ഷിരൂര്‍: ഷിരൂരില്‍ അര്‍ജുനു വേണ്ടിയുള്ള തിരച്ചില്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചുവെന്ന് ആരോപിച്ച് എം. വിജിന്‍ എംഎല്‍എ. തൃശ്ശൂരില്‍നിന്ന് ഡ്രഡ്ജര്‍ എത്തിക്കാനുള്ള നീക്കം രക്ഷാ ദൗത്യം നിര്‍ത്താന്‍ വേണ്ടിയായിരുന്നു. ദൗത്യം തുടരുമെന്ന് പറഞ്ഞ ആരെയും മേഖലയില്‍ കാണാനില്ലെന്നും എംഎല്‍എ കുറ്റപ്പെടുത്തി. ജില്ലാ ഭരണകൂടത്തിന്റെ ഭാഗമായ ഒരു സംവിധാനങ്ങളും കരയിലോ വെള്ളത്തിലോ ഇല്ലെന്നും എം.എല്‍.എ പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേന ഷിരൂരിര്‍ തുടരുമെന്നാണ് ഔദ്യോഗികമായി അറിയിച്ചത്. ഗംഗാവലിയില്‍ ഒഴുക്ക് കുറയുന്നതുവരെ തുടരാന്‍ നാവികസേനയോട് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഡൈവ് ചെയ്യാന്‍ കഴിയുന്ന സാഹചര്യം വരുന്നതുവരെ തുടരാനാണ് നിര്‍ദേശം. എന്നാല്‍ ഇന്ന് നാവിക സേനയും അതിവേഗം മടങ്ങി. തിരച്ചില്‍ എല്ലാ അര്‍ത്ഥത്തിലും നിശ്ചലമായി. ദേശീയപാത സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നടപടികളാണ് ഷിരൂരില്‍ പുരോഗമിക്കുന്നത്. അര്‍ജുനെ ജീവനോടെ കിട്ടില്ലെന്ന നിഗമനത്തില്‍ കര്‍ണ്ണാടക എത്തിയെന്നാണ് വിലയിരുത്തല്‍.

അര്‍ജുനായുള്ള തിരച്ചില്‍ അവസാനിപ്പിക്കരുതെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. കേരള സര്‍ക്കാരും ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നു. അതേസമയം, അര്‍ജുനുവേണ്ടി തിരച്ചില്‍ നടത്താന്‍ തൃശ്ശൂരില്‍നിന്ന് ഡ്രഡ്ജര്‍ എത്തിക്കുന്നതിന് സാങ്കേതിക പരിശോധനയ്ക്കായി തൃശ്ശൂരില്‍നിന്നുള്ള സംഘം അങ്കോലയിലേക്ക് തിരിച്ചു. യന്ത്രത്തിന്റെ ഒരു ഓപ്പറേറ്ററും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനുമാണ് കര്‍ണാടകയിലേക്ക് പോയത്. അവിടെയെത്തി പരിശോധിച്ചശേഷം ഡ്രഡ്ജര്‍ കൊണ്ടുപോകുന്നതില്‍ അന്തിമതീരുമാനം എടുക്കും. എന്നാല്‍ കുത്തിയൊഴുകുന്ന പുഴയില്‍ നിലവില്‍ അതും സാധ്യമല്ലെന്നാണ് വിലയിരുത്തല്‍.

പൊങ്ങികിടന്ന് വെള്ളത്തിനടിയിലെ ചെളി നീക്കാന്‍ കെല്‍പ്പുള്ള ഡ്രഡ്ജര്‍ ഷിരൂരില്‍ എത്തിക്കാനാണ് ശ്രമം. കോഴിക്കോട് പേരാമ്പ്ര മലയില്‍ ഇന്‍ഡസ്ട്രീസ് നിര്‍മിച്ച രണ്ടു ഡ്രഡ്ജറുകളില്‍ ഒന്നാണിത്. കനാലും പുഴകളും വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ഡ്രഡ്ജറാണ് ഇത്. ഡ്രഡ്ജര്‍ ഷിരൂരിലെ ഗംഗാവലി പുഴയില്‍ ഉപയോഗിക്കാന്‍ വെല്ലുവിളികളേറെയാണെന്ന് അധികൃതര്‍ പറയുന്നു. ആറു മീറ്റര്‍ ആഴത്തില്‍ വരെ ഇരുമ്പു തൂണ് താഴ്ത്തി പ്രവര്‍ത്തിക്കാനും കഴിയും. വെള്ളത്തിനു മീതെ പൊങ്ങിക്കിടന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ ആഴം കൂടിയ ഇടങ്ങളില്‍ ഉപയോഗിക്കാന്‍ പ്രശ്നമില്ല.

പക്ഷേ ഒഴുക്ക് നാലു നോട്ട്സ് കൂടിയാല്‍ ഡ്രഡ്ജര്‍ പ്രയാസമാകും. വേഗത്തില്‍ മണ്ണ് നീക്കാന്‍ ഡ്രഡ്ജര്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍. ഡ്രഡ്ജര്‍ എത്രയും വേഗം എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.