുന്നു പൊലീസ് അന്വേഷണം.
ഗ്രീഷ്മയുടെയും ഷാരോണിന്റെയും എല്ലാ ചാറ്റുകളും അന്വേഷണത്തില്‍ വീണ്ടെടുത്തു. സ്‌ളോ പോയിസണ്‍ കൊടുത്ത് കഴിഞ്ഞാല്‍ മനുഷ്യ ശരീരത്തില്‍ എന്ത് സംഭവിക്കുമെന്ന് ഗ്രീഷ്മ റിസര്‍ച്ച് നടത്തിയതും, അതിന് ഏതൊക്കെ വിഷം ഉപയോഗിക്കാം എന്ന് ഇന്റര്‍നെറ്റില്‍ തിരഞ്ഞതും, സെര്‍ച്ച് ചെയ്ത ഗൂഗിള്‍ ഹിസ്റ്റി ഡിലീറ്റ് ചെയ്തതും തുടങ്ങിയതിന്റെയെല്ലാം തെളിവുകള്‍ പൊലീസ് വീണ്ടെടുത്തു. പിന്നീട് പ്രതിയുടെ വീട്ടില്‍ ഷാരോണ്‍ പോയിരുന്നു എന്നുള്ള തെളിവുകള്‍ ഓരോന്നായി കണ്ടെത്തി. കോടതിയിലെ വാദത്തിനിടയില്‍ ഷാരോണ്‍ തന്റെ വീട്ടിലേക്ക് വന്നിട്ടില്ല എന്ന് ഗ്രീഷ്മ ഉന്നയിക്കുകയാണെങ്കില്‍ അത് പൊളിക്കുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
എല്ലാ തെളിവുകളും ശാസ്ത്രീയമായി തന്നെ ശേഖരിച്ചു.ഇതെല്ലാം പരിഗണിച്ചാണ് കോടതി വധശിക്ഷ വിധിച്ചത്. ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതും പ്രായം കുറവാണെന്നതും വധശിക്ഷ വിധിക്കുന്നതിന് തടസമല്ലെന്ന് വ്യക്തമാക്കിയ കോടതി, ആസൂത്രിത കൊലപാതകമാണ് പ്രതി നടത്തിയതെന്ന് വ്യക്തമാക്കി.
വെള്ളമിറക്കാന്‍ പോലും വയ്യാതെ 11 ദിവസം ആശുപത്രിയില്‍ കിടന്നപ്പോഴും ഷാരോണ്‍ ഒരിക്കല്‍ പോലും ഗ്രീഷ്മയെ കൈവിട്ടില്ല. വിശ്വാസവഞ്ചനയാണ് ഗ്രീഷ്മ കാണിച്ചത്. സ്നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. തെളിവുകള്‍ ഒപ്പമുണ്ടെന്ന് പ്രതി അറിഞ്ഞില്ലെന്നും ജ്യൂസ് ചലഞ്ച് വധശ്രമമായിരുന്നുവെന്നും തെളിഞ്ഞുവെന്നും കോടതി ചൂണ്ടിക്കാട്ടി.
വിവാഹം ഉറപ്പിച്ച ശേഷവും ഗ്രീഷ്മയ്ക്ക് മറ്റുബന്ധങ്ങള്‍ ഉണ്ടായിരുന്നു. ഷാരോണുമായി ലൈംഗികബന്ധം നടത്തിയെന്ന് തെളിഞ്ഞുവെന്നും വിധിന്യായത്തില്‍ പറയുന്നു. ബന്ധം അവസാനിപ്പിക്കാന്‍ വിഷം കൊടുത്ത് കൊന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി വ്യക്തമാക്കി. പ്രതിയുടെ പ്രായം കണക്കിലാക്കാന്‍ കഴിയില്ല. കുറ്റം മറയ്ക്കാനുള്ള ഗ്രീഷ്മയുടെ കൗശലം ഫലിച്ചില്ല. കേസന്വേഷണത്തെ വഴി തെറ്റിക്കാനാണ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും കോടതി കണ്ടെത്തി.
