തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന പ്രതിഷേധ വേദിയിലെത്തി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ആശ വര്‍ക്കര്‍മാരില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം സമരത്തിന് പിന്തുണയും അറിയിച്ചു. ആശമാരുടെ പ്രവര്‍ത്തനം ജനം നേരിട്ട് അനുഭവിച്ചറിയുന്നതാണെന്നും നിലവില്‍ നല്‍കുന്ന ഓണറേറിയാം കുറവാണെന്നും അത് വര്‍ദ്ധിപ്പിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

ആശാ വര്‍ക്കര്‍മാരുടെ ആവശ്യത്തിനൊപ്പമാണ് നില്‍ക്കുന്നത്. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. സമരക്കാരുടെ ശബ്ദം എല്ലാവരും കേള്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണറേറിയം രണ്ടിരട്ടി എങ്കിലും കൂട്ടിത്തരട്ടെ. സംസ്ഥാനം കേന്ദ്രത്തെ യും കേന്ദ്രം സംസ്ഥാനത്തേയും കുറ്റം പറയുകയാണ്. തര്‍ക്കം മാറ്റി ജനങ്ങളെ കേള്‍ക്കാന്‍ സര്‍ക്കാരിനോട് പറയും. താന്‍ കേന്ദ്രത്തിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ ഭാഗത്തല്ലെന്നും പ്രതിഷേധക്കാരുടെ ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തങ്ങളെ കേസെടുത്ത് ഭീഷണിപ്പെടുത്തുകയാണെന്ന് ആശാ വര്‍ക്കര്‍മാര്‍ പറഞ്ഞു. അതിന് അനുവദിക്കില്ലെന്നും സമരം ചെയ്യുകയെന്നത് ജനാധിപത്യപരമായ അവകാശമാണെന്നും ശശി തരൂര്‍ എംപി വ്യക്തമാക്കി.

വിരമിക്കല്‍ അനുകൂല്യം നിര്‍ബന്ധമായും നല്‍കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. സമരം ചെയ്തതിന്റെ പേരില്‍ ആരെയും പിരിച്ചു വിടാന്‍ കഴിയില്ലെന്ന് പറഞ്ഞ തരൂര്‍, ആദ്യം ആശാവര്‍ക്കര്‍മാരുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുകയാണ് വേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.

സെക്രട്ടേറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാരുടെ സമരം ഇരുപത് ദിവസത്തോട് അടുക്കുകയാണ്. ഓണറേറിയം വര്‍ധനയില്‍ തീരുമാനം ആകും വരെ സമരം തുടരുമെന്നാണ് ആശമാരുടെ നിലപാട്. സമരത്തിലുള്ള ആശമാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും ഇല്ലെങ്കില്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും ആയിരുന്നു ഇന്നലെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറകടറുടെ നിര്‍ദേശം. എന്‍എച്ച്എമ്മിനും ലേബര്‍ കമ്മീഷണര്‍ക്കും നിയമ പ്രകാരം നോട്ടീസ് നല്‍കിയാണ് പണിമുടക്ക് നടത്തുന്നതെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസ്സോസിയേഷന്‍ അറിയിച്ചു.

സമരക്കാരെ അധിക്ഷേപിച്ച് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. ഈര്‍ക്കിലി സംഘടനയാണ് സമരം ചെയ്യുന്നതെന്നും അവരെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും എളമരം കരീം പറഞ്ഞു. പ്രശ്നം പരിഹരിക്കപ്പെടേണ്ടതാണ്. ട്രേഡ് യൂണിയനുകളുടെ യോഗം വിളിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. സമരക്കാരെ അവഹേളിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുന്ന സമരം അംഗീകരിക്കാനാവില്ലെന്നും എളമരം കരീം പറഞ്ഞു.