കൊച്ചി: കൊച്ചി തീരത്തു നിന്നും 38 നോട്ടിക്കല്‍ മൈല്‍ തെക്കുപടിഞ്ഞാറായി അറബിക്കടലില്‍ ചെരിഞ്ഞ കപ്പല്‍ കടലില്‍ താഴുന്നത് ആശങ്കയാകുന്നു. കപ്പലില്‍ നിന്നുള്ള കണ്ടെയ്‌നറുകള്‍ തീരങ്ങളില്‍ അടിയാന്‍ കൂടുതല്‍ സാധ്യതയുണ്ട്. എറണാകുളം, ആലപ്പുഴ തീരങ്ങളിലാണ് കൂടുതല്‍ സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. തിരുവനന്തപുരം കൊല്ലം തീരങ്ങളിലും അടിഞ്ഞേക്കുമെന്നും മുന്നറിയിപ്പുണ്ട്. കാര്‍ഗോയില്‍ മറൈന്‍ ഗ്യാസ് ഓയില്‍ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചെറിയ തോതില്‍ സള്‍ഫര്‍ അടങ്ങിയ എണ്ണയാണ് മറൈന്‍ ഗ്യാസ് ഓയില്‍. ഈ കാര്‍ഗോ തീരത്ത് അടിഞ്ഞാല്‍ പൊതുജനങ്ങള്‍ ഒരുകാരണവശാലും ഇത് തുറക്കുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത് എന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

തീരത്ത് കണ്ടെയ്‌നറുകളോ സമാനമായ വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ അവയ്ക്ക് അടുത്ത് പോകരുത്. ഉടന്‍ തന്നെ 112 എന്ന നമ്പറില്‍ വിവരമറിയിക്കണം. തീരത്ത് എണ്ണപ്പാട് കണ്ടാല്‍ തൊടരുതെന്ന് മെംബര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് ഈ സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. അതിനിടെ കപ്പല്‍ കരയ്ക്കടുപ്പിക്കാന്‍ ശ്രമം തുടരുകയാണ്. ചരിഞ്ഞ കപ്പല്‍ നിവര്‍ത്താനും കണ്ടെയ്‌നറുകള്‍ മാറ്റാനുമാണ് നീക്കം. ഇതിനായി മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പല്‍ പുറംകടലിലെത്തിയിട്ടുണ്ട്. കപ്പല്‍ വലിച്ച് കരയ്ക്കടുപ്പിക്കാനാണ് നാവികസേനയുടെ ശ്രമം. നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പലുകള്‍ സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. രക്ഷപെട്ട കപ്പല്‍ ജീവനക്കാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളില്ല. ലൈബീരിയന്‍ പതാക വഹിക്കുന്ന എം.എസ്.സി എല്‍സ ത്രി എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. ചുഴിയില്‍പ്പെട്ടാണ് കപ്പല്‍ ചെരിഞ്ഞതെന്നാണ് സൂചന.

കപ്പലിലെ ക്യാപ്റ്റന്‍ റഷ്യക്കാരനാണ്. ജീവനക്കാരില്‍ 20 പേര്‍ ഫിലിപ്പീന്‍സ് പൗരന്മാരാണ്. കൂടാതെ രണ്ട് യുക്രെയ്‌നികളും ഒരു റഷ്യക്കാരനും ഒരു ജോര്‍ജിയക്കാരനും ജീവനക്കാരായുണ്ട്. കപ്പലില്‍ ഏകദേശം 400 കണ്ടെയ്നറുകളുണ്ട്. ഇവയെല്ലാം അപകടകരമായ ചരക്കുകളല്ലെന്നും അധികൃതര്‍ അറിയിച്ചു. കപ്പലിന് വളരെ അടുത്തായി ഐഎന്‍എസ് സുജാത ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്. കപ്പലിനെ കെട്ടിവലിക്കാന്‍ സാധിക്കുമോ എന്ന് ഉറപ്പുവരുത്തുന്നതിനായുള്ള വിദഗ്ധ വിലയിരുത്തലുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കെയാണ് കപ്പല്‍ മുങ്ങാന്‍ തുടങ്ങിയത്. കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലില്‍ വീണാല്‍ തീരത്ത് വലിയ അപകടമുണ്ടായേക്കുമെന്ന ഭീതിയും ഉയരുന്നുണ്ട്. കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീണതോടെയാണ് കപ്പല്‍ മുങ്ങാന്‍ ആരംഭിച്ചത്. കോസ്റ്റ് ഗാര്‍ഡും നാവികസേനയും സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്.

ഇന്ന് പുലര്‍ച്ചെ ഏഴ് മണിവരെ കപ്പല്‍ സുരക്ഷിതമാണെന്ന വിവരമാണ് പുറത്തുവന്നിരുന്നത്. കടല്‍ പ്രക്ഷുബ്ദമായതോടെയാണ് സ്ഥിതിഗതികള്‍ മാറിമറിഞ്ഞത്. കപ്പലിനുളളിലേക്ക് കൂടുതല്‍ വെളളം കയറിത്തുടങ്ങിയതായാണ് സൂചന.വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്ക് പോയ എംഎസ്സി എല്‍സാ 3 എന്ന കപ്പലാണ് ഇന്നലെ അപകടത്തില്‍പ്പെട്ടത്. കപ്പലിലുള്ളവരെ രക്ഷപ്പെടുത്താന്‍ നാവികസേനയുടെ ഡ്രോണിയര്‍ ഹെലികോപ്ടറും ഉള്‍പ്പടെ രക്ഷപ്രവര്‍ത്തനത്തിന് എത്തിയിരുന്നു. വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലെത്തി പിന്നീട് തൂത്തൂക്കുടിയിലേക്ക് പോകേണ്ടതായിരുന്നു കപ്പല്‍. ഒമ്പത് കണ്ടെയ്‌നറുകള്‍ കടലില്‍ വീണെന്നാണ് ഇന്നലെ വന്ന വിവരം. ഇതിനെത്തുടര്‍ന്ന് തീരമേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്ന് കണ്ടെയ്നറുകള്‍ മാറ്റാനുള്ള ശ്രമങ്ങള്‍ തുടരുമെന്നായിരുന്നു ഇന്നലെ അറിയിച്ചിരുന്നത്. അതിനായി ഇതേ കമ്പനിയുടെ മറ്റൊരു കപ്പല്‍ എത്തിച്ചിരുന്നു. ഇതിനിടെയാണ് കപ്പല്‍ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരില്‍ 21 പേരെയും ഇന്നലെത്തന്നെ രക്ഷപ്പെടുത്തിയിരുന്നു. ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചിരുന്നു. രക്ഷപ്പെട്ട കപ്പല്‍ ജീവനക്കാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളില്ല.