ഏതൊരു കുറ്റകൃത്യത്തിലും ശിക്ഷിക്കാന്‍ ഉതകുന്ന തരത്തിലുള്ള തെളിവ് ദൈവം അവശേഷിപ്പിച്ചിട്ടുണ്ടാകും. ജ്യൂസ് ചലഞ്ച് നടത്തിയ വേളയില്‍, ഇത് വീഡിയോ റെക്കോര്‍ഡ് ചെയ്യരുതെന്ന് ഗ്രീഷ്മ പറഞ്ഞിട്ടും ഷാരോണ്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതാണ് ഈ കേസില്‍ ദൈവത്തിന്റെ കൈയ്യൊപ്പായി പോലീസ് കാണുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി എം.കെ. സുള്‍ഫിക്കര്‍ പറയുന്നു.
ഷാരോണ്‍ വധക്കേസുമായി ബന്ധപ്പെട്ട് സമാനതകളില്ലാത്ത വെല്ലുവിളികളിലൂടെയായിരുന്നു കേരളപോലീസിന്റെ അന്വേഷണം കടന്നുപോയത്. വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് പറയുമ്പോഴും വിഷത്തിന്റെ അംശമൊന്നും ഷാരോണിന്റെ ശരീരത്തിലോ വസ്ത്രത്തിലോ ഉണ്ടായിരുന്നില്ല. മാത്രമല്ല, അവസാന നിമിഷംവരെ വിഷത്തെ കുറിച്ചോ ഗ്രീഷ്മയെ കുറിച്ചോ ഷാരോണ്‍ ഒന്നും പറയാതിരുന്നതും വലിയ വെല്ലുവിളിയായിരുന്നു.
ഇതിനിടെ, ഷാരോണിന്റെ ആന്തരികാവയവങ്ങളെല്ലാം പൊള്ളലേറ്റ് തകരാറിലായിരുന്നു. വെള്ളംപോലുമിറക്കാനാവാത്ത അവസ്ഥയിലായി. ഇതോടെയാണ് കുടിച്ചത് വെറും കഷായമല്ലെന്ന സംശയം ഡോക്ടര്‍മാര്‍ക്കും വീട്ടുകാര്‍ക്കുമുണ്ടായത്. അപ്പോഴും ഷാരോണ്‍ ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല. പക്ഷെ, മരണദിവസം രാവിലെ ഷാരോണ്‍ ഐ.സി.യുവില്‍വെച്ച് അച്ഛനോട് ഉണ്ടായ സംഭവങ്ങളെല്ലാം പറയുകയായിരുന്നു.
ഷാരോണിന്റെ സഹോദരനും ആയുര്‍വേദ ഡോക്ടറുമായ ഷിമോണ്‍ എന്ത് കഷായമാണ് ഷാരോണിന് കൊടുത്തതെന്ന് നിരവധി തവണ ഗ്രീഷ്മയോട് ചോദിച്ചിരുന്നു. എന്നാല്‍, അപ്പോഴെല്ലാം തെറ്റായ മരുന്നിന്റെ കുപ്പിയുടെ ഫോട്ടോയും മറ്റും അയച്ചുകൊടുത്ത് ഗ്രീഷ്മ ഷിമോണിനെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്.
കഷായം കുടിച്ചാല്‍ ഒരിക്കലും മരണത്തിലേക്കെത്തില്ലെന്ന് അറിയാവുന്ന ഷിമോണിന് സംഭവത്തില്‍ സംശയം തോന്നാനും കൂടുതല്‍ ശാസ്ത്രീയ അന്വേഷണം നടത്താന്‍ പോലീസിനോട് ആവശ്യപ്പെടാനും ഗ്രീഷ്മയുമായുള്ള സംസാരവും മരുന്നുകളെ കുറിച്ചുള്ള വാട്സ്ആപ്പ് ചാറ്റുകളും സഹായിക്കുകയും ചെയ്തു. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരും പറയുന്നുണ്ട്.
സംഭവദിവസം ഷാരോണിനെ ഗ്രീഷ്മയുടെ വീട്ടിനടുത്ത് കൊണ്ടുവിട്ട റിജിനിന്റെ മൊഴിയും നിര്‍ണായകമായിരുന്നു. പച്ചനിറത്തില്‍ ശര്‍ദ്ദിച്ചുകൊണ്ട് ഷാരോണ്‍ പുറത്തുവരുന്നത് കണ്ടുവെന്നും അവശനായ ഷാരോണിനെ വീട്ടിലേക്ക് കൊണ്ടുവിട്ടത് താനാണെന്നും റിജിന്‍ മൊഴി നല്‍കിയിരുന്നു. ഇതും കേസില്‍ നിര്‍ണായകമായി. ഒപ്പം ശാസ്ത്രീയ തെളിവുകള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞതും പഴുതടച്ച കുറ്റപത്രം സമര്‍പ്പിക്കുന്നതിലേക്ക് നയിച്ചു.
