- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്‍ മന്ത്രിമാര്‍ക്കും ഇപ്പോഴത്തെ മന്ത്രിമാര്‍ക്കും ഫണ്ട് കിട്ടി; ഇതെല്ലാം പുറത്തു വന്നാല്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും അടിത്തറ തന്നെ ഇളകും; വിദേശ നിക്ഷേപ നിയമവും ലംഘിച്ചു; സര്‍ക്കാര്‍ കമ്പനിയില്‍ നിന്നും പണം തട്ടിയത് കടലാസ് കമ്പനിയിലൂടെ; രാജേഷ് കൃഷ്ണയുടെ 'വലിയ വളര്‍ച്ച' അത്ഭുതമോ? ഷെര്‍ഷാദിന്റെ ആരോപണം ഇങ്ങനെ
കണ്ണൂര്‍: പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുദ്ദേശിച്ചല്ല താന്‍ പരാതി നല്‍കിയതെന്ന് സിപിഎമ്മിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട പരാതിക്കാരന്‍ വ്യവസായി മുഹമ്മദ് ഷെര്‍ഷാദ്. രാജേഷ് കൃഷ്ണ കടലാസ് കമ്പനിയുണ്ടാക്കി കേരളത്തിലെ സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പണം തട്ടിയെന്നും എംവി ഗോവിന്ദന്റെ മകനുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും വ്യവസായി ആരോപിച്ചു. എംബി രാജേഷ്, കെഎന്‍ ബാലഗോപാല്‍, എംവി ഗോവിന്ദന്‍ തുടങ്ങി സിപിഎമ്മിന്റെ മുന്‍നിര നേതാക്കളുമായി രാജേഷ് കൃഷ്ണയ്ക്ക് അടുത്ത വ്യക്തിബന്ധമുണ്ടെന്നും 2016 ന് ശേഷം യുകെയില്‍ വലിയ വളര്‍ച്ചയാണ് രാജേഷ് കൃഷ്ണ നേടിയതെന്നും ആരോപിക്കുന്നു.
'താന്‍ 2021 ലാണ് കോടിയേരി ബാലകൃഷ്ണന് രാജേഷ് കൃഷ്ണയെ കുറിച്ച് പരാതി നല്‍കിയത്. ആ കത്തിന്റെ അടിസ്ഥാനത്തില്‍ രാജേഷ് കൃഷ്ണയെ മാറ്റിനിര്‍ത്തി. എന്നാല്‍ എംവി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായതോടെ രാജേഷ് കൃഷ്ണ പൂര്‍വാധികം ശക്തിയോടെ തിരികെ വന്നു. എംവി ഗോവിന്ദന്‍ ലണ്ടനില്‍ പോയപ്പോള്‍ രാജേഷ് കൃഷ്ണയുടെ വീട് സന്ദര്‍ശിച്ചു. അവിടെ വച്ച് പുസ്തക പ്രകാശന പരിപാടിയില്‍ ഭാഗമായി. അത് കണ്ട് താന്‍ ഗോവിന്ദന്‍ മാഷെ വിളിച്ച് സംസാരിച്ചു. തന്റെ കഥകളെല്ലാം കേട്ടിട്ടും മാഷിന്റെ ഭാഗത്ത് നിന്ന് പിന്തുണയുണ്ടായില്ല. താനും പിന്നീട് തന്റെ തിരക്കിലേക്ക് മടങ്ങി. ഇതിനിടയിലാണ് പാര്‍ട്ടി സമ്മേളന പ്രതിനിധിയായി രാജേഷ് കൃഷ്ണ വരുന്ന വിവരം അവിടെ നിന്ന് ഇയാള്‍ കാരണം ബുദ്ധിമുട്ടിലായ ചിലര്‍ തന്നെ വിളിച്ച് പറഞ്ഞത്. അതിന്റെ ഭാഗമായി താന്‍ ഇടപെട്ടു.-ഇതാണ് ഷെര്‍ഷാദിന്റെ വെളിപ്പെടുത്തല്‍.
രാജേഷ് കൃഷ്ണക്കെതിരേ ഷെര്‍ഷാദ് സിപിഎം പൊളിറ്റ് ബ്യൂറോയ്ക്കു നല്‍കിയ പരാതി കോടതി രേഖയായി എന്നാണ് ആരോപണം.
