- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗംഗാവലി നദിയില്‍ ട്രക്ക് തലകീഴായി മറിഞ്ഞ നിലയില്‍; അര്‍ജുനെ കണ്ടെത്തുന്നതിന് പ്രഥമ പരിഗണന; ദൗത്യവുമായി കര, നാവികസേന മുന്നോട്ട്
അങ്കോല: ഒന്പതുനാള് നീണ്ട കാത്തിരിപ്പിനും കരയിലും പുഴയിലും ഒരു പോലെ രക്ഷാപ്രവര്ത്തകരിറങ്ങി നടത്തിയ തിരച്ചിലിനുമൊടുവില്‍ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന്റെ ട്രക്ക് കണ്ടെത്തിയതോടെ ദൗത്യവുമായി കര നാവികസേന മുന്നോട്ട്. ട്രക്ക് പുറത്ത് എടുക്കുക എന്നതിനല്ല പ്രഥമ പരിഗണന അര്‍ജുനെ കണ്ടെത്തുന്നതിനാണെന്ന് സൈന്യം അറിയിച്ചു. ഡൈവര്‍മാരെ ഇറക്കി ക്യാബിനില്‍ അര്ജുന് ഉണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ആദ്യ പരിഗണന. പിന്നീട് ട്രക്ക് പുറത്തെടുക്കാന്‍ ശ്രമിക്കും.
ഷിരൂര്‍ ദേശീയപാതയിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ട്രക്ക് ഗംഗാവലി നദിയില്‍ തലകീഴായി മറിഞ്ഞ നിലയിലാണ് ഉളളതെന്ന് ഉത്തര കന്നട എസ്പി നാരായണ വ്യക്തമാക്കി. അര്‍ജുന്റെ ട്രക്ക് നദിയില്‍ തന്നെയുണ്ടെന്ന് കര്‍ണാടക പൊലീസ് സ്ഥിരീകരിച്ചിരുന്നു. അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ നാളെ ലക്ഷ്യം കാണുമെന്നും മാധ്യമങ്ങള്‍ തെരച്ചില്‍ തടസ്സപ്പെടുത്തരുതെന്നും എംഎഎല്‍ അഭ്യര്‍ത്ഥിച്ചു. ഓരോ മണിക്കൂറിലും വിവരങ്ങള്‍ കൈമാറാമെന്നും എംഎല്‍എ ഉറപ്പുനല്‍കിയിട്ടുണ്ട്. തെരച്ചില്‍ ഇന്ന് രാത്രി 10 മണി വരെ തുടരാനാണ് തീരുമാനം.
ദൗത്യവുമായി ബന്ധപ്പെട്ട് കരസേനയും നാവികസേനയും ആക്ഷന്‍ പ്ലാന്‍ മുന്നോട്ട് വച്ചു. മുങ്ങല്‍ വിദഗ്ധര്‍ പുഴയില്‍ ഇറങ്ങി പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ലോറി പുറത്തെടുക്കാനുള്ള വഴി കൊളുത്തിട്ട് ഉയര്‍ത്തലാണെന്ന് സൈന്യം അറിയിച്ചു. അതിനും സ്കൂബാ ഡൈവേഴ്സ് താഴേക്ക് ഇറങ്ങി ട്രക്കിന്മേല് കൊളുത്ത് ഇട്ട് ഉറപ്പിച്ച് തിരികെ കയറണം. അതിന് ശേഷം ഭാര ഉപകരണങ്ങള്‍ ഉപയോഗിച്ച് ട്രക്ക് ഉയര്‍ത്തണം.
അതിനുള്ള അടിസ്ഥാനം എത്രയും പെട്ടെന്ന് ഒരുക്കുമെന്നും നടപടി പുരോഗമിക്കുകയാണെന്നും സൈന്യം അറിയിച്ചു. നാളത്തെ കാലാവസ്ഥ അനുസരിച്ച് ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് അന്തിമ പ്ലാന്‍ നടപ്പിലാക്കാനാണ് തീരുമാനം. സ്ഥലത്തേക്ക് ഡ്രോണുകള്‍ അടക്കം കൂടുതല്‍ സന്നാഹങ്ങള്‍ നാളെ എത്തിക്കും.
കരയില്‍ നിന്നും 40 മീറ്റര്‍ അകലെയാണ് 15 മീറ്റര്‍ താഴ്ചയിലാണ് ട്രക്ക് കണ്ടെത്തിയിരിക്കുന്നത്. കനത്ത മഴക്കൊപ്പം തന്ന ശക്തമായ കാറ്റും വീശുന്നത് തെരച്ചിലിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഗംഗാവലി പുഴയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണുള്ളത്. ഷിരൂരിലെ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് ഒന്‍പത് ദിവസം പിന്നിടുകയാണ്.
