ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിനിടെ, ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹ ഭാഗം കണ്ടെത്തി.

മത്സ്യത്തൊഴിലാളിയും മുങ്ങല്‍ വിദഗ്ധനുമായ ഈശ്വര്‍ മല്‍പെയാണു ഗംഗാവലിപ്പുഴയില്‍ തിരച്ചില്‍ നടത്തിയത്. മുക്കാല്‍ മണിക്കൂറോളം നടത്തിയ തിരച്ചിലില്‍ ഒരു ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയിട്ടുണ്ട്. അധികം പഴയതല്ലാത്ത ജാക്കി തന്റെ ഭാരത് ബെന്‍സ് ലോറിയുടേത് തന്നെയാണെന്ന് ഉടമ മനാഫ് പറഞ്ഞു. ഈശ്വര്‍ മല്‍പെ മുങ്ങിയെടുത്തതും പുതിയ ജാക്കിയാണ്. അതിനാല്‍ തന്നെ ഇത് അര്‍ജുന്റെ ലോറിയിലുണ്ടായിരുന്ന ജാക്കി തന്നെയാണ് ഇതെന്നും മനാഫ് അവകാശപ്പെട്ടു. ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു.

ജാക്കി കൂടാതെ മറ്റൊരു ലോറിയുടെ മരവാതിലിന്റെ ഭാഗവും മല്‍പെ കണ്ടെത്തി. ഇത് അര്‍ജുനൊപ്പം പുഴയില്‍ വീണെന്ന് കരുതുന്ന ടാങ്കര്‍ ലോറിയുടെതാണെന്നാണു സൂചന. ബുധനാഴ്ച രാവിലെ എട്ടുമണിക്ക് 4 സഹായികള്‍ക്കൊപ്പം വീണ്ടും തിരച്ചില്‍ തുടരുമെന്ന് മല്‍പെ പറഞ്ഞു. കാലാവസ്ഥ അനുകൂലമാകുകയും മഴ കുറയുകയും ചെയ്തതോടെ നദിയുടെ അടിത്തട്ട് തെളിഞ്ഞുകാണാനാകുന്നുണ്ട്. അതുകൊണ്ട് തിരച്ചില്‍ എളുപ്പമാകും.

ഇതിനോടകം മൂന്ന് വസ്തുക്കളാണ് കണ്ടെത്തിയത്. വൈകിട്ട് നാലേ കാലോടെയാണ് ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങിയുള്ള തിരച്ചില്‍ ആരംഭിച്ചത്. നിരവധി തവണയാണ് പുഴയിലിറങ്ങിയുള്ള പരിശോധന നടത്തിയത്. ലോറിയുടെ പിന്‍ഭാഗത്ത് ടൂള്‍സ് ബോക്‌സിലാണ് ജാക്കി സൂക്ഷിച്ചിരുന്നതെന്നും പുതിയ ജാക്കി തന്നെയാണ് കണ്ടെത്തിയതെന്നും ഇക്കാര്യത്തില്‍ യാതൊരു സംശയവും ഇല്ലെന്നും മനാഫ് പറഞ്ഞു. മനാഫും അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിനും സ്ഥലത്തുണ്ട്.

അര്‍ജുനെയും ലോറിയെയും കാണാതായ മറ്റു രണ്ടുപേരെയും കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. തിരച്ചില്‍ മൂന്നുദിവസം തുടരുമെന്നും മല്‍പെ പറഞ്ഞു. തിരച്ചിലില്‍ നാവികസേനയെക്കൂടി ഉള്‍പ്പെടുത്തണമെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായി മഞ്ചേശ്വരം എംഎല്‍എ പറഞ്ഞു. ഇന്ന് രണ്ടു മണിക്കൂര്‍ മാത്രമാണ് തെരച്ചില്‍ നടത്തിയത്. നാളെ എസ് ഡിആറ് എഫ്, എന്‍ഡിആര്‍എഫ് അംഗങ്ങളെ എത്തിച്ചുകൊണ്ട് വിപുലമായ തെരച്ചില്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

അതേസമയം, കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ എംഎല്‍എയുടെ ആരോപണം കേരളം തള്ളി. തൃശൂരിലെ ഡ്രെഡ്ജര്‍ തിരച്ചിലിനു അനുയോജ്യമല്ലെന്നു നേരത്തെ അറിയിച്ചിരുന്നതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കര്‍ണാടക സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചു എന്നും സര്‍ക്കാര്‍ വിശദീകരിച്ചു.തൃശൂരില്‍ നിന്ന് ഡ്രജിംഗ് മെഷീന്‍ എത്തിക്കണമെന്ന ആവശ്യം കേരളം പരിഗണിച്ചില്ലെന്നും എംപിയും എംഎല്‍എയും അനുകൂലമായി പ്രതികരിച്ചില്ലെന്നുമായിരുന്നു സതീഷ് സെയിലിന്റെ ആരോപണം.

കാര്‍വാര്‍ എംഎല്‍എയുടെ വാദം തൃശൂര്‍ ജില്ലാ ഭരണകൂടവും തള്ളി. തൃശൂരിലെ ഡ്രജര്‍ പ്രായോഗികമല്ലെന്ന് കര്‍ണാടക രേഖാമൂലം അറിയിച്ചെന്ന് തൃശ്ശൂര്‍ ജില്ലാ ഭരണകൂടം വ്യക്തമാക്കി. കാര്‍വാര്‍ കളക്ടറെ കഴിഞ്ഞ അഞ്ചിന് ഇക്കാര്യം രേഖാമൂലം അറിയിച്ചിട്ടുണ്ട്. കേരളത്തില്‍നിന്ന് വിദഗ്ധസംഘം അവിടെ എത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രായോഗികമല്ലെന്ന് അറിയിച്ചതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.