ഇരുവരുടേയും ഫോണുകളില്‍നിന്ന് ഫോട്ടോകളും വീഡിയോകളും ചാറ്റുകളുമായി നിരവധി തെളിവുകളാണ് പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞത്. ഡോക്ടര്‍മാരടക്കമുള്ള വിദഗ്ധരുടെ അഭിപ്രായവും നടന്നത് കൊലപാതകമാണെന്ന് തെളിയിക്കാന്‍ പോലീസിന് കഴിഞ്ഞു. അങ്ങനെ വെറും ഭക്ഷ്യ വിഷബാധയെന്ന നിലയില്‍ ഒതുങ്ങിപ്പോവേണ്ട കേസ് കൊലപാതകക്കേസായി മാറുകയും ചെയ്തു.
ഒരുവര്‍ഷത്തോളം പ്രണയിച്ച് ഒടുവില്‍ ഗ്രീഷ്മയ്ക്ക് ഉയര്‍ന്ന സാമ്പത്തിക നിലയിലുള്ള മറ്റൊരു യുവാവിന്റെ വിവാഹാലോചന വന്നതോടെ ഷാരോണിനെ ഒഴിവാക്കാന്‍ പലപ്പോഴായി നടത്തിയ ശ്രമമാണ് 2022 ഒക്ടോബര്‍ 14 ന് കഷായത്തില്‍ വിഷം നല്‍കിക്കൊണ്ട് ഗ്രീഷ്മ സാധിച്ചത്. കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ പലതവണ ജ്യൂസിലടക്കം വിഷംകലര്‍ത്തി ജ്യൂസ് ചാലഞ്ച് നടത്തിയും ആദ്യഭര്‍ത്താവ് മരിക്കുമെന്ന അന്ധവിശ്വാസം പറഞ്ഞുമെല്ലാം ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ഇതെല്ലാം പരാജയപ്പെട്ടെങ്കിലും ഒടുവില്‍ കഷായത്തില്‍ വിഷംകലര്‍ത്തി നല്‍കി നടത്തിയ ശ്രമത്തില്‍ ഷാരോണ്‍ കൊല്ലപ്പെടുകയായിരുന്നു.
പുതിയ വിവാഹ ആലോചന ആലോചന ഗ്രീഷ്മയ്ക്ക് വന്നതോടെയാണ് പ്രണയത്തിലായിരുന്ന ഷാരോണും ഗ്രീഷ്മയും തെറ്റുന്നത്. പലകാരണങ്ങള്‍ പറഞ്ഞ് ഷാരോണിനെ ഒഴിവാക്കാന്‍ നോക്കി. തന്റെ ആദ്യഭര്‍ത്താവ് മരിക്കുമെന്ന് ജ്യോത്സ്യന്‍ പറഞ്ഞെന്നും അതുകൊണ്ട് നമുക്ക് ഉടന്‍ വിവാഹം കഴിക്കേണ്ടെന്നുവരെ വിവാഹാലോചന വന്നസമയത്ത് ഗ്രീഷ്മ പറഞ്ഞുനോക്കിയിരുന്നു. എന്നാല്‍ ഇതൊന്നും വിശ്വസിക്കാതിരുന്ന ഷാരോണ്‍ ബന്ധം തുടരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇതോടെയാണ് കൊലപാതകമെന്ന അറ്റകൈയിലേക്ക് ഗ്രീഷ്മയെത്തിയത്.
ആദ്യഭര്‍ത്താവ് മരിക്കുമെന്ന തന്റെ ജാതക ദോഷംമാറുന്നതിന് ഷാരോണിനെ രഹസ്യമായി വിവാഹം ചെയ്ത് ഗ്രീഷ്മ കൊലപ്പെടുത്തിയതാണെന്ന് കുടുംബം പോലീസിന് മൊഴിനല്‍കിയെങ്കിലും ഇക്കാര്യം പോലീസ് വിശ്വസിച്ചില്ല. പകരം മറ്റൊരു വിവാഹം കഴിക്കാനും കാമുകനെ ഒഴിവാക്കാനും ഗ്രീഷ്മ നടത്തിയ ശ്രമം എന്ന നിലയിലേക്കാണ് പോലീസെത്തിയത്.