- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രിയിലെ താപനിലയില്‍ മനുഷ്യസാന്നിധ്യം കണ്ടെത്തിയേക്കാം; കാലാവസ്ഥ അനുകൂലമാകും വരെ കാത്തിരിക്കണം; ഷിരൂര്‍ ദൗത്യം നീളുമെന്ന് വ്യക്തമാക്കി കളക്ടര്‍
ഷിരൂര്‍: കാറ്റും, മഴയും പുഴയിലെ ഒഴുക്കും അടക്കം പ്രതികൂല കാലാവസ്ഥ. ഡ്രോണ്‍ തെര്‍മല്‍ ഇമേജിങ്ങിലൂടെ ലോറിയുടെ സ്ഥാനമോ മനുഷ്യ സാന്നിധ്യമോ ഇതുവരെ ഉറപ്പിക്കാന്‍ കഴിയാത്ത സാഹചര്യം. ഷിരൂരില്‍, മണ്ണിനടിയിലായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം നീളുമെന്ന് 10 ാം നാളിലും ഉറപ്പായി.
കാലാവസ്ഥ അനുകൂലമാകും വരെ കാത്തിരിക്കണമെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ പറഞ്ഞു. നാവികര്‍ക്ക് സുരക്ഷിതമായി നദിയില്‍ ഇറങ്ങാനുള്ള സാഹചര്യം ഉണ്ടാകണം. ഒഴുക്ക് രണ്ട് നോട്ടില്‍ കൂടുതലാണെങ്കില്‍ ഡൈവര്‍മാര്‍ക്ക് ഇറങ്ങാനാകില്ല. ഷിരൂര്‍ ഉള്‍പ്പെടുന്ന ഉത്തര കന്നഡയില്‍ അടുത്ത മൂന്ന് ദിവസം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാത്തിരിക്കുക അല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെന്നും കാലാവസ്ഥ അനുകൂലമാകാതെ ഒന്നും ചെയ്യാനാകില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
അര്‍ജുനെ കണ്ടെത്താന്‍ വ്യാഴാഴ്ച രാത്രിയും ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടരും. തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് മനുഷ്യസാന്നിധ്യം കണ്ടെത്താനുള്ള ശ്രമങ്ങളും നടത്തും. രാത്രിയിലെ താപനിലയില്‍ മനുഷ്യസാന്നിധ്യം കണ്ടെത്താനുള്ള സാധ്യത കൂടുതലാണെന്നും കളക്ടര്‍ വ്യക്തമാക്കി.
മേജര്‍ ഇന്ദ്രപാലന്റയും സംഘത്തിന്റെയും പ്രാഥമിക റിപ്പോര്‍ട്ട് പ്രാകരം മൂന്നിടങ്ങളില്‍ നിന്നും സിഗ്നല്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒന്നില്‍ നിന്നും കൂടുതല്‍ സിഗ്നല്‍ ലഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമായുള്ള സംഘത്തിന്റെ പരിശോധനയില്‍ നിന്ന് വ്യക്തമാകുന്ന സിഗ്നല്‍ പ്രകാരം അടുത്തഘട്ടത്തിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നത്.
ട്രക്ക് എവിടെയെന്ന് കണ്ടെത്തിയതിന് ശേഷം, നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ അവിടേക്ക് നീന്തിയെത്തുകയാണ് മുന്നിലുള്ളത്. എന്നാല്‍ പുഴയുടെ അടിയൊഴുക്ക് ശക്തമാണ്. നിലവില്‍ അടിയൊഴുക്ക് ആറ് നോട്ട്സ് വരെയാണ്. മേജര്‍ ഇന്ദ്രപാലന് പറഞ്ഞതനുസരിച്ച് മുങ്ങല്‍ വിദഗ്ധര്‍ക്ക് മൂന്ന് നോട്ട്സ് വരെ മാത്രമേ ഡൈവ് ചെയ്യാന്‍ സാധിക്കുകയുള്ളു. അടിയൊഴുക്ക് കുറയുന്നതുവരെ കാത്തിരിക്കേണ്ടതുണ്ടെന്നും കളക്ടര്‍ പറഞ്ഞു. കൂടുതല്‍ പേരുടെ ജീവന് അപകടത്തിലാക്കാന്‍ സാധിക്കുകയില്ലെന്നും കളക്ടര്‍ പറഞ്ഞു.
