തിരുവനന്തപുരം: ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസില്‍ പ്രതി ഷെറിന് ജയില്‍മോചനം അനുവദിച്ച് മന്ത്രിസഭായോഗ തീരുമാനം. 14 വര്‍ഷം തടവ് പൂര്‍ത്തീകരിച്ച സാഹചര്യത്തിലും, സ്ത്രീയെന്ന പരിഗണന നല്‍കണമെന്ന് ഷെറിന്‍ സമര്‍പ്പിച്ച അപേക്ഷയും പരിഗണിച്ചാണ് ശിക്ഷയില്‍ ഇളവു ചെയ്ത് ജയില്‍മോചനത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കിയത്. തന്റെ മകന്‍ പുറത്തുണ്ടെന്നും അപേക്ഷയില്‍ ഷെറിന്‍ സൂചിപ്പിച്ചിരുന്നു. ഇത് പരിഗണിച്ച് അതിവേഗ തീരുമാനം പിണറായി സര്‍ക്കാര്‍ എടുക്കുകയായിരുന്നു. ഷെറിന്റെ മകന്‍ ഇപ്പോള്‍ അമേരിക്കയിലാണുള്ളതെന്നാണ് സൂചന.

2009 നവംബര്‍ ഏഴിനാണു ഷെറിന്റെ ഭര്‍തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്സ് വില്ലയില്‍ ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ടത്. മരുമകള്‍ ഷെറിനായിരുന്നു ഒന്നാം പ്രതി. ശാരീരിക വെല്ലുവിളികളുള്ള ഭാസ്‌കര കാരണവറുടെ ഇളയമകന്‍ ബിനു പീറ്ററിന്റെ ഭാവി സുരക്ഷിതമാക്കാനും ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുമായിരുന്നു 2001ല്‍ ഇവര്‍ വിവാഹിതരായത്. പക്ഷേ, വൈകാതെ ദാമ്പത്യപൊരുത്തക്കേടുകള്‍ പുറത്തായി. ഷെറിന്റെ വഴിവിട്ട ബന്ധങ്ങളും പ്രണയവും പകയും ഒത്തുചേര്‍ന്നപ്പോള്‍ ഭര്‍തൃപിതാവ് വധിക്കപ്പെട്ടുവെന്നായിരുന്നു കേസ്. ഷെറിന്റെ ഭര്‍ത്താവ് ബിനു പീറ്ററും മകനൊപ്പം അമേരിക്കയിലാണെന്നാണഅ സൂചന. സമൂഹമാധ്യമമായ ഓര്‍ക്കൂട്ട് വഴിയെത്തിയ സന്ദര്‍ശകനായിരുന്നു കേസിലെ രണ്ടാം പ്രതിയായ ബാസിത് അലി. മറ്റു രണ്ടു പ്രതികളും സുഹൃത്തുക്കളുമായ ഷാനുറഷീദ്, നിഥിന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് കാരണവരെ വധിക്കുന്നത്. സ്വത്തില്‍നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കേസ്. കേസില്‍ ഷെറിന്റെ സുഹൃത്തുകള്‍ ജയിലില്‍ തുടരുകയാണ്. അവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയിട്ടില്ലെന്നാണ് സൂചന.

2010 ജൂണ്‍ 11നാണ് മാവേലിക്കര അതിവേഗ കോടതി ഷെറിനെ ശിക്ഷിച്ചത്. തുടര്‍ന്നു ഷെറിന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയത്. വൈകാതെ ഇവരെ നെയ്യാറ്റിന്‍കര വനിതാ ജയിലിലേക്കു മാറ്റി. അവിടെ മൊബൈല്‍ ഫോണ്‍ അനധികൃതമായി ഉപയോഗിച്ചതു പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാര്‍ച്ചില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. ഇവിടെ വച്ച് വെയില്‍ കൊള്ളാതിരിക്കാന്‍ ഇവര്‍ക്കു ജയില്‍ ഡോക്ടര്‍ കുട അനുവദിച്ചതു വലിയ വിവാദമായിരുന്നു. ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ഷെറിനെതിരെ പരാതി ഉണ്ടായി. പിന്നീട് 2017 മാര്‍ച്ചില്‍ തിരുവനന്തപുരം വനിതാ ജയിലിലേക്കു മാറ്റി. അര്‍ഹതപ്പെട്ട രീതിയില്‍ പരോളും നല്‍കി.

സംസ്ഥാനത്തെ ജയിലുകളില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വനിതാ തടവുകാരില്‍ പരോള്‍ നേടുന്ന കാര്യത്തില്‍ ഷെറിനായിരുന്നു ഒന്നാം സ്ഥാനത്ത്. ആറു വര്‍ഷത്തിനിടെ 22 തവണയായി ഇവര്‍ക്കു ലഭിച്ചത് 444 ദിവസത്തെ പരോള്‍ ആയിരുന്നു. 2012 മാര്‍ച്ചിനും ഈ വര്‍ഷം ജനുവരിക്കുമിടയില്‍ 345 ദിവസത്തെ സാധാരണ പരോള്‍ കിട്ടി. 2012 ഓഗസ്റ്റ് മുതല്‍ 2017 ഒക്ടോബര്‍ വരെ 92 ദിവസത്തെ അടിയന്തര പരോളും ലഭിച്ചു. ഹൈക്കോടതിയില്‍നിന്ന് ഒരാഴ്ചത്തെ അടിയന്തര പരോള്‍ കൂടി ലഭിച്ചു. തടവുകാര്‍ക്ക് ശിക്ഷാ ഇളവു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ ആദ്യ പട്ടികയിലും ഇവര്‍ ഇടം നേടിയിരുന്നു. അത് അന്ന് വിവാദമായി. ഇപ്പോള്‍ പതിനാല് വര്‍ഷമാണ് ജീവപര്യന്തമെന്ന പൊതു തത്വത്തില്‍ മോചിപ്പിക്കുകയാണ് മന്ത്രിസഭാ യോഗം.

