കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പോലീസ് കേസെടുക്കുന്നത് കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍. ലഹരി പിടിച്ചെടുക്കാത്തതു കൊണ്ട് തന്നെ കേസ് ദുര്‍ബ്ബലമായിരിക്കും. എന്നാല്‍ ഈ എഫ് ഐ ആറിലൂടെ ഷൈന്‍ ടോം ചാക്കോയെ വിശദ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കാന്‍ പോലീസിന് കഴിയും. മുടിയും നഖവും പരിശോധനയ്ക്ക് നല്‍കില്ലെന്നായിരുന്നു ഷൈന്‍ ടോം ചാക്കോയുടെ നിലപാട്. ഇതിനിടെയാണ് മൊഴിയിലെ വൈരുദ്ധ്യങ്ങളില്‍ നിയമോപദേശം തേടിയത്. അതിന് ശേഷം എന്‍ഡിപിഎസ് വകുപ്പിലെ കേസെടുക്കാന്‍ തീരുമാനിച്ചു. അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

എന്‍ഡിപിഎസ് ആക്ടിലെ വകുപ്പുകളാണ് ചുമത്തിയത്. സാധാരണ നിലയില്‍ ജാമ്യം കിട്ടുന്ന വകുപ്പാണ് ഇവ. ലഹരിക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. രണ്ടു വലിയ വാര്‍ത്താ സമ്മേളനമാണ് പിണറായി നടത്തിയത്. ഈ സാഹചര്യത്തില്‍ സിനിമാ നടനെ കേസെടുക്കാതെ വിട്ടയയ്ക്കുന്നത് സര്‍ക്കാരിന് നാണക്കേടാകും. അതുകൊണ്ട് കര്‍ശന നടപടിക്ക് മുഖ്യമന്ത്രി തന്നെ പോലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. നഖവും മുടിയും പരിശോധിച്ചാല്‍ ലഹരി ഉപയോഗം ഉറപ്പിക്കാം.

കൊക്കൈയന്‍ ഒരു മാസത്തിനുള്ളില്‍ ഉപയോഗിച്ചാല്‍ പോലും ഇതിലൂടെ ശാസ്ത്രീയമായി തെളിയും. ഈ സാഹചര്യത്തിലാണ് കേസും അറസ്റ്റും. മജിസ്‌ട്രേട്ട് ജാമ്യം നല്‍കിയാല്‍ വീട്ടില്‍ പോകാം. അല്ലാത്ത പക്ഷം ജയിലിലേക്കും. അതിനിടെ സ്‌റ്റേഷന്‍ ജാമ്യം നല്‍കാനും സാധ്യതയുണ്ട്.സിനിമയിലെ മട്ടാഞ്ചേരി മാഫിയയ്‌ക്കെതിരെ പോലീസ് നിര്‍ണ്ണായക നീക്കങ്ങളിലേക്കും കടക്കും.

എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ കേസെടുത്തിരിക്കുന്നത്. ആറ് മുതല്‍ ഒരുവര്‍ഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്. എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തവും മുടിയും നഖവും ശേഖരിക്കുകയും ചെയ്യും. ഇതിന് വിസമ്മതിച്ചാല്‍ കോടതിയുടെ സമ്മതത്തോടെ അത് നടത്താനാണ് നീക്കം. നടന്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് പോലീസിന് ബോധ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ, നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുമുണ്ട്. മൂന്ന് മണിക്കൂര്‍ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കെസെടുക്കാന്‍ പോലീസ് തീരുമാനിച്ചത്.

സിറ്റി പോലീസ് ഡാന്‍സാഫ് സംഘം പരിശോധനയ്‌ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയില്‍നിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈന്‍ നല്‍കിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടന്‍ പറഞ്ഞു. എന്നാല്‍ ഇതെല്ലാം കളവാണെന്ന് ഷൈന്‍ പിന്നീട് സമ്മതിച്ചു. പോലീസിന്റെ നിരന്തരമുള്ള ചോദ്യം ചെയ്യലിനെ അതിജീവിക്കാന്‍ നടന് കരുത്തുണ്ടായില്ല. ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈന്‍ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈന്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

സിറ്റി പോലീസ് ഡാന്‍സാഫ് സംഘം പരിശോധനയ്‌ക്കെത്തിയതറിഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ കൊച്ചിയിലെ വേദാന്തം ഹോട്ടലിന്റെ മൂന്നാം നിലയില്‍നിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോര്‍ത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലില്‍ താമസിച്ചിരുന്ന മുറിയുടെ ജനല്‍ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയില്‍ കാര്‍പോര്‍ച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈന്‍ ചാടുകയായിരുന്നു.

ഇവിടെ നിന്നു കയറി സ്റ്റെയര്‍കെയ്‌സ് വഴി ഹോട്ടല്‍ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയില്‍ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്. ബൈക്കിലാണ് അവിടെ നിന്നും പോയത്. അച്ഛന്‍ ചാക്കോ, അഭിഭാഷകന്‍ എന്നിവരോടൊപ്പമാണ് ഷൈന്‍ സ്റ്റേറ്റേഷനിലെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം ഹാജരാകണമെന്നാവശ്യപ്പെട്ട് ഷൈനിന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. നടന്റെ തൃശൂരിലെ വീട്ടിലെത്തിയാണ് നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം നോട്ടീസ് നല്‍കിയത്.

വേദാന്താ ഹോട്ടലില്‍ അഞ്ചിലധികം പൊലീസുകാരായിരുന്നു പരിശോധനക്കെത്തിയത്. പൊലീസ് മുറിയിലേക്കെത്തിയപ്പോഴേയ്ക്കും ഷൈന്‍ ജനല്‍ വഴി ഊര്‍ന്ന് താഴേക്കിറങ്ങി പിന്നിട് പടികളിറങ്ങി ഓടുകയായിരുന്നു. ലഹരി ഉപയോഗം ഉണ്ടെന്നറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയത്.