ഐസിസി വക്താവും മലയാളിയുമായ ഡോ. ഷമ മുഹമ്മദിന് ഇപ്പോള്‍ 'എയറില്‍നിന്ന്' ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍, രോഹിത് ശര്‍മ്മയെ അമിതവണ്ണമുള്ളയാള്‍ എന്ന് വിശേഷിപ്പിച്ചതിന് സോഷ്യല്‍ മീഡിയ പൊങ്കാലയിട്ട ഷമ, ഇപ്പോള്‍ സ്വന്തം മതത്തെ പൊക്കിയടിച്ചാണ് വിവാദത്തില്‍പെട്ടത്. മനുഷ്യരാശിക്ക് ഗണിതശാസ്ത്രം പരിചയപ്പെടുത്തിയത് ഇസ്ലാം മതമാണെന്നായിരുന്നു ഷമയുടെ വാദം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ്, കേരളത്തിലെ മുസ്ലിയാര്‍മ്മാരെപ്പോലും നാണിപ്പിക്കുന്ന വമ്പന്‍ കണ്ടുപിടുത്തവുമായി കോണ്‍ഗ്രസ് വക്താവ് രംഗത്തെത്തിയത്.

'ഇസ്ലാം വളരെ ശാസ്ത്രീയ മതമാണ്. ഗണിതശാസ്ത്രം ഇസ്ലാമിലൂടെയാണ് ആവിര്‍ഭവിച്ചത്. ഇസ്ലാമില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ശാസ്ത്രീയമാണ്, ഒരു ഡോക്ടറായത് കൊണ്ട് എനിക്കത് പറയാന്‍ കഴിയും. ഇസ്ലാം ആധുനികമായ ശാസ്ത്രീയമായ മതമാണ്'- ഷമ പറഞ്ഞു. ഇത് സാധൂകരിക്കാനായി ഖുര്‍ആനിലെ കുറെ ആയത്തുകളും ഷമ പറയുന്നുണ്ട്. ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോള്‍ ആയി മാറിയത്. ഇതെല്ലാം വെറും മതബഡായികള്‍ ആണെന്നും, ഗണിതശാസ്ത്രത്തിന് കാര്യമായ സംഭാവനയൊന്നും ഇസ്ലാമിന് നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും ട്രോളന്‍മ്മാര്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാ മതങ്ങങ്ങളും ശാസ്ത്രിവിരുദ്ധമാണെന്നും അത് സമ്മതിക്കുന്നതിന് പകരം സ്വന്തം മതത്തെ വെളുപ്പിക്കയാണ് കോണ്‍ഗ്രസ് വക്താവ് ചെയ്യുന്നതെന്നും, ട്രോളമ്മാര്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്ലാമിലെ സ്ത്രീവിരുദ്ധതകക്കും, ദുരാചാരങ്ങള്‍ക്കുമെതിരെ ഒരു ചെറുവിരന്‍ അനക്കാന്‍ പോലും കഴിയാത്ത ഷമക്ക് മതേതരത്വക്കെുറിച്ച് പറയാന്‍ എന്താണ് ഒരു വിഭാഗം സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുകള്‍ പറയുന്നത്.


വീണ്ടും രാഷ്ട്രീയ വിവാദം

അതിനിടെ രോഹിത് ശര്‍മ്മ വിവാദം പോലെ, ഇസ്ലാമിക വിവാദവും രാഷ്ട്രീയമായി മാറി. ഷമ മുഹമ്മദിന്റെ പരാമര്‍ശത്തെ കുറിച്ചുള്ള ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയുടെ പ്രതികരണം ഇതായിരുന്നു. 'കോണ്‍ഗ്രസിന്റെ എല്ലാ മണ്ടന്‍ പ്രസ്താവനകളും രാഹുല്‍ ഗാന്ധിക്ക് ഒറ്റയ്ക്ക് നടത്താന്‍ കഴിയില്ലല്ലോ എന്ന് അവര്‍ കരുതിക്കാണും',- അമിത് മാളവ്യ പരിഹസിച്ചു.

