- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഷൈനിക്ക് ഭര്‍തൃവീട്ടില്‍ അടിമപ്പണി; എല്ലാവരും കണ്ടത് വീട്ടുജോലിക്കാരിയെപ്പോലെ; അന്ന് ഞങ്ങള്‍ വീട്ടിലെത്തിയപ്പോള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ടു; ഞങ്ങളുടെ മുന്നിലേക്ക് കരഞ്ഞ് നിലവിളിച്ച് ഷൈനി വന്നു; ഞങ്ങളുടെ മുന്നിലിട്ടും നോബി ചവിട്ടി കൂട്ടി; എല്ലാ കാര്യങ്ങളും നാട്ടുകാര്‍ക്ക് അറിയാം'; നോബിയുടെ ഒരു ബന്ധുവിന്റെ വെളിപ്പെടുത്തല്‍
ഷൈനിക്ക് ഭര്‍തൃവീട്ടില്‍ അടിമപ്പണി; എല്ലാവരും കണ്ടത് വീട്ടുജോലിക്കാരിയെപ്പോലെ
കോട്ടയം: ഏറ്റുമാനൂരില്‍ അമ്മയും രണ്ട് പെണ്‍മക്കളും ട്രെയിനിന് മുന്നില്‍ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് നോബിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി നോബിയുടെ അടുത്ത ബന്ധു രംഗത്ത് വന്നു. ഷൈനി ഭര്‍തൃവീട്ടില്‍ താമസിച്ചിരുന്നത് ഒരു ഭാര്യയെപ്പോലെയോ മരുമകളെപ്പോലെയോ അല്ല, വീട്ടുജോലിക്കാരിയെപ്പോലെയാണ് എന്നാണ് ആ കുടുംബത്തെ നേരിട്ട് അറിയാവുന്ന ഒരു ബന്ധു പേര് വെളിപ്പെടുത്താതെ മറുനാടന്‍ മലയാളിയോട് പറഞ്ഞത്. ആ ബന്ധു ഒരിക്കല്‍ നോബിയുടെ അച്ഛനെ കാണാന്‍ വീട്ടില്‍ ചെന്നപ്പോള്‍ അവരുടെ മുമ്പില്‍ വച്ച് ക്രൂരമായി ഷൈനിയെ നോബി മര്‍ദ്ദിക്കുന്നത് കണ്ടുവെന്നും ഈ ബന്ധു പറയുന്നത്. അന്ന് വൈകീട്ടാണ് ഷൈനിയെ സ്വന്തം വീട്ടിലേക്ക് പിതാവ് വിളിച്ചുകൊണ്ടു പോയത്.
'ഒമ്പത് മാസം മുമ്പ് രാവിലെ മുതല്‍ വൈകിട്ട് വരെ മകളെ ബന്ധുക്കളുടെ മുന്നിലിട്ട് ചവിട്ടിക്കൂട്ടി. ആ ബന്ധുക്കള്‍ ഇവിടെ വന്ന് അക്കാര്യം പറഞ്ഞു'. അന്ന് രാത്രി 12 മണിക്കാണ് മകളെയും കുട്ടിയെയും വിളിച്ചുകൊണ്ടുവന്നതെന്ന് കഴിഞ്ഞ ദിവസം ഷൈനിയുടെ പിതാവ് കുര്യാക്കോസും വെളിപ്പെടുത്തിയിരുന്നു. സമാനതകളില്ലാത്ത മാനസികവും ശാരീരികവുമായ പീഡനമാണ് ഷൈനി ഭര്‍ത്താവ് നോബിയില്‍ നിന്നും നേരിട്ടത്.
വീട്ട് ജോലി മുഴുവന്‍ ചെയ്യുന്നു, അടുക്കള പണി മുഴുവന്‍ ചെയ്യുന്നു പന്നിയെ വളര്‍ത്തലും കോഴിയെ വളര്‍ത്തലും ഒക്കെ ചെയ്യുന്നു. കൃഷി ചെയ്ത് അത് ചന്തയില്‍ കൊണ്ടുപോയി വിറ്റ് കുടുംബം നടത്തുന്നു. എന്നിട്ടും ഷൈനിയെ പലരും കണ്ടിരുന്നത് ആ വീട്ടിലെ ജോലിക്കാരിയായാണെന്ന് നോബിയുടെ അടുത്ത ബന്ധു പറയുന്നു.
ഒടുവിലാണ് ക്രൂരമായ പീഡനത്തിന് ഇരയായി മര്‍ദ്ദനത്തിന് ഇടയായി ഷൈനി ഭര്‍തൃവീട് വിട്ടിറങ്ങിയത്. ഷൈനിയെ ആശ്വസിപ്പിക്കാന്‍ ബോബിയെന്ന പള്ളീലച്ചനും തയ്യാറായില്ല. മാത്രമല്ല, അയാളാണ് ഷൈനിയുടെ പ്രശ്‌നം കൂടുതല്‍ വഷളാക്കിയതും ഷൈനിയെ മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തിച്ചതും.
ജോലി കിട്ടുന്നതിന് തടസ്സം നില്‍ക്കുക മാത്രമല്ല, ഷൈനി തന്റെ ഭര്‍ത്താവിന്റെ കുടുംബത്തിന് വേണ്ടി എടുത്ത കട ബാധ്യതകള്‍ പോലും ഷൈനിയുടെ തലയില്‍ വന്ന സാഹചര്യമുണ്ടായി. ഷൈനിയെ അടുത്തറിയാവുന്ന ഷൈനിയുടെ ഭര്‍ത്താവിനെ അറിയാവുന്ന ഭര്‍ത്താവിന്റെ ഒരു ബന്ധുവിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. ഞങ്ങളുടെ കോട്ടയം ലേഖകനായ ശ്യാം ആ ബന്ധുവിനോട് സംസാരിച്ചതിന്റെ ശബ്ദരേഖയില്‍ പറയുന്നത് ഇങ്ങനെ
ഷൈനി തൊടുപുഴയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ വലിയ ദുരിതമാണ് നേരിടേണ്ടി വന്നത് അല്ലെ?
കല്യാണം കഴിച്ച നാള് തൊട്ട് പീഡനമാണ്. ഇടിയും ചവിട്ടും തൊഴിയും കൊണ്ടാണ് ഭര്‍തൃവീട്ടില്‍ ഷൈനി കഴിഞ്ഞത്
കേസുണ്ടായിരുന്നോ? തൊടുപുഴ പൊലീസ് സ്റ്റേഷനില്‍
അങ്ങനെ കേസൊന്നും ഉണ്ടായിരുന്നില്ല. കേസൊക്കെ അവസാന ദിവസം ഒന്‍പത് മാസം മുമ്പ് ഷൈനി അവരുടെ വീട്ടിലേക്ക് തിരിച്ച് പോകാന്‍ കാരണമായ സംഭവത്തിലാണ് കേസ് കൊടുത്തത്. അന്ന് തൊടുപുഴ കോടതിയിലും കുടുംബ കോടതിയിലും കേസ് വന്നു
അന്ന് മര്‍ദ്ദിച്ചിരുന്നു അല്ലെ, നിങ്ങള്‍ നേരിട്ട് കണ്ടിരുന്നോ?
അവിചാരിതമായി അവരുടെ വീട്ടില്‍ എത്തിയപ്പോഴാണ്, നോബിയുടെ അപ്പനെ കാണാന്‍ പോയതായിരുന്നു. ഞങ്ങളുടെ മുമ്പിലിട്ടാണ് രാവിലെ തൊട്ട് ഇടിയും ചവിട്ടും തൊഴിയുമൊക്കെ ആ പെണ്‍കുട്ടിക്ക് നേരെയുണ്ടായത്. ഞങ്ങളുടെ മുന്നിലേക്ക് കരഞ്ഞ് നിലവിളിച്ച് വന്നു. ഞങ്ങളുടെ മുന്നിലിട്ട് ചവിട്ടുകയായിരുന്നു, ഞാന്‍ കണ്ടതാണ്.
ആ സമയത്ത് കേസ് പോലും ഇല്ലായിരുന്നു അല്ലെ?
ഇല്ല, അന്ന് രാത്രിയില്‍ തന്നെ ഷൈനിയുടെ വീട്ടില്‍ ചെന്ന് പറയുകയും അപ്പനെ നോബി വിളിച്ച് പെണ്ണിനെ കൊണ്ടുപോയില്ലെങ്കില്‍ ചവിട്ടി ഭീഷണിപ്പെടുത്തി. അപ്പന്‍ രാത്രിയില്‍ ഓട്ടോറിക്ഷയില്‍ ചെന്ന് ഈ രണ്ട് പെണ്‍കുട്ടികളെയും ഷൈനിയെയും കൂ്ട്ടി വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. പാതിരാത്രിയില്‍. പോരുന്ന വഴിയില്‍ തൊടുപുഴയിലെ പൊലീസ് സ്റ്റേഷനില്‍ കയറി കേസ് കൊടുത്തിട്ടാണ് പോന്നത്. ഗാര്‍ഹിക പീഡനത്തിനാണ് അന്ന് കേസ് കൊടുത്തത്.
ഷൈനി വീട്ടില്‍ എങ്ങനെയാണ്, കൃഷിപ്പണി ഒക്കെ ചെയ്താണ് മുന്നോട്ട് പോയിരുന്നത് അല്ലെ
അതൊക്കെ നാട്ടുകാര്‍ക്ക് എല്ലാം അറിയാവുന്ന കാര്യമാണ്. കുറച്ചേറെ പറമ്പുണ്ട്. അവിടെയുള്ള എല്ലാ പണികളും ഈ ഷൈനി തന്നെയാണ് ചെയ്തത്. അവിടെ ആരെയെങ്കിലും പണിക്ക് നിര്‍ത്തിയാലും അവര്‍ക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതും, അപ്പനെ ശുശ്രൂഷിക്കുന്നതും കൃഷി ചെയ്തുണ്ടാക്കുന്ന വിളകളെല്ലാം ചന്തയില്‍ കൊണ്ടുപോയി കൊടുക്കുന്നതും സാധനങ്ങള്‍ മേടിച്ചുകൊണ്ട് വരുന്നതും വളം മേടിച്ചുകൊണ്ട് വരുന്നതും എല്ലാം ഈ പെണ്ണുതന്നെയായിരുന്നു.
ഭര്‍തൃവീട്ടിലെ പീഡനം ഈ അമ്മയ്ക്ക് ഒക്കെ അറിയാമായിരുന്നു അല്ലെ?
നോബിയുടെ അനിയന്റെ ഭാര്യയുണ്ടല്ലോ, അവരൊന്നും വന്ന് ഇവരെ നോക്കാനോ, വീട്ടിലെ പണികള്‍ ചെയ്യാനോ ഒന്നും നില്‍ക്കില്ലായിരുന്നു. ഷൈനിയെ ജോലിക്കും വിട്ടിട്ടില്ല, അപ്പനെ നോക്കാനും വീട്ടിലെ പണികള്‍ ചെയ്യാനുമാണ് നിര്‍ത്തിയത്.
മകന്‍ ഷൈനിയെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് അമ്മ പറയുന്നത്?
അമ്മ അങ്ങനെയല്ലെ മകനെക്കുറിച്ച് പറയുകയുള്ളു. അവര്‍ക്ക് രക്ഷപ്പെടാന്‍ വേണ്ടിയിട്ട് അങ്ങനെയല്ലെ പറയുകയുള്ളു. ആശുപത്രിയില്‍ പോയി നിന്നപ്പോഴും വീട്ടില്‍ നിന്നപ്പോഴും മരുന്ന് കൊടുക്കുന്നതും അപ്പന് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതും എല്ലാം പെണ്ണായിരുന്നു. എന്നിട്ട് പോലും ആ അപ്പന്‍ പോലും എതിരായി നിന്നില്ലെ. ഈ മരിച്ച രണ്ട് മക്കള്‍ പോലും തമാശയൊക്കെ പറഞ്ഞ് എന്ത് സന്തോഷമായിട്ടാണ് ആ അപ്പനെ നോക്കിയത്. അയാള് ഇത്രയും കാലം ജീവിച്ചിരുന്നത് തന്നെ ഈ പെണ്‍കുട്ടികള്‍ നല്ലോണം നോക്കിയതുകാരണമാണ്. ആ പിള്ളേരെയെല്ലാം തള്ളിക്കളഞ്ഞില്ലെ, ഇത്രയെ ഉള്ളു
വൈദികനുണ്ടല്ലോ, നോബിയുടെ സഹോദരന്‍? ഈ പ്രശ്‌നം പരിഹരിക്കാന്‍ പറ്റില്ലായിരുന്നോ
വൈദികനായിട്ട് എന്തു കാര്യം, മനുഷ്യനാകണം ആദ്യം. മനുഷ്യനായി കഴിഞ്ഞല്ലെ, പോലീസും വൈദികനും ഒക്കെ ആകുകയുള്ളു. മനുഷ്യത്വം എല്ലാവര്‍ക്കും പറഞ്ഞിട്ടുള്ളതല്ലല്ലോ. നീതിബോധമുള്ള ഏത് മനുഷ്യനാണെങ്കിലും ഇടപെടണം. ഇടപെടല്‍ ഉണ്ടായിട്ടില്ല. ഇത്രയെയുളളു
കുടുംബശ്രീയില്‍ നിന്നും വായ്പ എടുത്തതും വാഹനം എടുത്തതും ഷൈനിയുടെ പേരിലായിരുന്നു അല്ലെ
അവന്‍ ഇവിടെയില്ലല്ലോ, മൂന്ന് മാസം കൂടുമ്പോള്‍ അവന്‍ വരുന്നു, വീട്ടിലെ കാര്യങ്ങള്‍ എല്ലാം നോക്കുന്നത് അവളാണ്. വായ്പ എടുക്കുന്നത് പോലും ആസൂത്രിതമല്ലെ, നാളെ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാലും അവളുടെ പേരില്‍ കിടന്നോളും. വണ്ടിക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായാലും അവളുടെ പേരില്‍ കിടന്നോളും. എന്തുണ്ടാലും അവളെ കുരുക്കാനാണ് അവര്‍ ശ്രമിച്ചത്.
ആ മനുഷ്യന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ ഇറക്കിക്കൊണ്ട് പോരാനാണ് ഈ പൈസ ഉപയോഗിച്ചത്. വീട്ടിലെ പണികള്‍ക്കും. അല്ലാതെ ഒന്നും അവള്‍ക്ക് വേണ്ടിയല്ല ഇതൊക്കെ ഉപയോഗിച്ചത്. ഇതൊക്കെ നാട്ടുകാര്‍ക്ക് എല്ലാം അറിയാവുന്ന കാര്യമാണ്.
തൊടുപുഴയില്‍ അയല്‍വക്കത്തുള്ളവരുമായി പ്രശ്‌നം ഉണ്ടായിരുന്നോ?
അത് കുറച്ചുനാള്‍ മുമ്പാണ്, അയല്‍വക്കം കാരുമായിട്ട് വഴക്ക് ഉണ്ടായെന്നും തല്ല് ഉണ്ടായെന്നും ചേട്ടാനിയന്മാര്‍ അവിടെ കേറിച്ചെന്ന് അവരെ തല്ലിയെന്നും നോബിയുടെ അമ്മയൊക്കെ ഈ വഴക്കില്‍ ഇടപെട്ടുവെന്നും എന്നൊക്കെ കേട്ടിരുന്നു,
ഒന്‍പത് മാസം മുമ്പാണ് തെള്ളകത്തെ സ്വന്തം വീട്ടിലേക്ക് ഷൈനി വന്നത് അല്ലെ?
ജോലിക്കുവേണ്ടി എല്ലാവരും ശ്രമിച്ചതാണ്. ഉ്ന്നതങ്ങളില്‍ നിന്നുള്ള ഇടപെടലുകളാണ് ഷൈനിക്ക് എതിരായിട്ട് ഉണ്ടായത്. ആശുപത്രികള്‍ എല്ലാംതന്നെ മതസ്ഥാപനങ്ങളാണ്. സ്വന്തം സമുദായത്തില്‍പ്പെട്ട സ്ഥാപനങ്ങളില്‍ അപേക്ഷിച്ചപ്പോല്‍ തിക്തമായ അനുഭവങ്ങളുണ്ടായത് എനിക്ക് അറിയാം.
ഷൈനി മക്കളോട് ഒപ്പം ജീവിതം അവസാനിപ്പിക്കുമെന്ന് നിങ്ങള്‍ വിചാരിച്ചിരുന്നില്ല അല്ലെ?
ഷൈനിയുടെ വീട്ടിലും അനുകൂലമായിരുന്നില്ല. അതു നമ്മുടെ തലമുറകളുടെ പൊതുബോധ്യം അങ്ങനെയാണല്ലോ, പെണ്‍മക്കള്‍ ബാധ്യതയാണ്. കെട്ടിച്ച് വിട്ടുകഴിഞ്ഞാല്‍ അവര്‍ സ്വന്തം വീട്ടില്‍ അന്യയാണ്. ആ വീട്ടില്‍ വന്നുപോകാം അത്രതന്നെ. പിന്നെ ആ വീട്ടിലേക്ക് വന്നാല്‍ സ്വീകാര്യമല്ല. അവര്‍ ഭാരമാണ്. അങ്ങനെയൊരു പൊതുബോധമുണ്ട്. മതജന്യമായ ഒരു പൊതുബോധമാണിത്. സ്ത്രീവിരുദ്ധമാണ്. ഇന്ത്യയിലെ എല്ലാമതങ്ങളിലും ഇത്തരമൊരു ബോധമുണ്ട്. പുരുഷന്മാര്‍ സുഖമായിട്ട് ജീവിക്കാന്‍ വേണ്ടിയിട്ട് സ്ത്രീകളെ അടിമകളാക്കുന്ന രീതി. ഗാര്‍ഹിക തൊഴിലാളികളാക്കുന്ന ഈ രീതിക്ക് എല്ലാവരും ഉത്തരവാദികളാണ്. ഇതില്‍ ഷൈനിയുടെയും ഭര്‍ത്താവിന്റെയും കുടുംബം മാത്രമല്ല, എല്ലാവരും ഒരുപോലെ പ്രതികളാണ്. കുറ്റം ചെയ്താല്‍ ആദ്യം ലഭിക്കുന്നത് ജാമ്യമാണെന്ന് ഇന്ന് ചെറുപ്പക്കാര്‍ക്ക് ഒക്കെ അറിയാം. നിയമ വ്യവസ്ഥയ്ക്ക് ഇതില്‍ ഉത്തരവാദിത്തമില്ലെ. ആദ്യം കിട്ടുന്നത് നീതിയല്ല, ജാമ്യമാണ്.
ഷൈനി മക്കളോടൊപ്പം മരിക്കാന്‍ തീരുമാനിച്ചത് എല്ലാ വഴിയും അടഞ്ഞതോടെയാകും അല്ലെ?
സമൂഹത്തിന്റെ മനസാക്ഷി എവിടെയാണ്, ഷൈനി പരമാവധി പിടിച്ചുനില്‍ക്കാന്‍ നോക്കിയതാണ്. സ്വന്തം വീട്ടിലും ഭര്‍ത്താവിന്റെ വീട്ടിലും രാഷ്ട്രീയമായിട്ടും സാമൂഹികമായിട്ടും സാമുദായികമായിട്ടും എല്ലായിടത്തും ഷൈനിയും മക്കളും തിരസ്‌കരിക്കപ്പെടുകയാണ് ഉണ്ടായത്. പെണ്‍കുഞ്ഞുങ്ങളായാല്‍ സ്വന്തം വീട്ടില്‍ പോലും നീതി കിട്ടുന്നില്ലെങ്കില്‍ ഭര്‍തൃവീട്ടില്‍ കിട്ടുമോ. ഒരിടത്തും കിട്ടുകയില്ല. അത്രയ്ക്ക് ദുഖിതയായിട്ടായിരിക്കണം, അല്ലെ സ്വന്തം മക്കളെയൊന്നും മരണത്തിന് വിട്ടുകൊടുക്കാന്‍ ആര്‍ക്കും പറ്റില്ല. അത്രയേറെ സഹിച്ചിട്ടുണ്ടാകണം. അവരുടെ മാനസികവസ്ഥ അവര്‍ക്ക് മാത്രമെ അറിയാന്‍ പറ്റു. വേറൊരാള്‍ക്കും അറിയാന്‍ പറ്റില്ല.