- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലയ്ക്കു മാരകമായി മുറിവേല്‍പ്പിച്ചു; ശരീരത്തിന്റെ പല ഭാഗങ്ങളും പൊള്ളിച്ചു; നാലര വയസ്സുകാരന്റെ നിലവിളി കേട്ട് അയല്‍വാസികളെത്തിയപ്പോള്‍ പറഞ്ഞത് വീണു പരുക്കേറ്റെന്ന്; ഷഫീഖ് വധശ്രമ കേസില്‍ പിതാവും രണ്ടാനമ്മയും കുറ്റക്കാര്‍; നിര്‍ണായക വിധി 11 വര്‍ഷത്തിനുശേഷം
ഷഫീഖ് വധശ്രമ കേസില്‍ പിതാവും രണ്ടാനമ്മയും കുറ്റക്കാര്‍
തൊടുപുഴ: ഇടുക്കി കുമളിയില്‍ 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് നാലര വയസ്സുകാരനായ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരനെന്ന് കോടതി. ഷഫീക്കിന്റെ പിതാവായ ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.
സംഭവം നടന്ന് 11 വര്‍ഷത്തിനുശേഷമാണ് നിര്‍ണായകമായ കോടതി വിധി വരുന്നത്. തൊടുപുഴ ഒന്നാംക്ലാസ് അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസിലെ പ്രതികളായ ഷെഫീക്കിന്റെ പിതാവ് ഉപ്പുതറ ചപ്പാത്ത്കര ഷെരീഫ്, ഭാര്യ അനീഷ എന്നിവര്‍ കുറ്റക്കാരാണെന്ന് വിധിച്ചത്. ഷെരീഫിന്റെ രണ്ടാം ഭാര്യ അനീഷ ഷെഫീക്കിനെ ഒഴിവാക്കണമെന്ന ഉദ്ദേശ്യത്തോടെ പീഡിപ്പിച്ചെന്നാണ് കേസ്.
പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമം, മരണഭയം ഉളവാക്കുന്ന രീതിയില്‍ മുറിവേല്‍പ്പിക്കല്‍, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം എന്നിങ്ങനെ പത്തു വര്‍ഷം കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 2013 ജൂലൈ 15നായിരുന്നു സംഭവം. ഷെരീഫിന്റെ ആദ്യ ഭാര്യയിലെ കുട്ടിയാണ് ഷെഫീക്ക്.
2013 ജൂലൈ 15ന് ഷെഫീക്കിനെ പിതാവും രണ്ടാനമ്മയും ചേര്‍ന്നു തലയ്ക്കു മാരകമായി മുറിവേല്‍പ്പിച്ചു. ശരീരത്തിന്റെ പല ഭാഗങ്ങളും പൊള്ളിച്ചു. കുട്ടിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയപ്പോള്‍ കുട്ടിക്കു വീണു പരുക്കേറ്റെന്നാണു മാതാപിതാക്കള്‍ പറഞ്ഞത്. തുടര്‍ന്ന് ഷെഫീക്കിനെ ആശുപത്രിയിലാക്കി. രണ്ടുപേരെയും പിറ്റേ ദിവസം കുമളി പൊലീസ് അറസ്റ്റ് ചെയ്തു.
തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഷെഫീക്കിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാക്കി. തലച്ചോറിനേറ്റ ക്ഷതം മൂലം കുഞ്ഞിന്റെ സംസാരശേഷി പൂര്‍ണമായും ഇല്ലാതായി. സംസ്ഥാന സര്‍ക്കാരും സന്നദ്ധ സംഘടനകളും നാട്ടുകാരും സഹായ ധനമെത്തിച്ചതോടെ ഷെഫീഖിന് വെല്ലൂരില്‍ തുടര്‍ ചികിത്സയ്ക്കു കളമൊരുങ്ങി. ഒരു വര്‍ഷത്തെ ചികിത്സയ്ക്കു ശേഷമാണ് നേരിയ തോതില്‍ സംസാരിക്കാന്‍ തുടങ്ങിയത്.
