കൊച്ചി: 'വാന്‍ഹായ് 503'കപ്പലില്‍നിന്ന് തീ ഉയരുന്നത് തുടരുന്നു. ഇന്നലെ കപ്പലില്‍ വീണ്ടും തീ കണ്ടതോടെ, രക്ഷാദൗത്യങ്ങള്‍ക്കു ശേഷം ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തേക്കു കപ്പലിനെ മാറ്റുന്ന നടപടികള്‍ അനിശ്ചിതത്വത്തിലായി. അഡ്വാന്റിസ് വിര്‍ഗോ ടഗ്ഗിന്റെ സഹായത്തോടെ തീ കെടുത്താനുള്ള ശ്രമങ്ങള്‍ എങ്ങുമെത്തുന്നില്ല. കപ്പല്‍ പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്. അതിനിടെ, കപ്പലിലെ 243 കണ്ടെയ്നറുകളില്‍ വെളിപ്പെടുത്താത്ത വസ്തുക്കള്‍ ഉള്ളതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് കണ്ടെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടും ഇടയ്ക്കിടെ തീപിടിത്തമുണ്ടാകുന്നത് ഇതുമൂലമാണെന്നാണു പ്രാഥമികനിഗമനം. സ്‌ഫോടക വസ്തുക്കള്‍ അടക്കം കപ്പലിലുണ്ടെന്നാണ് സൂചന.

കപ്പല്‍ക്കമ്പനി ഇനിയും ഉള്ളടക്കം വെളിപ്പെടുത്തിയിട്ടില്ലാത്ത കണ്ടെയ്‌നറുകളില്‍ സ്‌ഫോടന സാധ്യതയുള്ള അമോണിയം നൈട്രേറ്റും ഉണ്ടെന്ന സംശയം ശക്തമാണ്. ശ്രീലങ്കയില്‍ ചൈനയുടെ നിയന്ത്രണത്തിലുള്ള ഹമ്പന്‍തോട്ട തുറമുഖ അധികൃതര്‍ കപ്പലിനെ കരയ്ക്ക് അടുക്കാന്‍ അനുവദിക്കാന്‍ തയാറായെങ്കിലും ശ്രീലങ്കന്‍ സര്‍ക്കാര്‍ വഴങ്ങിയിട്ടില്ല. യുഎഇ, ബഹ്‌റൈന്‍ തുറമുഖങ്ങള്‍ പരിഗണിച്ചെങ്കിലും അനുമതി ലഭിച്ചില്ല. ഇന്ത്യന്‍ തുറമുഖങ്ങളിലേക്കു കൊണ്ടുവരാന്‍ കപ്പല്‍ക്കമ്പനി അപകടവേളയില്‍തന്നെ അനുമതി തേടിയിരുന്നെങ്കിലും കിട്ടിയില്ല. രാസമിശ്രിതം പ്രയോഗിച്ചിട്ടും വാന്‍ ഹയി കപ്പലിലെ തീ വീണ്ടും ആളിക്കത്തി. ഇതോടെ ടഗ്‌ബോട്ടുമായി കപ്പലിനെ ബന്ധിപ്പിച്ചിരുന്ന വടം വേര്‍പ്പെടുത്തി. കപ്പലിന്റെ എന്‍ജിന്‍ റൂമില്‍ നിറഞ്ഞ വെള്ളം പമ്പ് ചെയ്തു കളയുന്നതും നിലച്ചു. കപ്പല്‍ വീണ്ടും നിയന്ത്രണം വിട്ടു കടലില്‍ ഒഴുകിത്തുടങ്ങി. തീ നിയന്ത്രിക്കാനുള്ള ശ്രമം തുടരുകയാണ്. വിജയിച്ചാല്‍ വീണ്ടും കപ്പലിനുള്ളിലെത്തി വടം ഘടിപ്പിക്കും. കപ്പലിന്റെ വോയേജ് ഡേറ്റ റിക്കോര്‍ഡര്‍ (വിഡിആര്‍) പരിശോധന പുരോഗമിക്കുകയാണ്.

