ഡൽഹി: കോൺഗ്രസിലെ താരമൂല്യം ഉയർന്ന നേതാവാണ് ശശി തരൂർ. അദ്ദേഹം സമൂഹ മാധ്യമങ്ങളിലും എപ്പോഴും സജീവമാണ്. ഇപ്പോഴിതാ പ്രതീക്ഷിക്കാതെ എത്തിയ ഒരു അതിഥിയുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 'ശശി തരൂരും ഒരു കുരങ്ങനും' ഒരുമിച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ എക്‌സിലെ വൈറല്‍ ടോപ്പിക്ക്.

ശശി തരൂര്‍ തന്നെയാണ് ഈ ചിത്രങ്ങള്‍ എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പൂന്തോട്ടത്തില്‍ ഇരിക്കുമ്പോള്‍ കുരങ്ങ് വന്ന് മടിയിലിരുന്നതും താന്‍ കൊടുത്ത പഴം കഴിച്ചതും മടങ്ങും മുന്‍പ് ആലിംഗനം ചെയ്തതുമെല്ലാം ശശി തരൂര്‍ കുറിച്ചിട്ടുണ്ട്.


അദ്ദേഹത്തിന്റെ പോസ്റ്റ്..,

'ഇന്ന് അസാധാരണമായ ഒരു സംഭവമുണ്ടായി. ഞാന്‍ പൂന്തോട്ടത്തില്‍ ഇരുന്ന് പത്രം വായിക്കുമ്പോള്‍ ഒരു കുരങ്ങ് നേരെ വന്ന് എന്റെ മടിയില്‍ കയറിയങ്ങ് ഇരുന്നു. ഞങ്ങള്‍ കൊടുത്ത രണ്ട് വാഴപ്പഴം അവന്‍ കഴിച്ചു. എന്നെ കെട്ടിപ്പിടിച്ച് എന്റെ നെഞ്ചില്‍ തലചായ്ച് കിടന്നു. ഞാന്‍ പതുക്കെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അവന്‍ പെട്ടെന്ന് ഇറങ്ങി ഓടിപ്പോയി'- ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, കുരങ്ങിന്റെ കടിയേല്‍ക്കുന്നതിനെ കുറിച്ച് ഭയമുണ്ടായിരുന്നെങ്കിലും താന്‍ ഇത് ആസ്വദിച്ചെന്നും തങ്ങളുടെ കൂടിക്കാഴ്ച തികച്ചും സമാധാനപരവും സൗമ്യവുമായിരുന്നെന്നും മറ്റൊരു പോസ്റ്റില്‍ തരൂര്‍ കുറിച്ചു. തരൂരിന്റെ പോസ്റ്റും ചിത്രങ്ങളും എക്‌സ് ഉപയോക്താക്കളുടെ ഹൃദയം കീഴടക്കി.

നഗരങ്ങളിലെ കുരങ്ങുകള്‍ പൊതുവെ പ്രശ്‌നക്കാരാണെന്നും എന്നാല്‍ ഇതൊരു മനോഹരമായ അനുഭവമാണെന്നുമായിരുന്നു ഒരാളുടെ കമന്റ്. ശശി തരൂരിന്റെ ശാന്തമായ പെരുമാറ്റത്തെ പ്രകൃതി പോലും അംഗീകരിക്കുകയാണെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ശശിതരൂരിന്റെ ഈ മനോഹര കൂടിക്കാഴ്ച ഇപ്പോൾ വൈറലാണ്.