തന്റെ ഷെഫീക്കിന് നീതി കിട്ടിയെന്ന് ഷഫീക്കിനെ കഴിഞ്ഞ 11 വര്‍ഷമായി പരിചരിക്കുന്ന നഴ്‌സ് രാഗിണി പറഞ്ഞു. കോടതി വിധിയോട് വൈകാരികമായിട്ടായിരുന്നു രാഗിണിയുടെ പ്രതികരണം. ഇതോടെ താന്‍ ആരാണെന്നുപോലും തിരിച്ചറിയാനാകാതെയാണ് കുട്ടിയുടെ ഇപ്പോഴത്തെ ജീവിതം. മുമ്പും ഇരുവരും കുട്ടിയെ ഉപദ്രവിക്കുമായിരുന്നുവെന്ന് രണ്ടാം പ്രതിയുടെ അമ്മ മൊഴി നല്‍കിയിട്ടുണ്ട്.
പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. പരമാവധി ശിക്ഷ നല്‍കണം എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കുട്ടികളുണ്ടെന്നും പരിഗണന വേണമെന്നും പ്രതികള്‍ കോടതിയില്‍ വാദിച്ചു. ഒന്നാം പ്രതി ശരീഫിനെതിരെ 326 പ്രകാരം മാരകമായ മുറിവേല്‍പ്പിക്കല്‍ അടക്കം ചുമത്തിയിട്ടുണ്ട്. വൈകാതെ കേസില്‍ ഇരു പ്രതികള്‍ക്കുള്ള ശിക്ഷ കോടതി വിധിക്കും.
ദൃക് സാക്ഷികളില്ലാതിരുന്ന കേസില്‍ മെഡിക്കല്‍ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും സഹായത്തോടെയാണ് പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ ഷഫീഖ് ജീവിതത്തിലേക്ക് തിരികെയെത്തിയെങ്കിലും തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളര്‍ച്ചയെ സാരമായി ബാധിച്ചു.
മെഡിക്കല്‍ തെളിവുകളും സാഹചര്യ തെളിവുകളും അടിസ്ഥാനമാക്കിയായിരുന്നു പ്രോസിക്യൂഷന്‍ വാദം. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, വധശ്രമം ഉള്‍പ്പെടെ പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നു. ഇതെല്ലാം അംഗീകരിച്ചാണ് കോടതി പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്.
കേസില്‍ മെഡിക്കല്‍ തെളിവാണ് ഏറ്റവും നിര്‍ണായകമായത്. കുട്ടിക്ക് അപസ്മാരം ഉണ്ടെന്നും കട്ടിലില്‍നിന്ന് തനിയെ വീണാണ് പരിക്കുകളുണ്ടായതെന്നും ദേഹത്തെ പൊള്ളലുകള്‍ സ്വയം ഉണ്ടാക്കിയതാണെന്നുമുള്ള വാദങ്ങള്‍ പ്രതിഭാഗം ഉന്നയിച്ചിരുന്നു. എന്നാല്‍, അവസാനമായി ഷെഫീഖിനെ ചികിത്സിച്ച ഡോക്ടറുടെ റിപ്പോര്‍ട്ട് ഇതിനെല്ലാം വിരുദ്ധമാണ്. കുട്ടിക്ക് കൈ എത്താത്തയിടങ്ങളില്‍പ്പോലും പൊള്ളലുണ്ടെന്നാണ് വിവരം.
സംഭവത്തിനുശേഷം ഷെഫീഖ് വര്‍ഷങ്ങളായി അല്‍-അസ്ഹര്‍ മെഡിക്കല്‍ കോളേജ് അധികൃതരുടെ സംരക്ഷണയിലാണ്. രാഗിണി എന്ന ആയയാണ് പരിചരിക്കുന്നത്. ഓഗസ്റ്റില്‍ ജഡ്ജി ആഷ് കെ.ബാല്‍ ഷെഫീഖിനെ ആശുപത്രിയിലെത്തി കണ്ടിരുന്നു.