വെളിപ്പെടുത്താത്ത വസ്തുക്കള്‍ വന്നത് കപ്പല്‍ കമ്പനിയുടെ അറിവോടെയല്ലെന്നാണു സൂചന. തീ വീണ്ടും ഉയര്‍ന്നതോട കപ്പലിനെ വലിച്ചുകൊണ്ടുപോകുന്ന പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. കപ്പല്‍ ബുധനാഴ്ച രാത്രി ഇന്ത്യയുടെ പ്രത്യേക സാമ്പത്തികമേഖല കടന്നിരുന്നു. 200 നോട്ടിക്കല്‍ മൈലിന് പുറത്തേക്കു കൊണ്ടുപോകാനാണു ഡിജി ഷിപ്പിംഗ് ലക്ഷ്യമിട്ടിരുന്നത്. കപ്പലിനെ നിലവില്‍ വലിച്ചുകൊണ്ടുപോയിരുന്നത് ഓഫ് ഷോര്‍ വാരിയര്‍ ടഗ്ഗാണ്. കപ്പലിന്റെ എന്‍ജിന്‍ മുറിയിലെ വെള്ളം വറ്റിക്കല്‍ വിജയം കണ്ടിരുന്നു. തീയണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കി. അഡ്വാന്റിസ് വിര്‍ഗോ ടഗ്ഗിന്റെ സഹായത്തോടെ തീ കെടുത്താനുള്ള രാസമിശ്രിതം 12,000 ലിറ്ററോളം ഇതിനകം ഉപയോഗിച്ചു. 3000 ലിറ്ററോളം ബാക്കിയുണ്ട്. കൂടുതല്‍ രാസമിശ്രിതം സിംഗപ്പൂരില്‍നിന്ന് എത്തിക്കാന്‍ ശ്രമിക്കുകയാണ്.

കപ്പലിലെ 243 കണ്ടെയ്നറുകളില്‍ വെളിപ്പെടുത്താത്ത, തീപിടുത്ത സാധ്യതയുള്ള വസ്തുക്കള്‍ ഉള്ളതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് കണ്ടെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടും ഇടയ്ക്കിടെ തീപിടിത്തമുണ്ടാകുന്നത് ഇതുമൂലമാണെന്നാണ് പ്രാഥമിക നിഗമനം. ഇത്തരം വസ്തുക്കള്‍ വന്നത് കപ്പല്‍ക്കമ്പനിയുടെ അറിവോടെയല്ലെന്നാണ് സൂചന. കപ്പലിനെ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഏതെങ്കിലും തുറമുഖത്തേക്ക് മാറ്റുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. 200 നോട്ടിക്കല്‍ മൈലാണ് ഇന്ത്യയുടെ പ്രത്യേക സാമ്പത്തികമേഖല. നിലവില്‍ ഇതിന് 3.5 നോട്ടിക്കല്‍ മൈല്‍ തെക്കാണ് കപ്പലിന്റെ സ്ഥാനം.

അതേസമയം, എംഎസ്സി എല്‍സ-3 കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് സ്മിറ്റ് സാല്‍വേജിന്റെ നേതൃത്വത്തില്‍ 30 അംഗ ദൗത്യസംഘത്തിനുള്ള പരിശീലനം പുരോഗമിക്കുകയാണ്. ഡൈവ് സപ്പോര്‍ട്ട് വെസ്സലും സജ്ജമാണ്. ആഗസ്ത് ഒന്നിന് ദൗത്യം ആരംഭിക്കുമെന്നാണ് സൂചന. കപ്പല്‍ മുങ്ങിയ സ്ഥലത്ത് എണ്ണപ്പാട കണ്ടെത്താന്‍ കനറ മേഘ കപ്പല്‍ 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ട്. കടലില്‍ വീണ മൂന്നുകണ്ടെയ്നറുകള്‍ കരയ്ക്കെത്തിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു.

2020 ഓഗസ്റ്റില്‍ ലബനന്‍ തലസ്ഥാനം ബെയ്‌റൂട്ടിലെ തുറമുഖത്തു സൂക്ഷിച്ച 2750 ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചിരുന്നു. 218 പേര്‍ കൊല്ലപ്പെട്ട ഈ ദുരന്തം ലോകത്തെ ഏറ്റവും വലിയ ആണവേതര സ്‌ഫോടനമാണ്. 26 ദിവസം ശ്രമിച്ചിട്ടും തീ കെട്ടടങ്ങാത്ത വാന്‍ ഹയിയെ കരയ്ക്കടുപ്പിക്കുന്നതു ദുരന്തമുണ്ടാക്കുമെന്നാണു രാജ്യങ്ങളുടെ വിലയിരുത്തല്‍.