ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടത്താനുള്ള ദൗത്യത്തിന് തടസ്സമായി കനത്ത മഴ. ഗംഗാവാലി നദയില്‍ അര്‍ജ്ജുന്റെ ലോറി ഉണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് രക്ഷാദൗത്യത്തിന് തടസ്സമായി മഴ കനത്തത്.

നാവിക സേനയുടെ സംഘം സ്ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത മഴയെ തുടര്‍ന്ന് പിന്‍വാങ്ങി. മൂന്നു ബോട്ടുകളിലായി 18 പേരാണ് ആദ്യം ലോറിക്കരികിലേക്ക് പോയത്. കരയില്‍ നിന്നും 40 മീറ്റര്‍ അകലെയാണ് ട്രക്ക് കണ്ടെത്തിയത്. കനത്ത കാറ്റ് വീശുന്നതിനാലും കുത്തൊഴുക്ക് കൂടിയതിനാലും ഇന്ന് ഇനി രക്ഷാപ്രവര്‍ത്തനം ഉണ്ടാവില്ലെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ വ്യക്തമാക്കിയ ട്രക്കിന്റെ രൂപത്തില്‍ കണ്ട കോര്‍ഡിനേറ്റുകള്‍ കൃത്യമായി മാര്‍ക്ക് ചെയ്തിട്ടുണ്ട്. അവിടെ ഇപ്പോള്‍ ഇറങ്ങാന്‍ ഒരു വഴിയും ഇല്ലെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ട്രക്ക് പുറത്തെടുക്കാന്‍ കൂടുതല്‍ സന്നാഹങ്ങള്‍ ഒരുക്കുകയാണെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു. ഒരു ക്രെയിന്‍ കൂടി സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

ലോറി ഉണ്ടെന്ന് ഉറപ്പിച്ചതിനു ശേഷമാണ് നാവിക സേനയുടെ സ്‌കൂബാ ഡൈവേഴ്‌സ് അടങ്ങുന്ന സംഘം നദിയിലേക്ക് പോയത്. എത്ര മണിക്കൂറെടുത്താകും ലോറി പുറത്തേക്ക് എത്തിക്കുകയെന്നതിലൊന്നും ഇപ്പോള്‍ വ്യക്തതയില്ല. തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെങ്കിലും മണ്ണ് മാറ്റുന്നത് തുടരുകയാണ്. എത്രത്തോളം മണ്ണ് നദിയില്‍ ട്രക്കിനു മുകളിലുണ്ടെന്നതില്‍ വ്യക്തതയില്ല. ഈ ഭാഗത്തെ മണ്ണ് മുഴുവന്‍ മാറ്റിയാല്‍ മാത്രമേ ലോറി പുറത്തെടുക്കാന്‍ കഴിയുകയുളളു.

നേരത്തെ ലോറി അര്‍ജ്ജുന്റേതെന്ന് കര്‍ണാടക പോലീസാണ് സ്ഥിരീകരിച്ചത്. ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയാണ് കണ്ടെത്തിയതെന്ന് കര്‍ണാടക പോലീസ് സ്ഥിരീകരിച്ചു.

ഡീപ് സെര്‍ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചായിരുന്നു തിരച്ചില്‍. പുഴയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബായരെ ഗൗഡയാണ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇത് അര്‍ജുന്റെ ലോറിയെന്ന് എസ്.പി. സ്ഥിരീകരിക്കുകയായിരുന്നു.

കരയില്‍ നിന്ന് 15 മീറ്റര്‍ താഴ്ചയിലാണ് ലോറി കിടക്കുന്നത്. നിലവില്‍ നദിയുടെ കരയോട് ചേര്‍ന്ന ഭാഗത്ത് ഡീപ് ഡൈവേഴ്സ് പരിശോധന നടത്തുന്നുണ്ട്. ബൂം എസ്‌കലേറ്റര്‍ ഉപയോഗിച്ച് ലോറി കരയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് വിവരം. പ്രദേശത്ത് ശക്തമായ മഴയാണ്.

കഴിഞ്ഞ ഒന്‍പത് ദിവസമായി നടന്ന തിരച്ചിലിനൊടുവിലാണ് ഇപ്പോള്‍ ലോറി കണ്ടെത്തിയത്. കര, നാവിക സേനകളും എന്‍.ഡി.ആര്‍.എഫ്, അഗ്നിരക്ഷാസേന, പോലീസ് തുടങ്ങിയവരും സന്നദ്ധപ്രവര്‍ത്തകരുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. കേരളത്തില്‍നിന്നുള്ള പോലീസ്, മോട്ടോര്‍ വാഹനവകുപ്പ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ദൗത്യത്തിലുണ്ടായിരുന്നു.

ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ (30) അപകടത്തില്‍പ്പെട്ടത്. മണ്ണിടിച്ചിലില്‍ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേര്‍ മരിച്ച സ്ഥലത്താണ് ലോറിയുടെ ജി.പി.എസ്. ലൊക്കേഷന്‍ അവസാനമായി കണ്ടെത്തിയത്.

10 മീറ്ററോളം ഉയരത്തില്‍ ഇവിടെ മണ്ണ് മൂടിയിരുന്നു. പ്രദേശത്ത് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എല്ലാ പ്രതികൂല ഘടകങ്ങളെയും അതിജീവിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ ലോറി കണ്ടെത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ 16നാണ് അങ്കോളയില്‍ മണ്ണിടിച്ചിലുണ്ടായത്. ഡ്രൈവര്‍മാര്‍ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ലോറി നിര്‍ത്തുന്ന മേഖലയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.