- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പോലീസ് റൂമിന്റെ ബെല്ലടിച്ചു; റിസപ്ഷനിലുള്ളവര്‍ നേരത്തെ ഫോണ്‍ ചെയ്ത് അറിയിച്ചു; മൂന്നാം നിലയിലെ മുറിയുടെ ജനാല വഴി രണ്ടാം നിലയിലെ ഷീറ്റിനു മുകളിലേക്ക് ചാടി; ചാട്ടത്തിന്റെ ആഘാതത്തില്‍ ഷീറ്റ് പൊട്ടി; തുടര്‍ന്ന് രണ്ടാം നിലയിലെ സ്വിമ്മിംഗ് പൂളിലേക്ക് ചാടി; പിന്നെ സ്റ്റെയര്‍കെയ്‌സ് വഴി രക്ഷപ്പെടല്‍; സിനിമയെ വെല്ലും 'സ്പൈഡര്‍ ചാട്ടങ്ങള്‍'; ഷൈന്‍ ടോം ചാക്കോയുടേത് സാഹസിക രക്ഷപ്പെടല്‍
കൊച്ചി: ഷൈന്‍ ടോം ചാക്കോ ആ ഹോട്ടലില്‍ നിന്നും രക്ഷപ്പെട്ടത് സിനിമയെ വെല്ലും തരത്തില്‍. മൂന്നാം നിലയിലെ മുറിയുടെ ജനാല വഴി ഷൈന്‍ രണ്ടാം നിലയിലെ ഷീറ്റിനു മുകളിലേക്ക് ചാടി. ചാട്ടത്തിന്റെ ആഘാതത്തില്‍ ഷീറ്റ് പൊട്ടി. തുടര്‍ന്ന് രണ്ടാം നിലയിലെ സ്വിമ്മിംഗ് പൂളിലേക്ക് ചാടി. ഇവിടെ നിന്നും സ്റ്റെയര്‍കെയ്‌സ് വഴി ഷൈന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പോലീസിലെ ഡാന്‍സാഫ് സംഘം എത്തുന്നത് അറിഞ്ഞായിരുന്നു ഓട്ടം. ഡാന്‍സാഫിന്റെ റെയ്ഡ് ചോര്‍ന്നുവെന്നാണ് സൂചന.
ഡാന്‍സാഫ് പരിശോധനയ്ക്ക് എത്തുമ്പോള്‍ മുര്‍ഷിദ് എന്നയാളാണ് മുറിയില്‍ ഉണ്ടായിരുന്നത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആള്‍ എന്നാണ് പോലീസിനോട് മുര്‍ഷിദ് പറഞ്ഞത്.മുറിയില്‍ അനന്തകൃഷ്ണന്‍ എന്നു പേരുള്ള മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു.ഡാന്‍സാഫ് സംഘം എത്തുമ്പോള്‍ ഇയാള്‍ മുറിയില്‍ ഉണ്ടായിരുന്നില്ല.പിന്നീട് ഇയാളെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. പൊലീസ് ഡാന്‍സാഫ് സംഘത്തിന്റെ ലഹരി പരിശോധനക്കിടെ സംഭവിച്ചത് നാടകീയ സംഭവങ്ങളായിരുന്നു. ഇന്നലെ രാത്രി 10.48ഓടെ കലൂര്‍ ലിസി ജങ്ഷനിലെ പി.ജി.എസ് വേദാന്ത എന്ന ഹോട്ടലിലാണ് സംഭവം. പൊലീസ് സംഘം എത്തി ഷൈന്‍ ടോം ചാക്കോ താമസിച്ച 314-ാം വാതിലില്‍ മുട്ടുകയും കാളിങ് ബെല്‍ അടിക്കുകയും ചെയ്തപ്പോള്‍ ജനാലവഴിയാണ് നടന്‍ പുറത്തേക്ക് ചാടിയത്. പോലീസ് എത്തിയ വിവരം റിസപ്്ഷനിലുള്ളവര്‍ ഷൈന്‍ ടോം ചാക്കോയെ മുന്‍കൂട്ടി അറിയിച്ചുവെന്നാണ് വിലയിരുത്തല്‍.