കാരണവരുടെ കൊലപാതകത്തില്‍ അതിവേഗം തന്നെ പ്രതികളിലേക്ക് എത്താന്‍ പൊലീസിന് സാധിച്ചു. വീടിനകത്തുള്ള ആരുടെയെങ്കിലും സഹായമില്ലാതെ, നായ്ക്കളുള്ള വീട്ടിലെത്തി, ഭാസ്‌കര കാരണവരെ കൊല്ലാന്‍ കഴിയില്ലെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. അങ്ങനെയാണ് മരുമകള്‍ ഷെറിനെയും സുഹൃത്തുക്കളെയും പിടികൂടിയത്. ശിക്ഷ കാലാവധി പൂര്‍ത്തിയായി സാഹചര്യത്തില്‍ ഷെറിന്‍ നേരത്തെ നല്‍കിയ അപേക്ഷ കൂടി പരിഗണിച്ചാണ് ഇപ്പോള്‍ ഇളവ് നല്‍കാനുള്ള തീരുമാനമെടുത്തത്. പല കാര്യങ്ങള്‍ പരിഗണിച്ച്, ജയില്‍ ഉപദേശക സമിതിയുടെ നിര്‍ദേശം കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തിരിക്കുന്നത്.

ഷെറിനെ അമേരിക്കയില്‍ കൊണ്ടുപോകുമെന്ന ഉറപ്പിലാണ് കല്യാണം നടത്തിയത്. ഒരുവര്‍ഷത്തിനകം ഇരുവരും അമേരിക്കയിലുമെത്തി. ഭാസ്‌കരക്കാര്‍ണവര്‍ക്കും ഭാര്യ അന്നമ്മയ്ക്കൊമൊപ്പമായിരുന്നു താമസം. അവിടെ ജോലിക്കു കയറിയ സ്ഥാപനത്തില്‍ ഷെറിന്‍ മോഷണത്തിനു പിടിക്കപ്പെട്ടതു മുതല്‍ പ്രശ്നങ്ങളാരംഭിച്ചു. പിന്നീടു ഭര്‍ത്താവിനും കൈക്കുഞ്ഞിനുമൊപ്പം നാട്ടിലേക്കു മടങ്ങി. 2007-ല്‍ ഭാര്യ അന്നമ്മയുടെ മരണത്തോടെ ഭാസ്‌കരക്കാരണവരും നാടായ ചെറിയനാട്ടേക്കു മടങ്ങി. പിന്നീടാണ് കൊലയിലേക്ക് കാര്യങ്ങളെത്തിയത്. ചെറിയനാട്ടെ കാരണവേഴ്‌സ്വില്ല ഇന്ന് അനാഥമാണ്. ഷെറിന്റെ മകന്‍ അന്നത്തെ നാലുവയസ്സുകാരന്‍ ഇന്നു മുതിര്‍ന്ന കുട്ടിയായി. മകനെയും ബിനുവിനെയും സഹോദരങ്ങള്‍ അമേരിക്കയിലേക്കു കൊണ്ടുപോയി. മകനൊപ്പം കഴിയാന്‍ ഷെറിന്‍ അമേരിക്കയിലേക്ക് പോകുമോ എന്നതാണ് ഇനി അറിയാനുള്ളത്.

അക്കാലത്തെ സാമൂഹിക മാധ്യമമായ ഓര്‍ക്കൂട്ടും മൊബൈലും ഷെറിന്റെ പുരുഷസൗഹൃദവലയം വിപുലീകരിച്ചു. ഭാസ്‌കരക്കാരണവരുടെ സാന്നിധ്യത്തില്‍പോലും കാരണവേഴ്‌സ് വില്ലയില്‍ അപരിചിതരെത്തി. ഇതോടെ ഷെറിനു തന്റെ വസ്തുവിലുള്ള അവകാശം ഒഴിവാക്കി കാരണവര്‍ പുതിയ ധനനിശ്ചയാധാരമുണ്ടാക്കി. സാമ്പത്തിക അച്ചടക്കത്തിനു കാരണവര്‍ ശ്രമിച്ചതോടെ പലരില്‍നിന്നും ഷെറിന്‍ പണം കടം വാങ്ങാന്‍ തുടങ്ങി. കാരണവരാണ് അതെല്ലാം വീട്ടിയത്. ഓര്‍ക്കൂട്ട് വഴിയെത്തിയ സന്ദര്‍ശകനായിരുന്നു കേസിലെ രണ്ടാംപ്രതിയായ ബാസിത് അലി. മറ്റു രണ്ടുപ്രതികളും സുഹൃത്തുക്കളുമായ ഷാനുറഷീദ്, നിഥിന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് കാരണവരെ വധിക്കുന്നത്. സ്വത്തില്‍ നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കേസ്.