- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴാം നാളിലും അര്‍ജുനെ കണ്ടെത്താനായില്ല; ലോറി കരയില്‍ ഇല്ലെന്ന് സ്ഥിരീകരണം; സൈന്യം മടങ്ങി; ഇനി പുഴയില്‍ തിരച്ചില്‍; ഷിരൂരില്‍ കനത്ത മഴയും തടസ്സം
അങ്കോല (കര്‍ണാടക): ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ അര്‍ജ്ജുനനെ ഏഴാം ദിവസവും കണ്ടെത്താനായില്ല. അര്‍ജ്ജുനനും ലോറിയും കരയില്‍ ഇല്ലെന്ന് സൈന്യം സ്ഥിരീകരിച്ചതോടെ, ഇനി തിരച്ചില്‍ പുഴയിലേക്ക് കേന്ദ്രീകരിക്കുകയാണ്. തിരച്ചില്‍ ദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങി. മണ്ണിടിച്ചിലുണ്ടായ പുഴയില്‍ ഡ്രെഡ്ജിങ് നടത്തും. പുഴയില്‍ തിരച്ചിലിനായി എന്‍.ഡി.ആര്.എഫ് സംഘം നാളെ എത്തും.
റോഡില്‍ ലോറി കുടുങ്ങിക്കിടക്കുകയാണെന്ന സംശയത്തിലാണ് ഇതുവരെ തിരച്ചില്‍ നടത്തിയത്. എന്നാല്‍ 98 ശതമാനം മണ്ണും നീക്കിയിട്ടും അര്‍ജുന്റെ ലോറി കണ്ടെത്താന്‍ സാധിച്ചില്ല. ലോറി ഇടിഞ്ഞു വീണ മണ്ണിനൊപ്പം ഗാംഗാവാലി നദിയിലേക്ക് ലോറി പതിച്ചിട്ടുണ്ടാകുമെന്നാണ് സൈന്യം കരുതുന്നത്. അതിനാല്‍ ഇനി പുഴയില്‍ തിരച്ചില്‍ നടത്താനാണ് തീരുമാനം.
റഡാര്‍ ഉപയോഗിച്ച് പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും വലിയ അളവില്‍ മണ്‍കൂനയുള്ളത് വെല്ലുവിളിയാണ്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് അര്ജുന് വാഹനം ഓടിച്ചുവരുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ലോറി മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലം കടന്നുപോയിട്ടില്ലെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. അതിനാലാണ് വണ്ടി പുഴയിലെത്തിയിരിക്കാമെന്ന നിഗമനത്തില്‍ എത്തിയത്. അതേസമയം, പ്രദേശത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ പെയ്യുന്നതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടേറിയതാണ്.
പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സൈന്യത്തിന്റെ പക്കല്‍ ആവശ്യമായ സംവിധാനങ്ങള്‍ ഇല്ല എന്ന് കാര്‍വാര്‍ എം.എല്‍.എ. പറഞ്ഞു. ഇനിയും അവര്‍ തുടരേണ്ട സാഹചര്യമില്ല എന്നാണ് കാര്‍വാര്‍ എം.എല്‍.എ. സതീഷ് സെയില്‍ വ്യക്തമാക്കിയത്. ഇന്ന് മൂന്നിടങ്ങളിലാണ് പരിശോധന നടത്തിയത്. എന്നാല്‍ റഡാറില്‍ സിഗ്നല്‍ ലഭിച്ച മൂന്നിടത്തും ലോറി ഉണ്ടായിരുന്നില്ല. കരയില്‍ ലോറി ഇല്ല എന്ന കാര്യം സൈന്യവും സ്ഥിരീകരിച്ചു. ഇനി ഗംഗാവാലി പുഴ കേന്ദ്രീകരിച്ചായിരിക്കും തിരച്ചില്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഗംഗാവാലിപുഴയിലും പരിശോധന ശക്തമാക്കാനാണ് ശ്രമം. ചൊവ്വാഴ്ച രക്ഷാപ്രവര്‍ത്തനം തുടരും.
പുഴയില്‍ രണ്ട് മണല്‍തിട്ടകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത് മണ്ണിടിച്ചിലിന്റെ ഭാഗമായി ഉണ്ടായതാകാം എന്നാണ് കരുതുന്നത്. ഇവ കേന്ദ്രീകരിച്ചും പരിശോധന നടത്തും. ആധുനിക സംവിധാനങ്ങളോട് കൂടിയ റഡാറുകളുള്‍പ്പെടെ എത്തിച്ചിട്ടുണ്ട്. ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിച്ച് പരിശോധന ശക്തിപ്പെടുത്തുമെന്ന് സതീഷ് സെയില്‍ വ്യക്തമാക്കി.
അതേസമയം അപകടം നടന്നതിന്റെ ഏഴു കിലോമീറ്റര്‍ അകലെ പുഴയില്‍ കൂടി ഒഴുകിപ്പോയ ടാങ്കറിന്റെ ദൃശ്യങ്ങളും ഇത് കരയ്ക്കടുപ്പിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. രണ്ട് ദിവസങ്ങള്‍ മുമ്പുള്ള ദൃശ്യമാണ് ഇത്. മണ്ണിടിച്ചില്‍ ഉണ്ടായപ്പോള്‍ ഒഴുകിപ്പോയതാണെന്നാണ് ലഭിക്കുന്ന വിവരം. ചൊവ്വാഴ്ച മുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് 25 പേരടങ്ങുന്ന സംഘത്തെ നിയോഗിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയതായി മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം. അഷ്റഫ് അറിയിച്ചു.