- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടകംപള്ളിയും പോറ്റിയും തമ്മില്‍ എന്താണ് ഇടപാട്? കൂടെ ഇരിക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന് ഇവരുമായി എന്താണ് ബന്ധം? മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് ഇതില്‍ യാതൊരു ദുരൂഹതയും തോന്നാത്തത്? ചിത്രത്തിലെ സൗഹൃദത്തെക്കുറിച്ച് എന്തുകൊണ്ട് മുഖ്യമന്ത്രി അന്വേഷിക്കുന്നില്ല; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോണ്‍
കടകംപള്ളിയും പോറ്റിയും തമ്മില്‍ എന്താണ് ഇടപാട്?
തിരുവനന്തപുരം: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും മുന്‍ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനും ഒരുമിച്ചുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ച് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. ഈ ഫോട്ടോയില്‍ എന്ത് കൊണ്ട് മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലെന്ന ചോദ്യം ഉന്നയിച്ചു കൊണ്ടാണ് ഷിബുവിന്റെ ഫേസ്ബുക്ക് കുറിപ്പ്.
ഫേസ്ബുക്കിലൂടെയാണ് ഷിബു ബേബി ജോണിന്റെ ആദ്യ പ്രതികരണം. ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്തായിരുന്നുവെന്നും, ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ഇരുത്തി എന്താണ് ചര്‍ച്ച ചെയ്തതെന്നും, അത് കടകംപള്ളിയും സര്‍ക്കാരും വ്യക്തമാക്കണമെന്നും ഷിബു ബേബി ജോണ്‍ പിന്നീട് മാധ്യമങ്ങളോടും പറഞ്ഞു. മുഖ്യമന്ത്രി ഇതും അന്വേഷിക്കുമോ എന്നറിയാന്‍ ആകാംക്ഷയുണ്ടെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.
ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്:
ഈ ചിത്രങ്ങള്‍ നേരത്തെ എന്റെ കയ്യില്‍ ഉണ്ടായിരുന്നതാണ്. എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയുമായി നില്‍ക്കുന്ന ചിത്രത്തില്‍ മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുമ്പോള്‍ ഈ ചിത്രത്തിലും ദുരൂഹത തോന്നേണ്ടതല്ലേ?
പോറ്റി സോണിയ ഗാന്ധിയെ കണ്ടപ്പോഴല്ല ശബരിമലയില്‍ മോഷണം നടന്നത്. സോണിയ ഗാന്ധി വിചാരിച്ചാല്‍ ഒരാളെയും ശബരിമലയില്‍ കയറ്റാനും കഴിയില്ല. മറിച്ച് ഈ ചിത്രത്തില്‍ പോറ്റിക്കൊപ്പം നില്‍ക്കുന്ന മഹാന്‍ ദേവസ്വം മന്ത്രി ആയിരുന്നപ്പോഴാണ് ശബരിമലയിലെ സ്വര്‍ണ്ണം പമ്പ കടന്നുപോയത്.
ഇവര്‍ ഇരിക്കുന്നത് ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ ആണെന്ന് തോന്നുന്നു. കടകംപള്ളിയും പോറ്റിയും തമ്മില്‍ എന്താണ് ഇടപാട്? കൂടെ ഇരിക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന് ഇവരുമായി എന്താണ് ബന്ധം? മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് ഇതില്‍ യാതൊരു ദുരൂഹതയും തോന്നാത്തത്?
പോറ്റിക്കൊപ്പം സോണിയ ഗാന്ധിയുള്ള ചിത്രങ്ങള്‍ ഇടതു മുന്നണി പ്രചരണായുധം ആക്കുമ്പോഴാണ് ഷിബു ബേബി ജോണ്‍ ചിത്രം പുറത്തുവിട്ടത്. ഇതോടെ പോറ്റി ബന്ധത്തിന്‍മേല്‍ മുന്നണികള്‍ തമ്മിലുള്ള പോര് കനക്കുകയാണ്. നേരത്തെ ശബരിമല സ്വര്‍ണ്ണകൊള്ള കേസിലെ പ്രതി ഉണ്ണിക്യഷ്ണന്‍ പോറ്റി മുഖ്യമന്ത്രിയെ കണ്ടത് ഏത് സാഹചര്യത്തിലാണെന്ന് തെളിഞ്ഞുവെന്നും സോണിയാ ഗാന്ധിയെ പോറ്റി കണ്ടത് എന്തിനാണെന്ന് പുറത്തുപറയാന്‍ കോണ്‍ഗ്രസിന് ആര്‍ജ്ജവമുണ്ടോയെന്നും മന്ത്രി വി ശിവന്‍കുട്ടിയും ചോദിച്ചിരുന്നു.