ഏതായാലും നടന്‍ ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. തുടര്‍ന്ന് ഷൈന്‍ ടോം ചാക്കോ താമസിച്ച മുറിയില്‍ പരിശോധന നടത്തി. ഇവിടെ പാലക്കാട് സ്വദേശിയായ ആള്‍ ഉണ്ടായിരുന്നു. ഇയാളെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഒന്നുകില്‍ നടന്‍ ലഹരി മരുന്ന് ഉപയോഗിക്കുകയോ അല്ലെങ്കില്‍ കൈവശം വെക്കുകയോ ചെയ്തിരിക്കാമെന്നാണ് പൊലീസ് നിഗമനം. നേരത്തെ ലൊക്കേഷനില്‍ ലഹരി ഉപയോഗിച്ച് എത്തിയ നടന്‍ ഷൈന്‍ ടോം ചാക്കോയാണെന്ന് നടി വിന്‍സി അലോഷ്യസ് വെളിപ്പെടുത്തിയിരുന്നു. നടി തന്നെയാണ് നടന്റെ പേരു വെളിപ്പെടുത്തിയത്. ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവക്ക് വിന്‍സി അലോഷ്യസ് പരാതി നല്‍കി.
നടിയില്‍നിന്ന് വിവരം ശേഖരിക്കാനും തുടര്‍ന്ന് അന്വേഷണം നടത്താനും എക്‌സൈസ് വകുപ്പ് നടപടി തുടങ്ങി. നിലവില്‍ നടനെ കുറിച്ച് ആര്‍ക്കുമൊന്നും അറിയില്ല. പേടിച്ചാണ് മകന്‍ ഓടിയതെന്ന് അമ്മ പ്രതികരിച്ചിട്ടുണ്ട്. പോലീസ് പിടിച്ചാല്‍ ലഹരി പരിശോധനയ്ക്ക് വിധേയമാക്കും. ഈ ഭയമാണ് ഓട്ടത്തിന് പിന്നിലെന്നാണ് സൂചനകള്‍. സിനിമയിലെ സുഹൃത്തുക്കളെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. അതിനിടെ വിന്‍സിയുടെ വെളിപ്പെടുത്തല്‍ വാര്‍ത്ത ഷെയന്‍ ഇന്‍സ്റ്റായില്‍ ഷെയര്‍ ചെയ്തതും ഈ ഓട്ടത്തിന് ശേഷമാണ്. മൊബൈല്‍ ടവര്‍ പരിശോധനകളിലേക്ക് അടക്കം പോലീസ് കടന്നിട്ടുണ്ട്.
ഹോട്ടലിന്റെ റിസപ്ഷനില്‍ എത്തിയ പൊലീസ് സംഘം ഷൈന്‍ ടോം ചാക്കോ താമസിക്കുന്ന മുറി ഏതാണെന്ന് അന്വേഷിച്ചു. തുടര്‍ന്ന് 314ാം നമ്പര്‍ മുറി ലക്ഷ്യമാക്കി പൊലീസ് എത്തുമ്പോഴേക്കും ഷൈന്‍ മുറിയുടെ ജനാലവഴി രണ്ടാം നിലയിലെ ഷീറ്റിന് മുകളിലേക്ക് ചാടി രക്ഷപ്പെടാന്‍ നീക്കം നടത്തിയിരുന്നു. ഇതുകൊണ്ടാണ് റിസപ്ഷനില്‍ നിന്നും നടന് സന്ദേശം കൈമാറിയോ എന്ന സംശയം ശക്തമാകുന്നത്. പടിക്കെട്ടുകളിലൂടെ ഓടിയാണ് റിസപ്ഷന്റെ ഭാഗത്തേക്ക് എത്തിയത്. അവിടെനിന്നു ഹോട്ടലിന് പുറത്തുകടന്ന ഷൈന്‍ അതുവഴി വന്ന ഇരുചക്ര വാഹനത്തിന് കൈകാണിച്ച് അതില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
(ദുഖവെള്ളി പ്രമാണിച്ച് 18-04-2025ന് മറുനാടന്‍ മലയാളിയ്ക്ക് അവധിയായിരിക്കും. ഈ സാഹചര്യത്തില്‍ 18-04-2025ന് വെബ് സൈറ്റില്‍ അപ്‌ഡേഷന്‍ ഉണ്ടായിരിക്കില്ല-എഡിറ്റര്‍)