കൊച്ചി: പുറംകടലില്‍ തീപിടിച്ച 'വാന്‍ഹായ് 503' കപ്പലിന്റെ എന്‍ജിന്‍ മുറിയിലെ വെള്ളം പമ്പുചെയ്ത് പുറത്തേക്ക് കളഞ്ഞു തുടങ്ങിയത് ആശ്വാസമാകുന്നു. സരോജ ബ്ലെസ്സിങ് കപ്പലിന്റെ സഹായത്തോടെ ദൗത്യസംഘം കപ്പലില്‍ കയറി പ്രവര്‍ത്തനം ആരംഭിച്ചത്. സക്ഷം കപ്പലിന്റെ സഹായത്തോടെ വെള്ളം പമ്പുചെയ്തുകളയാനുള്ള അനുബന്ധ ഉപകരണങ്ങള്‍ വാന്‍ഹായ് കപ്പലില്‍ എത്തിച്ചു. വാട്ടര്‍ ലില്ലി ടഗ്ഗും തീയണയ്ക്കാനുണ്ട്. ഇന്ത്യന്‍ തീര മേഖലയില്‍ തന്നെയാണ് ഈ കപ്പല്‍ ഇപ്പോഴും.

കന്യാകുമാരിക്ക് തെക്കുപടിഞ്ഞാറ് 166 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍. ശ്രീലങ്കയുടെ പടിഞ്ഞാറുള്ള കപ്പലിനെ ഇന്ത്യയുടെ പ്രത്യേക സാമ്പത്തികമേഖല വരുന്ന 200 നോട്ടിക്കല്‍ മൈലിന് പുറത്തേക്ക് കൊണ്ടുപോകാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കപ്പലില്‍ തീ അണയ്ക്കാന്‍ കഴിയാത്തത് ഇതിന് പ്രതിസന്ധിയാണ്. കപ്പലിന്റെ എന്‍ജിന്‍ മുറിയിലും അറകളിലും കൂടുതല്‍ വെള്ളം കയറുന്നത് ആശങ്കയുണ്ടാക്കിയിരുന്നു. തീയണയ്ക്കാനുള്ള അത്യാധുനിക സംവിധാനമുള്ള ടഗ് അഡ്വാന്റിസ് വിര്‍ഗോ ഉടന്‍ എത്തുമെന്നാണ് സൂചന. തീ പൂര്‍ണമായി അണച്ചശേഷം കപ്പല്‍ ശ്രീലങ്ക ഹമ്പന്‍ടോട്ട തുറമുഖത്തേക്ക് മാറ്റും.

കപ്പല്‍ രണ്ടു ദിവസം മുമ്പ് കരുനാഗപ്പള്ളിക്കും വര്‍ക്കലയ്ക്കും ഇടയില്‍ 134 നോട്ടിക്കല്‍ മൈല്‍ (240 കിമീ) ദൂരത്തിലായിരുന്നു ഉണ്ടായിരുന്നത്. കപ്പലിനെ കെട്ടിവലിക്കുന്ന ടഗ്ഗായ ഓഫ്‌ഷോര്‍ വാരിയര്‍ അതിന്റെ 75 ശതമാനവും ശേഷിയും ഉപയോഗിച്ച് വലിച്ച് കന്യാകുമാരി തീരം വരെ എത്തിക്കുകയായിരുന്നു. ജൂണ്‍ ഒന്‍പതിനാണ് കണ്ണൂര്‍ അഴീക്കല്‍ തീരത്തു നിന്ന് 44 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് വാന്‍ ഹായ് 503 എന്ന ചരക്കുകപ്പലിന് തീ പിടിക്കുന്നത്.

അതിനിടെ കടലില്‍ മുങ്ങിയ എംഎസ്സി എല്‍സ 3ലെ ഇന്ധനം നീക്കാനെത്തിയ പുതിയ സാവേജ് കമ്പനി സ്മിറ്റ് സാല്‍വേജ് കര്‍മപദ്ധതി തയ്യാറാക്കിവരികയാണ്. ഗാര്‍ഡ് വെസ്സലായ കനറ മേഘ കപ്പലുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഡിജി ഷിപ്പിംഗ് എല്ലാം നിരീക്ഷിക്കുന്നുണ്ട്.