സെക്രട്ടറിയേറ്റിലെ പോര്‍ട്ടിക്കോയില്‍ വെച്ചാണ് ഉണ്ണിക്യഷ്ണന്‍ പോറ്റിയെ കണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെന്നും ശിവന്‍കുട്ടി പറഞ്ഞു. പൊലീസിന് ആംബുലന്‍സ് കൈമാറുന്ന പരസ്യമായ ഒരു ചടങ്ങായിരുന്നു അത്. ആ ദൃശ്യങ്ങള്‍ നിന്ന് സൗകര്യപൂര്‍വ്വം ചില ഭാഗങ്ങള്‍ മാത്രം കട്ട് ചെയ്തെടുത്തത്. വ്യാജമായ കഥകള്‍ മെനഞ്ഞ് പ്രചരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നതെന്നും ശിവന്‍കുട്ടി ആരോപിക്കുകയുണ്ടായി.
ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
വ്യാജ നിര്‍മ്മിതികള്‍ കൊണ്ട് സത്യത്തെ മറയ്ക്കാനാവില്ല; കോണ്‍ഗ്രസിന്റെ 'നുണ ഫാക്ടറി'യ്ക്കുള്ള മറുപടി.ശബരിമല സ്വര്‍ണ്ണപ്പാളി കടത്ത് കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ സെക്രട്ടറിയേറ്റിലെ പോര്‍ട്ടിക്കോയില്‍ വെച്ചാണ് കണ്ടതെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ കൃത്യമായി വ്യക്തമാക്കിയിരുന്നതാണ്. ശബരിമലയിലെ ആവശ്യത്തിനായി പൊലീസിന് ഒരു ആംബുലന്‍സ് കൈമാറുന്ന പരസ്യമായ ഒരു ചടങ്ങായിരുന്നു അത്.
എന്നാല്‍, ആ ചടങ്ങിലെ ദൃശ്യങ്ങളില്‍ നിന്ന് സൗകര്യപൂര്‍വ്വം ചില ഭാഗങ്ങള്‍ മാത്രം കട്ട് ചെയ്‌തെടുത്ത്, വ്യാജമായ കഥകള്‍ മെനഞ്ഞ് പ്രചരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവരുടെ കയ്യിലിരുപ്പ് വ്യക്തമാക്കുന്നതാണ് ഈ ഫോട്ടോഷോപ്പ് രാഷ്ട്രീയം. ആ ചടങ്ങിലെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ ആര്‍ക്കും പരിശോധിക്കാവുന്നതേയുള്ളൂ.
ഇനി കോണ്‍ഗ്രസ് നേതാക്കളോട് ഒരു മറുചോദ്യം. മറ്റുള്ളവര്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നതിന് മുന്‍പ്, സ്വന്തം നേതൃത്വത്തിലേക്ക് ഒന്ന് നോക്കുന്നത് നന്നായിരിക്കും. ശ്രീമതി സോണിയാ ഗാന്ധിയുമായി ഇതേ ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ കൂടിക്കാഴ്ചയുടെ വിശദ വിവരങ്ങള്‍ പുറത്തുവിടാനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസിനുണ്ടോ? എന്തായിരുന്നു ആ കൂടിക്കാഴ്ചയുടെ ഉദ്ദേശം എന്ന് ജനങ്ങളോട് പറയാന്‍ തയ്യാറുണ്ടോ? നുണകള്‍ കൊണ്ട് കോട്ട കെട്ടാന്‍ നോക്കുന്നവര്‍, അത് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴുമെന്ന് ഓര്‍ക്കുന്നത് നന്ന്. സത്യം ജയിക്കുക തന്നെ ചെയ്യും.