ഇത്രയും ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവില്‍ ഇന്നാണ് അര്‍ജുന്റെ ലോറി പുഴയില്‍ തന്നെയുണ്ടെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചത്. പുഴയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബായരെ ഗൗഡയാണ് ആദ്യം സ്ഥിരീകരിച്ചത്. പിന്നാലെ കണ്ടെത്തിയത് അര്‍ജുന്റെ ലോറി തന്നെയാണെന്ന് ജില്ലാ പൊലീസ് മേധാവിയും സ്ഥിരീകരിച്ചു.
രാപ്പകലില്ലാതെ തിരച്ചില്‍
ജീവന് പണയം വെച്ച് കടുത്ത വെല്ലുവിളികളേയും കാലാവസ്ഥയേയും വകവെക്കാതെ, ലോറിയും അതിലകപ്പെട്ട മനുഷ്യനും വേണ്ടി രാപ്പകലില്ലാതെയാണ് ദൗത്യസംഘം തിരച്ചില്‍ നടത്തിയത്. മകന്റെ തിരിച്ചുവരവിനായി മാതാപിതാക്കളും, ഭര്‍ത്താവിന്റെ തിരിച്ചു വരവിനായി ഭാര്യയും ഹൃദയം വിങ്ങിക്കേണു. ഒന്നുമറിയാതെ അര്‍ജുന്റെ കുഞ്ഞ് പിതാവിന്റെ വരവും കാത്തിരുന്നു. കാലാവസ്ഥ അനുകൂലമല്ലാതിരുന്നിട്ടും അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ തുടര്‍ന്നു.
അത്യാധുനിക സംവിധാനങ്ങളടക്കം എത്തിച്ചു. സൈന്യവും നാവികസേനാ വിദഗ്ധരുമെത്തി. മണ്ണിടിഞ്ഞ വിവിധയിടങ്ങളില്‍ സിഗ്നല്‍ കണ്ടു, അവിടെയൊക്കെ ബുള്ഡോസറുകളടക്കമെത്തിച്ച് മണ്ണുമാന്തി. ഒടുവില്‍ ഒന്‍പതാം നാള് ആ ശുഭവാര്‍ത്തയെത്തി. കാണാതായ ലോറി കണ്ടെത്തിയിരിക്കുന്നു. അത് അര്‍ജുന്റെ ലോറിയാണെന്ന് ഔദ്യോഗിക സ്ഥിരീകരണവും കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായി.
ആദ്യഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തെച്ചൊല്ലി വന്‍തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പുഴയുടെ ഭാഗത്ത് ലോറിയുണ്ടാകുമെന്ന് കര്‍ണാടക സര്‍ക്കാര്‍ ആദ്യംമുതല്ക്കേ പറഞ്ഞുവെങ്കിലും കരയില്‍ മണ്ണിടിച്ചില്‍ ഉണ്ടായിടത്ത് ലോറി കുടുങ്ങിക്കിടക്കാന്‍ സാധ്യത ഉണ്ട് എന്ന തരത്തില്‍ വിവരങ്ങളും വന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കരയില്‍ മണ്ണിടിഞ്ഞിടത്ത് പരിശോധന ശക്തമാക്കി. കനത്ത മഴയാണ് പ്രദേശത്ത് പെയ്തിരുന്നത്. പ്രതികൂല കാലാവസ്ഥയായിരുന്നു. പുഴയില്‍ ശക്തമായ അടിയൊഴുക്കും.
നിലവില്‍ പുഴയില്‍ നിന്നാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. 20 മീറ്റര്‍ അകലെയായി 15 മീറ്റര്‍ താഴ്ചയിലാണ് ലോറിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. രാവിലെ മുതല്‍ ശുഭപ്രതീക്ഷകളോടെയായിരുന്നു രക്ഷാപ്രവര്ത്തകരിറങ്ങിയത്. സിഗ്നല്‍ ലഭിച്ചിടങ്ങള് കേന്ദ്രീകരിച്ച് മണ്ണുമാന്തിയായിരുന്നു കരയിലെ തിരച്ചില്‍. സമാനമായിത്തന്നെ നേവിയുടെ സംഘം പുഴയില്‍ അത്യാധുനിക സംവിധാനങ്ങളടക്കം ഉപയോഗിച്ച് തിരച്ചില്‍ നടത്തുകയും ചെയ്തു.