ദൗത്യം ദിവസങ്ങള്‍ നീണ്ടേക്കാമെന്നാണ് സൈന്യത്തിന്റെ അനുമാനം. ഏറ്റവും വലിയ ലോഹഭാഗത്തിന്റെ സിഗ്നല്‍ കിട്ടിയ ഇടം ആണ് ട്രക്കെന്ന് കണ്ടെത്തിയിരിക്കുന്നത്. സിഗ്നലുകള്‍ വച്ച് മാപ്പ് ചെയ്ത രൂപവും ഒരു ട്രക്കിന്റേതാണ്. ഐബോഡ്, റഡാര്‍, സോണാര്‍ സിഗ്നലുകള്‍ ചേര്‍ത്ത് വച്ചും പരിശോധന നടത്തി. അത് എട്ട് മുതല്‍ 10 മീറ്റര്‍ വരെ ആഴത്തിലാണ്, അതായത് കരയില്‍ നിന്ന് ഏതാണ്ട് 60 മീറ്റര്‍ ദൂരത്തിലാണ് ഇവയുള്ളത്. അവിടെ താഴെയിറങ്ങി പരിശോധന നടത്തിയാല്‍ മാത്രമേ അത് എത്രത്തോളം മണ്ണില്‍ പുതഞ്ഞിട്ടുണ്ടെന്ന് മനസ്സിലാകൂ. നിലവിലെ സാഹചര്യത്തില്‍ ഡൈവിംഗിന് ഒരു സാധ്യതയുമില്ലെന്നും സൈന്യം വ്യക്തമാക്കുന്നു.
മേജര്‍ ഇന്ദ്രബാലന്‍ പറഞ്ഞത്
മൂന്നാം സ്പോട്ടില്‍ അര്‍ജുന്റെ ലോറി ഉണ്ടാകാം എന്നാണ് കരുതുന്നത്. ഇവിടെ തിരച്ചില്‍ ശക്തമാക്കുമെന്ന് തിരച്ചിലിന് നേതൃത്വം നല്കുന്ന റിട്ട. മേജര്‍ ജനറല്‍ എം. ഇന്ദ്രബാലന്‍ പറഞ്ഞു.
അര്ജുന് ലോറിയുടെ ക്യാബിനകത്ത് ഉണ്ടെന്ന് ഉറപ്പില്ല. ഇതുവരെയും ലോറിക്കുള്ളില്‍ മനുഷ്യസാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും ദൗത്യസംഘം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗംഗാവലിപ്പുഴയില്‍ അടിയൊഴുക്ക് ശക്തമായത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്. ലോറിക്കടുത്തേക്ക് കടക്കാന്‍ ഡൈവേഴ്സിന് പറ്റാത്ത അവസ്ഥയാണ്. മൂന്ന് നോട്സ് വരെയാണ് നാവികസേന ഡൈവര്‍മാര്‍ക്ക് മുങ്ങിത്തപ്പാന്‍ കഴിയുക. എന്നാല്‍ നിലവില്‍ പുഴയില്‍ 6 8 നോട്സ് ആണ് അടിയൊഴുക്ക്. അതില്‍ ഡൈവര്‍മാരെ ഇറക്കുക എന്നത് ആത്മഹത്യാപരമാണെന്നും സംഘം പറഞ്ഞു. 4 ലോഹ ഭാഗങ്ങളാണ് കണ്ടെത്തിയത്.
എവിടെയാണ് ട്രക്കിന്റെ സ്ഥാനം എന്ന് കണ്ടെത്താനാണ് കര്‍ണാടക സര്‍ക്കാര്‍ തങ്ങളെ വിളിച്ചത്. നാലിടങ്ങളില്‍ സിഗ്നല്‍ ലഭിച്ചു. റോഡിന്റെ സുരക്ഷാ കവചം, ടവര്‍, അര്‍ജുന്റെ ലോറി, ടാങ്കറിന്റെ ക്യാബിന് എന്നിവയാണ് കാണാതായിട്ടുള്ളത്. ഇവ നാലും വെള്ളത്തിലായിരിക്കാനാണ് സാധ്യതയെന്ന് മനസ്സിലാക്കി. കഴിഞ്ഞ ദിവസം രണ്ട് സ്ഥലങ്ങള്‍ കിട്ടി. ബാക്കി എവിടെയാണ് എന്ന് കണ്ടെത്താനായിരുന്നു ശ്രമം. വെള്ളത്തില്‍ വീണ്ടും തിരച്ചില്‍ നടത്തിയപ്പോള്‍ മൂന്നാമത്തെ സ്ഥലവും കിട്ടി. ഇതില്‍ എവിടെയാണ് ട്രക്ക് എന്നത് ഏറ്റവും വലിയ പ്രശ്നമായിരുന്നു- മേജര്‍ ഇന്ദ്രപാലന് പറഞ്ഞു.