ഷമ മുഹമ്മദ് രാഹുല്‍ ഗാന്ധിക്ക് വെല്ലുവിളിയാകുമെന്നായിരുന്നു ബിജെപി ദേശീയ വക്താവ് ഷെഹസാദ് പുനെവാലയുടെ പ്രതികരണം. ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ മുസ്ലീം തീവ്രവാദികള്‍ ലക്ഷ്യവച്ചപ്പോള്‍ കോണ്‍ഗ്രസ് 'മതേതര ബ്രിഗേഡിന്റെ' വിചിത്രമായ സൗകര്യപ്രദമായ പ്രതികരണം എല്ലാവരും കണ്ടതാണ്. രോഹിത് ശര്‍മ്മയെ 'ഭാരം' പറഞ്ഞ് അവര്‍ക്ക് അധിക്ഷേപിക്കാന്‍ കഴിയും. എന്നാല്‍ വോട്ട് ബാങ്ക് പ്രധാനമായതിനാല്‍ ഇസ്ലാമിക തീവ്രവാദികളെക്കുറിച്ച് ഒരു വാക്ക് പോലും അവര്‍ക്ക് പറയാന്‍ കഴിയില്ല, പുനെവാല ചൂണ്ടിക്കാട്ടി.

നേരത്തെ, ചാമ്പ്യന്‍സ് ട്രേഫിക്കിടെ വെള്ളം കുടിച്ച ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ പിന്തുണും ഷമ മുഹമ്മദ് രംഗത്ത് എത്തിയിരുന്നു. കായികവിനോദത്തില്‍ ഏര്‍പ്പെടുമ്പോള്‍ നോമ്പ് എടുക്കേണ്ടതില്ലെന്ന് ഷമ പറഞ്ഞു. ഇസ്ലാമില്‍ കര്‍മമാണ് പ്രധാനമെന്നും ഒരു ദേശീയ മാധ്യമത്തോട് പ്രതികരിക്കവെ അവര്‍ വ്യക്തമാക്കി.-'നമ്മള്‍ യാത്ര ചെയ്യുമ്പോള്‍ വ്രതമെടുക്കേണ്ടതില്ല എന്നത് റംസാന്‍ കാലത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ്. ഒന്നാമതായി, ഷമി യാത്രയിലാണ്. അദ്ദേഹം സ്വന്തം സ്ഥലത്തല്ല ഇപ്പോഴുള്ളത്. രണ്ടമതായി, വളരെയേറെ ദാഹിക്കാന്‍ സാധ്യതയുള്ള ഒരു കായിക വിനോദത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് അദ്ദേഹം. ക്രിക്കറ്റ് കളിക്കുമ്പോള്‍ വ്രതം അനുഷ്ഠിക്കണമെന്ന് ആരും നിര്‍ബന്ധിക്കുന്നില്ല.'- ഷമ പറഞ്ഞു. ഇങ്ങനെ മതകാര്യങ്ങളിലൊക്കെ അത്യാവശ്യം ബോധ്യമുള്ള ഷമയാണ്, മതത്തെയും ശാസ്ത്രത്തെയും കൂട്ടിക്കെട്ടുന്നത്. ഇതേ പണി ബിജെപി ചെയ്യുമ്പോള്‍ മാത്രം വിമര്‍ശിച്ചാല്‍ മതിയോ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം.

മാഹിയില്‍നിന്നുള്ള ഡെന്റല്‍ ഡോക്ടര്‍

ടോം വടക്കനുശേഷം കേരളത്തില്‍നിന്നുള്ള എഐസിസി വക്താവാണ് ഡോ ഷമ മുഹമ്മദ്. ടോം വടക്കന്‍ പാര്‍ട്ടി വിട്ടപ്പോള്‍, അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ചും പാര്‍ട്ടി നിലപാടുകള്‍ വ്യക്തമാക്കിയും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത് ഡോ. ഷമയായിരുന്നു. 2018 ഡിസംബര്‍ 31 ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പുതിയ 10 അംഗ പുതിയ കോണ്‍ഗ്രസ് വക്താക്കളുടെ പട്ടിക തയ്യാറാക്കിയത്. ഇതിലാണ് ഡോ. ഷമ മുഹമ്മദും ഉള്‍പ്പെടുന്നത്. സാമൂഹിക മാധ്യമങ്ങളിലെ കാര്യക്ഷമായ ഇടപെടലുകളായിരുന്നു മലയാളിയായ ഡോ. ഷമ മുഹമ്മദിന് പാര്‍ട്ടി ദേശീയ തലത്തിലേക്കുള്ള വാതില്‍ തുറന്നത്.

