ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനു വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് 14ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ അനിശ്ചിതത്വം മാത്രം. പൂര്‍ണമായും അനുകൂല കാലാവസ്ഥയാണെങ്കില്‍ മാത്രമേ തിരച്ചില്‍ നടക്കൂ. നല്ല മഴ ഇപ്പോഴും പ്രദേശത്തുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് തിരച്ചലിന് സാധ്യത തീരെ കുറവാണ്. ജീവന്‍ പണയം വച്ച് ആരേയും പുഴയില്‍ ഇറക്കേണ്ടെന്നാണ് സൂചന.

21 ദിവസം ഉത്തര കന്നഡയില്‍ മഴ പ്രവചിച്ചതിനാലാണു ഗംഗാവലി പുഴയില്‍ തിരച്ചില്‍ നടത്തുന്നതില്‍ പ്രതിസന്ധിയുണ്ടായത്. അര്‍ജുനായുള്ള തിരച്ചില്‍ നിര്‍ത്തരുതെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു തിരച്ചില്‍ തുടരണം. പെട്ടെന്ന് തിരച്ചില്‍ നിര്‍ത്തുന്നത് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല. കേരള, കര്‍ണാടക സര്‍ക്കാരുകള്‍ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും അര്‍ജുന്റെ സഹോദരി അഞ്ജു പറഞ്ഞു.

തൃശൂരിലെ ഡ്രഡ്ജിങ് യന്ത്രത്തിന്റെ ഓപ്പറേറ്റര്‍മാര്‍ ഉടന്‍ ഷിരൂരില്‍ എത്തും. സ്ഥലത്തു ഡ്രഡ്ജിങ് യന്ത്രം അനുയോജ്യമാണോ എന്നു പരിശോധിക്കും. കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലാണ് ഈ യന്ത്രമുള്ളത്. ഹിറ്റാച്ചി ബോട്ടില്‍ കെട്ടി നിര്‍മിച്ചതാണ് അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീന്‍. കോള്‍പ്പടവുകളില്‍ ചണ്ടിയും ചെളിയും വാരാനാണിത് ഉപയോഗിക്കുന്നത്. കൃഷി വകുപ്പ് വാങ്ങിയ മെഷീന് 18 മുതല്‍ 24 അടി വരെ താഴ്ചയുള്ളിടത്ത് ആങ്കര്‍ ചെയ്യാന്‍ പറ്റും. ഇതുപയോഗിക്കാന്‍ സാധ്യത ഏറെയാണ്.

തൃശൂരിലെ ഡ്രഡ്ജര്‍ ഷിരൂരിലെ ഗംഗാവലി പുഴയില്‍ ഉപയോഗിക്കാന്‍ വെല്ലുവിളികളേറെയെന്ന് ഡ്രഡ്ജര്‍ നിര്‍മിച്ച കമ്പനിയുടെ ഉദ്യോഗസ്ഥന്‍ എന്‍ നിഖില്‍ പ്രതികരിച്ചു. പൊങ്ങിക്കിടന്ന് വെള്ളത്തിനടിയിലെ ചെളി നീക്കാന്‍ കെല്‍പ്പുള്ളതാണ് ഡ്രഡ്ജര്‍. എന്നാല്‍ ഒഴുക്ക് നാലു നോട്ട്‌സ് കൂടിയാല്‍ ഡ്രഡ്ജര്‍ പ്രയാസമാകുമെന്ന് ഡ്രഡ്ജര്‍ നിര്‍മിച്ച കമ്പനിയുടെ ഉദ്യോഗസ്ഥന്‍ എന്‍ നിഖില്‍ അറിയിച്ചു.

ആഴം കൂടിയ ഇടങ്ങളില്‍ ഉപയോഗിക്കാന്‍ പ്രശ്‌നമില്ല. വെള്ളത്തിനു മീതെ പൊങ്ങിക്കിടന്ന് പ്രവര്‍ത്തിക്കാം. ആറു മീറ്റര്‍ ആഴത്തില്‍ വരെ ഇരുമ്പു തൂണ് താഴ്ത്തി പ്രവര്‍ത്തിക്കാനും കഴിയും. കോഴിക്കോട് പേരാമ്പ്ര മലയില്‍ ഇന്‍ഡസ്ട്രീസ് നിര്‍മിച്ച രണ്ടു ഡ്രഡ്ജറുകളില്‍ ഒന്നാണിത്. കാര്‍ഷിക ആവശ്യത്തിന് കനാലും പുഴകളും വൃത്തിയാക്കാനാണ് മെഷീന്‍ ഉപയോഗിക്കാറെന്നും എന്‍ നിഖില്‍ പറഞ്ഞു.

അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീനെ കുറിച്ച് ഉത്തര കന്നഡ കലക്ടര്‍ കഴിഞ്ഞദിവസം തൃശൂര്‍ കലക്ടറോട് വിവരങ്ങള്‍ തേടിയിരുന്നു. കുത്തൊഴുക്കുള്ള പുഴയില്‍ യന്ത്രം പ്രവര്‍ത്തിപ്പിക്കാനാവുമോ എന്നതും അനിശ്ചിതത്വത്തിലാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചിട്ട ദേശീയപാത66 ഉടന്‍ തുറക്കില്ല. മണ്ണിടിച്ചില്‍ ഭീഷണി തുടരുന്നതു കൊണ്ടാണ് ഇത്.