ഏറ്റവും അടിത്തട്ടിലാണ് മൂന്നാം സ്പോട്ട് കിട്ടിയത്. അത് ട്രക്ക് ആകാം എന്നാണ് ശക്തമായ ഊഹം. ട്രക്കില്‍ വലിയ ഭാരമുണ്ടായിരുന്നു. നന്നായി കെട്ടിയിട്ടുണ്ടായിരുന്നു ഇവ. ലോറിയില്‍ നിന്ന് ലോഡ് വേര്‍പ്പെട്ടോ ഇല്ലേ എന്ന കാര്യത്തില്‍ ഉച്ചവരെ ഉത്തരമുണ്ടായിരുന്നില്ല. ക്യാബിന് തകര്‍ന്നിട്ടില്ല എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ചില മരക്കഷ്ണങ്ങള്‍ കിട്ടി. ലോഡ് വെള്ളത്തില്‍ പോയ ശേഷം കയറ് പൊട്ടി ലോഡ് വേര്‍പ്പെട്ടതാകാം. കുറച്ച് നേരം ലോറി ഒഴുകിയ ശേഷം പിന്നെ അടിത്തട്ടിലേക്ക് പോയി എന്നാണ് കരുതുന്നത്. സിഗ്നലും ഊഹങ്ങളും തമ്മില്‍ ചേരുന്നുണ്ട്.
രാത്രി വീണ്ടും തിരച്ചില്‍ നടത്തുന്നുണ്ട്. ഒന്ന് ഉറപ്പു വരുത്താന്‍ വേണ്ടിയാണ് ഇത്. എന്തെങ്കിലും ചെറിയ സൂചനകള്‍ ലഭിച്ചേക്കാം. അര്‍ജുന്റെ ശരീരം അവിടെ ഉണ്ടെങ്കില്‍, അത് എങ്ങനെ എടുക്കണമെന്നത് ഭരണകൂടത്തിന്റെ കൈയിലാണ്. മഴ ശക്തമാണ്. നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുടെ ഡിസൈന്‍ഡ് കപ്പാസിറ്റി രണ്ട് നോട്ട്സാണ്. ജീവന് രക്ഷിക്കാന്‍ വേണ്ടി മൂന്ന് നോട്ട്സ് വരെ ചെയ്യും. ആറോ ഏഴോ നോട്ട്സില്‍ ഡൈവ് ചെയ്യാമെന്നുവെച്ചാല്‍ അത് ആത്മഹത്യപരമായിരിക്കും. എന്നാല്‍ നാവികസേനയാണ് അക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയേണ്ടത് — അദ്ദേഹം പറഞ്ഞു.
അര്‍ജുനെ കൊണ്ടുവരണം. അതിനുള്ള ഒരു ഉത്തരം നല്‍കിയിട്ടുണ്ട്. തിരച്ചില്‍ദൗത്യം രാത്രിയും തുടരും. മുങ്ങല്‍ വിദഗ്ധര്‍ താഴെ പോകുമ്പോള്‍ ഡൈവിങ് പ്ലാന്‍ എങ്ങനെയാണ് എന്ന കാര്യം നോക്കുന്നുണ്ട്. ചിലപ്പോള്‍ അര്ജുന് വണ്ടിയുടെ പുറത്തായിരിക്കാം എന്ന സാധ്യതയും ഉണ്ട്. സാധ്യതകളൊക്കെ ഉപയോഗിച്ച് പരിശോധന തുടരുമെന്ന് റിട്ട. മേജര്‍ ജനറല്‍ എം ഇന്ദ്രബാലന്‍ പറഞ്ഞു.
ട്രക്കിന്റെ ക്യാബിന് വേര്‍പ്പെടാന്‍ സാധ്യത ഉണ്ടോ എന്നകാര്യവും പരിശോധിച്ചു. അങ്ങനെ ആണെങ്കില്‍ അഞ്ചാമതൊരു സ്പോട്ട് കിട്ടും. അതിനുള്ള സാധ്യതകളൊക്കെ പരിശോധിച്ചു. എന്നാല്‍ അതിനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അര്ജുന് അകത്തുണ്ടായിരുന്നോ അതോ പുറത്തായിരുന്നോ എന്നാതാണ് ഇപ്പോള്‍ വലിയ ചോദ്യചിഹ്നം. ഊഹങ്ങളും സ്കാനിങ് വിവരങ്ങളുമടക്കം വെച്ച് അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. റോഡില്‍ നിന്ന് അമ്പത് മീറ്ററിലേറെ ദൂരത്താണ് സ്പോട്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.