തിരുവനന്തപുരം: ക്ലാസിക് സിനിമകളൊരുക്കിയ മലയാള സിനിമയ്ക്ക് ദുഷ്‌പേരുണ്ടാക്കുന്നതാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളെന്നും സിനിമാ മേഖല സ്വയംനവീകരണത്തിന് തയ്യാറാകണമെന്നും കോണ്‍ഗ്രസ് എം പി ശശി തരൂര്‍. റിപ്പോര്‍ട്ട് ലോകം മുഴുവന്‍ ചര്‍ച്ചചെയ്യപ്പെടുമെന്നും സര്‍ക്കാര്‍ നിലപാടെടുക്കാന്‍ വൈകിയത് ക്ഷമിക്കാന്‍ പറ്റുന്നതല്ലെന്നും തരൂര്‍ പറഞ്ഞു.

ലൈംഗിക പീഡനമടക്കം ഗുരുതര പരാമര്‍ശങ്ങളടങ്ങിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ചിട്ടും കഴിഞ്ഞ നാലര വര്‍ഷത്തോളം കാലം ഒന്നും ചെയ്യാതിരുന്നത് ക്ഷമിക്കാനാകാത്ത തെറ്റാണ്. മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നത് ഞെട്ടലുണ്ടാക്കുന്നതാണെന്നും ഇത്രകാലം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടി എടുക്കാത്തത് ശരിയായില്ലെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

മലയാള സിനിമാ മേഖലയിലുണ്ടായ ദുഷ്‌പേര് സങ്കടകരമാണ്. സര്‍ക്കാര്‍ നടപടിക്കൊപ്പം സിനിമാ മേഖലയും സ്വയം നവീകരണത്തിന് തയ്യാറാകണം. അതിക്രമങ്ങള്‍ക്കെതിരെ ആരും പരാതി നല്‍കിയില്ലെന്നാണ് മന്ത്രി പറയുന്നത്. സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് ഉണ്ടാകുമ്പോള്‍ പരാതിയുടെ ആവശ്യമില്ലെന്നും തുടര്‍ നിയമ നടപടി വേണമെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

റിപ്പോര്‍ട്ട് എന്തുകൊണ്ടാണ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം പിടിച്ചുവെച്ചതെന്ന് അദ്ദേഹം ചോദിച്ചു. സ്ത്രീകള്‍ക്ക് സുരക്ഷിതമായ സാമൂഹിക സാഹചര്യമല്ല നിലനില്‍ക്കുന്നത്. വിഷയത്തില്‍ നിലപാടെടുക്കാന്‍ സര്‍ക്കാര്‍ വൈകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മൊഴിനല്‍കിയ ആരും പരാതി നല്‍കിയില്ലെന്നാണ് മന്ത്രി പറയുന്നത്. സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് ഉണ്ടല്ലോ. പിന്നെ എന്തിനാണ് വീണ്ടും പരാതിയെന്നും തരൂര്‍ ചോദിച്ചു.

വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ ഫോറന്‍സിക് പരിശോധന വേണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള ആളുകള്‍ ഒരു പാര്‍ട്ടിയിലും വേണ്ട. ഇത്തരത്തില്‍ ഒരു രാഷ്ട്രീയം കേരളത്തിനും ഇന്ത്യക്കും വേണ്ട. കുറ്റക്കാര്‍ക്കെതിരെ അച്ചടക്കനടപടി എടുക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

നാലര വര്‍ഷമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ച ഗവണ്‍മെന്റാണ് ഏറ്റവും വലിയ കുറ്റക്കാരെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടിനുള്ളിലെ ഗുരുതരമായ കാര്യങ്ങള്‍ എന്തിനാണ് മറച്ചുവെച്ചതെന്ന് ചെന്നിത്തല ചോദിച്ചു.

സ്ത്രീ പീഡനങ്ങളിലും പോക്‌സോ കേസുകളിലും അടിയന്തര നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. റിപ്പോര്‍ട്ട് കിട്ടിയ സമയത്ത് അത്തരം നിയമ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമായിരുന്നു. ഹിതകരമായ നടപടികള്‍ സ്വീകരിച്ച കേസെടുത്ത് മുന്നോട്ടു പോവുകയാണ് വേണ്ടത്. ആരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരം നടപടി സ്വീകരിച്ചതെന്ന് പുറത്ത് വരണം. ഭാവിയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ ഇതില്‍ കൃത്യമായ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.