പരാതി ചോര്‍ത്തിയത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മകന്‍ ശ്യാമെന്ന് ആരോപിച്ച് ഷെര്‍ഷാദ് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയ പരാതിയുടെ പകര്‍പ്പ് പുറത്തു വന്നിരുന്നു. രാജേഷ് കൃഷ്ണ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ മാനനഷ്ട കേസില്‍ വിവാദകത്ത് ഭാഗമായതോടെ പാര്‍ട്ടിക്ക് നല്‍കിയ രഹസ്യ കത്ത് എങ്ങനെ മാനനഷ്ടക്കേസില്‍ തെളിവായി എന്നാണ് ചോദ്യം. രാജേഷ് കൃഷ്ണയെ മധുരയിലെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ലണ്ടനില്‍ നിന്നുള്ള പ്രതിനിധിയായി നിശ്ചയിച്ചിരുന്നു. എന്നാല്‍ സമ്മേളനം തുടങ്ങിയപ്പോള്‍ പ്രവേശനം അനുവദിച്ചില്ല. ഇത് റിപ്പോര്‍ട്ട് ചെയ്ത ചില മാധ്യമങ്ങള്‍ക്കെതിരെ രാജേഷ് കൃഷ്ണ നല്‍കിയ മാനനഷ്ട കേസിലാണ് പാര്‍ട്ടിക്ക് ഷെര്‍ഷാദ് നല്‍കിയ കത്തും ഉള്ളത്.
സിപിഎം നേതാക്കളുമായുള്ള സാമ്പത്തിക ഇടപാട് അടക്കമുള്ള കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന പരാതി സ്വകാര്യ അന്യായത്തിനൊപ്പം കോടതിയില്‍ എത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഷെര്‍ഷാദ് രംഗത്തു വന്നിരുന്നു. 2022ല്‍ ചെന്നെയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ നല്‍കിയ പരാതി പോളിറ്റ്ബ്യൂറോ നടപടികള്‍ക്ക് ശേഷം സംസ്ഥാന കമ്മിറ്റിയിലേക്ക് കൈമാറിയിരുന്നു. ഈ പരാതി സംസ്ഥാന കമ്മിറ്റിയില്‍നിന്നാണ് ചോര്‍ന്നതെന്ന് ഷര്‍ഷാദ് ആരോപിച്ചു. അതിന് പിന്നില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മകന് പങ്കുള്ളതായി സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പരാതിയില്‍ ഗുരുതര ആരോപണങ്ങള്‍
തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ചെയ്ത ഒരു കമ്പനിയിലേക്ക് വിദേശത്തുനിന്ന് വന്‍തോതില്‍ പണം അയക്കുകയും അത് പ്രത്യേക അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്യുന്നു. ഇങ്ങനെ വ്യക്തിഗത അക്കൗണ്ടുകളിലേക്കുവന്ന പണം ഇടതുപക്ഷത്തെ നേതാക്കള്‍ക്ക് നല്‍കി. തിരഞ്ഞെടുപ്പു സമയത്ത് നല്‍കിയ പണത്തിനുപുറമേ, കണ്‍സള്‍ട്ടന്‍സി, മറ്റുസേവനങ്ങള്‍ തുടങ്ങിയ പേരിലാണ് ഈ പണം നല്‍കിയിട്ടുള്ളത്. മുന്‍ മന്ത്രിമാരായവര്‍ക്കും ഇപ്പോഴത്തെ മന്ത്രിമാര്‍ക്കും ഫണ്ട് നല്‍കിയിട്ടുണ്ട്. ഇതെല്ലാം പുറത്തുവന്നാല്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും അടിത്തറതന്നെ ഇളകും.
വിദേശനിക്ഷേപ നിയമം ലംഘിച്ചതിന്, ഈ ഇടപാടുകളെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിലെ കമ്പനിക്കുള്ള സെക്യൂരിറ്റി ക്ലിയറന്‍സ് അവിടത്തെ ഡിജിപി റദ്ദാക്കി. ഈ അന്വേഷണം പാര്‍ട്ടിയിലേക്കും അതിന്റെ നേതാക്കളിലേക്കും എത്തുമെന്ന് ഭയപ്പെടുന്നു. പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും സ്വാധീനം ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് അന്വേഷിക്കണം തുടങ്ങിയ കാര്യങ്ങളായിരുന്നു പരാതിയില്‍ ഉണ്ടായിരുന്നത്.