കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ കേസെടുത്തു. മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്. മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ഷൈന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഷൈനിനെ വൈദ്യപരിശോധന നടത്തും. ഷൈനിന്റെ രക്തസാംപിള്‍ പരിശോധിക്കും. ഇതിന് എഫ് ഐ ആര്‍ അനിവാര്യതായണ്.

പോലീസിന്റെ രണ്ടാം ഘട്ട ചോദ്യം ചെയ്യലില്‍ ഷൈന്‍ എല്ലാ അര്‍ത്ഥത്തിലും പൊളിഞ്ഞു വീണു. അങ്ങനെയാണ് കുറ്റസമ്മതം ഉണ്ടായത്. ഇതെല്ലാം വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തു. ഗുഗിള്‍ പേ ഇടപാടുകളാണ് നിര്‍ണ്ണായകമായത്. അഭിഭാഷകര്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ് നടന്‍ ചോദ്യം ചെയ്യലിന് എത്തിയത്. ഗ്രൂപ്പായി മയക്കുമരുന്ന് ഉപയോഗിച്ചെന്നും സമ്മതിച്ചു. ഇതോടെയാണ് കേസിലേക്ക് കാര്യങ്ങളെത്തിയത്. മയക്കുമരുന്ന് കൈയ്യില്‍ നിന്നും കിട്ടാത്തതുകൊണ്ട് കേസ് ജാമ്യമുള്ളതായി മാറി.

ഹോട്ടലിലെ ഓട്ടമാണ് ഷൈനിന് വിനയായത്. പൊലീസിനെ കണ്ട് പേടിച്ചോടിയതാണെന്ന് ഷൈന്‍ മൊഴി നല്‍കിയിരുന്നു. ഗുണ്ടകളെന്ന് കരുതിയാണ് ഓടിയതെന്നും അപ്രതീക്ഷിതമായി പൊലീസിനെ കണ്ടപ്പോള്‍ ഭയന്നുവെന്നും ഷൈന്‍ പറഞ്ഞു. ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്ന് ഓടിരക്ഷപെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഗുണ്ടകള്‍ ആക്രമിക്കാന്‍ എത്തിയിട്ടും എന്തുകൊണ്ട് പോലീസിനെ വിളിച്ചില്ലെന്ന ചോദ്യം നിര്‍ണ്ണായകമായി. എന്തുകൊണ്ട് മുടിയും നഖവും പരിശോധനയ്ക്ക് നല്‍കുന്നില്ലെന്നതിനും ഉത്തരമുണ്ടായില്ല. പറഞ്ഞു പഠിച്ച മൊഴികളെല്ലാം പോലീസിന് മുന്നില്‍ തകര്‍ന്നു. ഈ സാഹചര്യത്തില്‍ കുറ്റസമ്മതം നടത്തി.

നടിയുടെ പരാതിയില്‍ ഷൈന്‍ ഇന്റേണല്‍ കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് താര സംഘടനയായ 'അമ്മ' മെയില്‍ അയച്ചതായി ഷൈനിന്റെ കുടുബം അറിയിച്ചിരുന്നു. വിന്‍സി അലോഷ്യസില്‍ നിന്ന് എക്‌സൈസ് വിവരങ്ങള്‍ തേടാന്‍ ശ്രമിച്ചെങ്കിലും നിയമനടപടികള്‍ക്ക് താല്പര്യമില്ലെന്ന് കുടുംബം അറിയിച്ചു. എന്നാല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്താനാണ് എക്‌സൈസ് തീരുമാനം. രാവിലെ പത്തോടെയാണ് ചോദ്യം ചെയ്യലിനായി ഷൈന്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെത്തിയ ഷൈന്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. ഷൈനിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചു.