കൊച്ചി: കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ(74കിലോമീറ്റര്‍) അറബിക്കടലില്‍ ചെരിഞ്ഞ ചരക്കുകപ്പല്‍ മുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് ആശങ്കയായി മാറുകയാണ്. കപ്പലില്‍ നിന്നും ക്യാപ്ടന്‍ അടക്കം എല്ലാവരും രക്ഷപ്പെട്ടു. സാധാരണ കപ്പല്‍ നാശത്തിലേക്ക് പോകുന്നുവെന്ന് ഉറപ്പായാല്‍ മാത്രമേ ക്യാപ്ടന്‍ കപ്പല്‍ വിടൂ. ക്യാപടന്‍ കരയിലേക്ക് മാറിയതോടെ കപ്പലിന്റെ സര്‍വ്വ നാശം ഉറപ്പാണെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ ചെരിയാതെ കപ്പല്‍ നിവര്‍ത്താനുള്ള ശ്രമം ആരംഭിക്കുന്നതിന് മുന്നെ കപ്പല്‍ കൂടുതല്‍ ചെരിഞ്ഞ് മുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ ബാധിത്തിച്ചുണ്ട്. കോസ്റ്റ് ഗാര്‍ഡ് കപ്പലുകളും നാവികസേനാ കപ്പലുകളും പ്രദേശത്ത് നിലയുറപ്പിച്ച് സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വിഴിഞ്ഞത്ത് നിന്നാണ് ഈ കപ്പല്‍ മറ്റൊരു സ്ഥലത്തേക്ക് യാത്ര പോയത്.

കണ്ടെയ്നറുകള്‍ കടലില്‍ വീഴുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് കണ്ടൈനറുകള്‍ കപ്പലില്‍ ഉറപ്പിക്കുന്നതിലുണ്ടാകുന്ന പിഴവാണ്. സ്റ്റീല്‍ ദണ്ഡുകളും പ്രത്യേകതരം ലോക്കുകളും ഇരുമ്പുവടങ്ങളും ഉപയോഗിച്ച് കപ്പലില്‍ ഉറപ്പിക്കുന്നതിനെ ലാച്ചിങ് എന്നാണ് പറയുന്നത്. കൃത്യമായി ഉറപ്പിച്ചിട്ടില്ലെങ്കില്‍ പ്രക്ഷുബ്ധമായ കടലില്‍പ്പെട്ട് കപ്പല്‍ ആടിയുലയുമ്പോള്‍ കടലിലേക്കു വീഴാനുള്ള സാധ്യതയുണ്ട്. ലോക്കിന്റെ തകരാര്‍ കാരണം അടിഭാഗംകൊണ്ട് കണ്ടെയ്നര്‍ ഉലഞ്ഞുതുടങ്ങുമ്പോള്‍ വശങ്ങളില്‍നിന്ന് കെട്ടിയുറപ്പിച്ചിട്ടുള്ള സ്റ്റീല്‍ റോഡുകള്‍ പൊട്ടിമാറിയും അപകടമുണ്ടാവും. അമിതഭാരം കയറ്റിയാലും അപകടത്തിനിടയാക്കും. കണ്ടെയ്നറുകള്‍ കൃത്യമായി ഉറപ്പിച്ചിട്ടുണ്ടെന്ന് പരിശോധിച്ച ശേഷമാണ് കപ്പല്‍ തീരം വിടാറുള്ളത്. കഴിഞ്ഞദിവസം കേരളതീരത്തിനോടു ചേര്‍ന്ന് കടല്‍ പ്രക്ഷുബ്ധമായിരുന്നെന്നും ചുഴലിക്കാറ്റ് ഉണ്ടായിരുന്നതായും വിവരമുണ്ട്. കണ്ടെയ്നറുകള്‍ കൃത്യമായി ഉറപ്പിച്ചിട്ടുണ്ടെങ്കിലും കപ്പല്‍ ശക്തമായി ആടിയുലഞ്ഞാല്‍ അപകടമാകും. വിഴിഞ്ഞത്ത് ഈ കണ്ടൈനറുകള്‍ ഉറപ്പിക്കുന്നതില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും.

ഞായറാഴ്ച രാവിലെയോടെ കൂടുതല്‍ കണ്ടെയ്നറുകള്‍ കടലില്‍ പതിച്ചു. അപകടകരമായ രാസവസ്തുക്കളുണ്ടെങ്കില്‍ കപ്പല്‍ മുങ്ങിയാല്‍ അത് ഒരുപക്ഷേ വലിയ പരിസ്ഥിതി നാശത്തിനും വഴിവെച്ചേക്കാം. സംഭവത്തില്‍ കൂടുതല്‍ പരിസ്ഥിതി നാശം ഒഴിവാക്കുന്നതിനായുള്ള വഴികള്‍ ഇന്ത്യന്‍ നാവികസേനയും ആരംഭിച്ചിരുന്നു. കപ്പലിനെ കെട്ടിവലിക്കാന്‍ സാധിക്കുമോ എന്ന് ഉറപ്പുവരുത്തുന്നതിനായുള്ള വിദഗ്ദ്ധ വിലയിരുത്തലുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കെയാണ് കപ്പല്‍ മുങ്ങാന്‍ തുടങ്ങിയത്. ഇതോടെയാണ് ക്യാപ്ടന്‍ കപ്പലില്‍ നിന്നും പുറത്തേക്ക് വന്നത്. കരയില്‍നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലയായതിനാല്‍ അടിത്തട്ടില്‍ കപ്പല്‍ മുട്ടിയിട്ടില്ല. നിവര്‍ത്താനായി വലിയ ബലൂണ്‍ അടിയില്‍നിന്ന് വെച്ച് സ്റ്റേബിള്‍ ആക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാനായിരുന്നു നീക്കം. കണ്ടെയ്നറുകള്‍ മാറ്റുന്നതും കപ്പലിലെ ഓയില്‍ പമ്പ് ചെയ്ത് നീക്കുന്നതുമൊക്കെ ആലോചനയിലുണ്ടായിരുന്നു.

കപ്പല്‍ നിലവില്‍ സ്ഥിരതയുള്ള അവസ്ഥയിലല്ലെങ്കില്‍ ചെരിഞ്ഞുകൊണ്ടിരിക്കും. ഇതാണ് സംഭവിക്കുന്നത്. അപകടത്തില്‍പ്പെടുന്ന കപ്പലുകളെ കടലില്‍നിന്ന് ഉയര്‍ത്തിയെടുക്കുന്നതിന് സാല്‍വേജിങ് കമ്പനികളുണ്ട്. സിങ്കപ്പൂരിലും കൊളംബോയിലുമൊക്കെ ഈ ജോലി നിര്‍വഹിക്കുന്ന വമ്പന്‍ കമ്പനികളാണുള്ളത്. ഇവയ്‌ക്കെല്ലാം മുംബൈയില്‍ ഓഫീസുകളുമുണ്ട്. പ്രമുഖ കമ്പനികള്‍ അപകടമുണ്ടാകുമ്പോള്‍ സഹായിക്കാന്‍ പ്രത്യേകമായ സാല്‍വേജിങ് കമ്പനികളുണ്ടാക്കും. അപകടമുണ്ടാകുന്ന ഘട്ടത്തില്‍ത്തന്നെ ഈ കമ്പനികള്‍ ഇടപെടുകയും ചെയ്യും. ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടാകുമെന്നതിനാല്‍ കപ്പല്‍ ഉയര്‍ത്തുന്നതിനുംമറ്റും പണം ഒരു പ്രശ്‌നമാവില്ല. പക്ഷേ അത്തരം പ്രവര്‍ത്തികളിലേക്ക് കടക്കുന്നതിന് മുമ്പേ കപ്പല്‍ താഴാന്‍ തുടങ്ങി.

കപ്പല്‍ ചരിയുന്ന ഘട്ടത്തില്‍ ഇന്ധനം ചോരാനിടയുണ്ട്. ഇത് കടലിലെ ജീവികളെ ബാധിക്കും. പാരിസ്ഥിതിക പ്രശ്‌നമായതിനാല്‍ വിദഗ്ധരുടെ ഉപദേശം ഇനി നിര്‍ണ്ണായകമാകും. കടലില്‍ പടര്‍ന്നത് ബങ്കര്‍ ഓയിലാകാം. കപ്പലില്‍ നിലവില്‍ ഉള്ളതും കടലില്‍ ഒഴുകി നടക്കുന്നതുമായ കണ്ടെയ്നറുകളിലെ കാര്‍ഗോ എന്താണെന്ന് കപ്പല്‍ കമ്പനിക്കുമാത്രമേ അറിയാനാകൂ. കപ്പലില്‍ ഉപയോഗിക്കുന്ന ബങ്കര്‍ ഓയില്‍ ആയിരിക്കാമെന്നതാണ് ഇപ്പോഴത്തെ നിഗമനം. കണ്ടെയ്നറുകളില്‍ ഓയില്‍ കൊണ്ടുപോകുന്നത് അപൂര്‍വമാണ്. കടലില്‍ ക്രൂഡ് ഓയില്‍ പടര്‍ന്നാല്‍ നീക്കാന്‍ പല മാര്‍ഗങ്ങളുണ്ട്.

ഫ്‌ലോട്ടിങ് പൈപ്പ് വലപോലെ വിരിച്ച് ബ്ലോക്ക് ചെയ്ത് എണ്ണ പമ്പ് ചെയ്തും വലിച്ചെടുക്കാനും സാധിക്കും. ഒപ്പിയെടുക്കുന്ന സംവിധാനവുമുണ്ട്. ഇതിനൊക്കെ വിദഗ്ധരായ ഇന്ത്യന്‍, അന്താരാഷ്ട്ര ഏജന്‍സികളും ഉണ്ട്. എന്നാല്‍, ഇതിന് വരുന്ന ഭാരിച്ച ചെലവുണ്ടാകും.