- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക് അധിനിവേശ കശ്മീരിലെ ജനകീയ പ്രതിഷേധം അടിച്ചമര്‍ത്താനുള്ള നീക്കം പൊളിഞ്ഞു; പ്രക്ഷോഭകര്‍ക്ക് മുന്നില്‍ മുട്ടുമടക്കി പാകിസ്ഥാന്‍ സര്‍ക്കാര്‍; ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയുടെ 38 ആവശ്യങ്ങളില്‍ 21ഉം അംഗീകരിച്ചു; നീക്കം ഇന്ത്യയുടെ വിമര്‍ശനത്തിന് പിന്നാലെ; ചര്‍ച്ച തുടരുമെന്ന് ഷെഹബാസ് ഷെരീഫ് സര്‍ക്കാര്‍
പ്രക്ഷോഭകര്‍ക്ക് മുന്നില്‍ മുട്ടുമടക്കി പാകിസ്ഥാന്‍ സര്‍ക്കാര്‍
ഇസ്ലാമാബാദ്: പാക് അധിനിവേശ കാശ്മീരില്‍ (പി ഒ കെ) ദിവസങ്ങള്‍ നീണ്ട ജനകീയ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ മുട്ടുകുത്തി പാകിസ്ഥാന്‍ ഭരണകൂടം. പ്രക്ഷോഭകര്‍ മുന്നോട്ടുവച്ച് പ്രധാന ആവശ്യങ്ങളെല്ലാം പാകിസ്ഥാന്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി (ജെ എ എ സി) ഉയര്‍ത്തിയ 38 ആവശ്യങ്ങളില്‍ 21 എണ്ണവും ഷെഹബാസ് ഷെരീഫ് സര്‍ക്കാര്‍ അംഗീകരിച്ചു. മുസാഫറാബാദ്, മിര്‍പൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങിയാണ് പ്രക്ഷോഭം നയിച്ചത്. ഈ പ്രക്ഷോഭത്തില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 21 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പാകിസ്താനില്‍ താമസിക്കുന്ന കശ്മീരി അഭയാര്‍ത്ഥികള്‍ക്കായി പാക് അധീന കശ്മീര്‍ നിയമസഭയില്‍ സംവരണം ചെയ്തിട്ടുള്ള 12 സീറ്റുകള്‍ നിര്‍ത്തലാക്കണമെന്നും പാക് അധീന കശ്മീരില്‍ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ വേണമെന്നുമുള്‍പ്പെടെയുള്ള 38 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പാക് അധീന കശ്മീരില്‍ പ്രതിഷേധം നടന്നത്. സബ്‌സിഡിയുള്ള ധാന്യപ്പൊടി, മംഗള ജലവൈദ്യുത പദ്ധതിയുമായി ബന്ധിപ്പിച്ച ന്യായമായ വൈദ്യുതി താരിഫ് തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ മുന്നോട്ടുവെച്ചിരുന്നു. പ്രതിഷേധം നേരിടാന്‍ കനത്ത സന്നാഹങ്ങളാണ് പാക് ഭരണകൂടം വിന്യസിച്ചത്. ആയുധങ്ങളുമായി സൈനിക വ്യൂഹങ്ങള്‍ പാക് അധീന കശ്മീരില്‍ ഫ്ളാഗ് മാര്‍ച്ചുകള്‍ നടത്തി. ആയിരക്കണക്കിന് സൈനികരെ പഞ്ചാബില്‍നിന്ന് ഇവിടേക്ക് മാറ്റിയിരുന്നു. പ്രതിഷേധം അടിച്ചമര്‍ത്താനുള്ള എല്ലാ നീക്കവും പരാജയപ്പെട്ടതോടെയാണ് പാക്ക് ഭരണകൂടം ഒത്തുതീര്‍പ്പിന് നീക്കം തുടങ്ങിയത്. പാക് അധീന കശ്മീരിലെ പ്രതിഷേധങ്ങളിലും സംഘര്‍ഷങ്ങളിലും പ്രതികരണവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയതോടെ പാക്ക് ഭരണകൂടം പ്രതിരോധത്തിലായിരുന്നു.
വൈദ്യുതി, ധാന്യം, ഭരണഘടനാപരമായ അവകാശങ്ങള്‍ എന്നിവയ്ക്കായുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രക്ഷോഭകര്‍ തെരുവിലിറങ്ങിയത്. പ്രതിഷേധങ്ങള്‍ രണ്ടാഴ്ചയിലേറെയായി തുടരുന്നതിനിടെയാണ് ഇവരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. പ്രക്ഷോഭം നേരിടാന്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയെങ്കിലും സമരക്കാര്‍ പിന്‍വാങ്ങിയില്ല. ഇന്റര്‍നെറ്റ് സേവനങ്ങളടക്കം നിരോധിച്ചുള്ള കടുത്ത നടപടികളിലേക്ക് ഭരണകൂടം കടന്നെങ്കിലും പ്രക്ഷോഭത്തിലെ ഐക്യം സര്‍ക്കാരിനെ മുട്ടുകുത്തിക്കുകയായിരുന്നു.
ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി (ജെ എ എ സി) ഉയര്‍ത്തിയ 38 ആവശ്യങ്ങളില്‍ 21 എണ്ണവും ഷെഹബാസ് ഷെരീഫ് സര്‍ക്കാര്‍ അംഗീകരിച്ചതോടെ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനമായി. അംഗീകരിച്ച ആവശ്യങ്ങള്‍ക്ക് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കി. അന്യായമായ 12 അസംബ്ലി സീറ്റുകള്‍ നീക്കം ചെയ്യണമെന്നതും, വൈദ്യുതി, ധാന്യ സബ്സിഡികളും ഉള്‍പ്പെടെയുള്ളവയാണ് പ്രധാന ആവശ്യങ്ങള്‍. ബാക്കി 17 ആവശ്യങ്ങളിലും ചര്‍ച്ചകള്‍ തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
പാക് അധീന കശ്മീരില്‍ നടക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനത്തില്‍ അന്താരാഷ്ട്ര സമൂഹം പാകിസ്ഥാനെ ഉത്തരവാദിയായി കണക്കാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ രംഗത്ത് വന്നിരുന്നു. പാകിസ്ഥാന്‍ നടത്തുന്ന അടിച്ചമര്‍ത്തലിന്റെയും വിഭവങ്ങള്‍ കൊള്ളയടിച്ചതിന്റെയും പരിണിത ഫലമാണ് ഇതെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ കുറ്റപ്പെടുത്തിയിരുന്നു.
പാകിസ്ഥാന്റെ അടിച്ചമര്‍ത്തല്‍ നയത്തിനെതിരെയുള്ള സ്വാഭാവിക പ്രതികരണമാണെന്ന് പി ഒ കെയില്‍ കാണുന്നതെന്നാണ് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. നിയമവിരുദ്ധമായ കടന്നുകയറ്റത്തിലൂടെയുള്ള സ്ഥലത്ത് തെറ്റായ നയങ്ങള്‍ സ്വീകരിച്ചതിന്റെ ഫലമാണിത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ ഉത്തരവാദിയാണ്. ഇതിന് പാക്കിസ്ഥാന്‍ മറുപടി പറയണമെന്നും രണ്‍ധീര്‍ ജയ്‌സ്വാല്‍ വ്യക്തമാക്കി.