കൊച്ചി: മുടിയും നഖവും പരിശോധിക്കാന്‍ നടന്‍ ഷൈന്‍ ടോം ചാക്കോ അനുവദിക്കില്ല. തന്റെ വ്യക്തിത്വത്തം സംശയത്തിലാക്കുന്ന ഒരു നടപടിയ്ക്കും സമ്മതം മൂളില്ലെന്ന് പോലീസിനെ നടന്‍ അറിയിച്ചു. ഹോട്ടലില്‍ നിന്ന് പേടിച്ചോടിയതാണെന്ന് ഷൈന്‍ ടോം ചാക്കോ വിശദീകരിച്ചു. തന്നെ ആരോ അക്രമിക്കാന്‍ വന്നതാണെന്ന് ഭയന്നു. പൊലീസാണെന്ന് അറിയില്ലായിരുന്നുവെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കിയത്.

ഷൈന്‍ ടോം ചാക്കോയുടെ ഫോണ്‍ പരിശോധിച്ചു. വാട്‌സ്ആപ്പ് ചാറ്റുകളും കോളുകളമാണ് പൊലീസ് പരിശോധിച്ചു. എന്നാല്‍ ഒന്നും പോലീസിന് കണ്ടെത്താനായില്ല. കേസ് ചാര്‍ജ്ജ് ചെയ്യാത്തതു കൊണ്ട് തന്നെ ഫോണ്‍ വിശദ പരിശോധനയ്ക്കും വിധേയമാക്കാന്‍ കഴിയില്ല. ഇതോടെ എല്ലാ അര്‍ത്ഥത്തിലും വെറും നടപടിക്രമങ്ങളിലേക്ക് ചോദ്യം ചെയ്യല്‍ ഒതുങ്ങും.

ഗൂഗിള്‍ പേ ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഷൈന്‍ സ്ഥിരം ഉപയോഗിച്ചിരുന്ന ഫോണ്‍ ഇത് തന്നെ ആണോ എന്നു പോലും പോലീസിന് സംശയമുണ്ട്. സ്ഥിരം ഇടപാടുകള്‍ക്ക് മറ്റ് ഫോണ്‍ ഉണ്ടോ എന്നാണ് പൊലീസ് സംശയിക്കുന്നത്. സ്ഥിരമായി മൂന്ന് ഫോണുകളാണ് ഉപയോഗിക്കുന്നതെന്ന് ഷൈന്‍ പൊലീസിന് മൊഴി നല്‍കി. എന്നാല്‍ ഒരു ഫോണ്‍ മാത്രമാണ് ഷൈന്‍ പൊലീസിന് മുന്നില്‍ ഹാജരാക്കിയത്. എന്നാല്‍ കേസില്ലാത്തതു കൊണ്ട് ബലം പ്രയോഗിച്ച് ഇതൊന്നും പിടിച്ചെടുക്കാന്‍ കഴിയില്ല.

ലഹരി റെയ്ഡിനിടെ എന്തിന് മുങ്ങി. ഈ ചോദ്യത്തിന്റെ ഉത്തരമറിയാനാണ് ഷൈന്‍ ടോം ചാക്കോയെ പൊലീസ് വിളിപ്പിച്ചത്. ഷൈന്‍ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ കോള്‍ ലോഗുകള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. എന്നാല്‍ എല്ലാ ചോദ്യത്തിനും കരുതലോടെയാണ് മറുപടികള്‍ നല്‍കുന്നത്. ക്രൈം കേസുകളൊന്നും നിലവിലില്ലെന്ന നിഗമനത്തിലാണ് ഇത്. സമീപകാലത്ത് ഷൈന്‍ നഗരത്തില്‍ താമസിച്ച 6 ഹോട്ടലുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. ഹോട്ടലുകളില്‍ താമസിച്ചിരുന്ന ദിവസങ്ങളില്‍ ഷൈനിനെ സന്ദര്‍ശിച്ചവരുടെ പട്ടികയും പൊലീസ് തയാറാക്കിയിരുന്നു. വ്യക്തിപരമായ വിവരങ്ങള്‍ പോലീസിന് കൈമാറേണ്ട സാഹചര്യമില്ലെന്നാണ് ഷൈന്‍ ഇതിനെല്ലാം നല്‍കുന്ന പ്രതികരണം.

രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ സംശയാസ്പദമായി ഒന്നും ലഭിച്ചില്ല. ഷൈനിന്റെ ഫോണ്‍ പരിശോധിക്കാന്‍ സൈബര്‍ വിദഗ്ധരും ഒപ്പമുണ്ട്. കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രണ്ട് എസിപി മാരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കൃത്യമായ തെളിവുകള്‍ ലഭിച്ചതിന് ശേഷം മാത്രമേ ഷൈനിനെതിരെ കേസടുക്കുകയുളളൂ എന്നാണ് പൊലീസിന്റെ തീരുമാനം. നടിയുടെ പരാതിയില്‍ ഷൈന്‍ ഇന്റേണല്‍ കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് താര സംഘടനയായ 'അമ്മ' മെയില്‍ അയച്ചതായി ഷൈനിന്റെ കുടുബം അറിയിച്ചിരുന്നു.

വിന്‍സി അലോഷ്യസില്‍ നിന്ന് എക്‌സൈസ് വിവരങ്ങള്‍ തേടാന്‍ ശ്രമിച്ചെങ്കിലും നിയമനടപടികള്‍ക്ക് താല്പര്യമില്ലെന്ന് കുടുംബം അറിയിച്ചു. എന്നാല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്താനാണ് എക്‌സൈസ് തീരുമാനം. പക്ഷേ പരാതി ഇല്ലാത്തതുകൊണ്ട് അതില്‍ നടപടികള്‍ അസാധ്യമാണെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ നടനെ പോലീസ് നിരന്തരം നിരീക്ഷിക്കും.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈന്‍ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈന്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. സിറ്റി പോലീസ് ഡാന്‍സാഫ് സംഘം പരിശോധനയ്‌ക്കെത്തിയതറിഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ കൊച്ചിയിലെ വേദാന്താ ഹോട്ടലിന്റെ മൂന്നാം നിലയില്‍നിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നത് വലിയ വിവാദമായിരുന്നു.

കൊച്ചി നോര്‍ത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലില്‍ താമസിച്ചിരുന്ന മുറിയുടെ ജനല്‍ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയില്‍ കാര്‍പോര്‍ച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈന്‍ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയര്‍കെയ്‌സ് വഴി ഹോട്ടല്‍ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയില്‍ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.

2015-ലെ കൊക്കെയ്ന്‍ കേസില്‍ ഷൈന്‍ ടോം ചാക്കോയെ അടുത്തയിടെയാണ് തെളിവില്ലെന്നു കണ്ട് കോടതി വെറുതേ വിട്ടത്. കൊച്ചി കടവന്ത്രയില്‍ നടത്തിയ റെയ്ഡില്‍ ആയിരുന്നു കൊക്കെയ്നുമായി ഷൈനും മോഡലുകളും പിടിയിലായത്. ആലപ്പുഴയില്‍ യുവതിയെ ഹൈബ്രിഡ് കഞ്ചാവുമായി എക്‌സൈസ് പിടികൂടിയ കേസിലും ഷൈനിന്റെ പേര് ഉയര്‍ന്നിരുന്നു.