മാഹി സ്വദേശിയാണ് ഷമ മുഹമ്മദ്. മാധ്യമപ്രവര്‍ത്തക, ദന്തഡോക്ടര്‍ എന്നീ നിലകളിലും കഴിവ് തെളിയിച്ച വ്യക്തിയാണ് അവര്‍. ദീര്‍ഘകാലം സീ ന്യൂസില്‍ മാധ്യമപ്രവര്‍ത്തകയായിരുന്നു അവര്‍. മാഹിയിലെ കല്ലാപുതിയ വീട്ടില്‍ ജനിച്ച അവര്‍ കുവൈത്തിലായിരുന്ന വളര്‍ന്നത്. കണ്ണൂരിലെ താണ സ്വദേശിയാണ് പിതാവ്. മാതാവ് മാഹി സ്വദേശിയും. കുവൈത്ത് യുദ്ധകാലത്താണ് ഷമയുടെ കുടുംബം ഇന്ത്യയിലേക്ക് മടങ്ങിയത്.

കോഴിക്കോട് പ്രോവിഡന്‍സ് കോളേജ്, കണ്ണൂര്‍ എസ്.എന്‍. കോളേജില്‍ എന്നിവിടങ്ങളില്‍ പഠിച്ചിട്ടുള്ള ഷമ മംഗലാപുരം യെനപ്പോയ ഡെന്റല്‍ കോളേജില്‍നിന്നാണ് ബി.ഡി.എസ് ബിരുദം സ്വന്തമാക്കുന്നത്. ഇതിന് ശേഷം കണ്ണൂര്‍, ഡല്‍ഹി, ദുബായ് എന്നിവിടങ്ങളില്‍ ദന്തഡോക്ടറായി ജോലി ചെയ്തു. പിന്നീടായിരുന്നു മാധ്യമ രംഗത്തേക്കുള്ള കടന്നുവരവ്. സീ ന്യൂസില്‍ മാധ്യമപ്രവര്‍ത്തകയായി ജോലി നോക്കുകയും പിന്നീട് ആശാനിവാസ് എന്ന സാമൂഹികസന്നദ്ധ സംഘടനയിലും പ്രവര്‍ത്തിച്ചു. അനാഥരായി നഗരത്തിലെത്തുന്ന പെണ്‍കുട്ടികളുടെ അഭയകേന്ദ്രമായിരുന്നു ആശാനിവാസ്. നിലവില്‍ ഭര്‍ത്താവിനും രണ്ടു കുട്ടികള്‍ക്കുമൊപ്പം പുണെയിലെ കൊറെഗാവ് പാര്‍ക്കിലാണ് താമസം. ഇറ്റാലിയന്‍ സ്വദേശിയും മാര്‍ക്കറ്റിംഗ് വിദഗ്ദ്ധനുമായ സ്റ്റഫാനോ പെല്ലെയാണ് ഡോ. ഷമ മുഹമ്മദിന്റെ ഭര്‍ത്താവ്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത്, വനിതാ പ്രതിനിധ്യക്കുറവിനെ വിമര്‍ശിച്ചഏ ഷമ മുഹമ്മദിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ രംഗത്ത് എത്തിയിരുന്നു. ഷമ മുഹമ്മദ് പാര്‍ട്ടിയുടെ ആരുമല്ല. വിമര്‍ശനത്തെ കുറിച്ച് അവരോടു തന്നെ ചോദിച്ചാല്‍ മതിയെന്നും സുധാകരന്‍ തുറന്നടിച്ചു.

വനിതാ ബില്‍ പാസായതിനുശേഷമുള്ള തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഒരു വനിത മാത്രമാണ് ഉള്ളത് എന്നത് സങ്കടകരമായ കാര്യമാണെന്നായിരുന്നു ഷമ പറഞ്ഞത്. കേരളത്തില്‍ 51% സ്ത്രീകളുണ്ട്. നേതാക്കള്‍ സ്ത്രീകള്‍ക്കു പ്രാധാന്യം നല്‍കണം. തോല്‍ക്കുന്നിടത്തു മാത്രമല്ല, സ്ത്രീകള്‍ക്കു ജയിക്കാവുന്ന സീറ്റുകള്‍ നല്‍കണമെന്നും ഷമ പറഞ്ഞു. സംവരണ സീറ്റായതു കൊണ്ടാണ് ഇല്ലെങ്കില്‍ ആലത്തൂരില്‍ രമ്യ ഹരിദാസിനെയും തഴയുമായിരുന്നുവെന്നും ഷമ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ സുധാകരന്‍ രംഗത്ത് എത്തിയിരിക്കുന്നത്.

മലബാര്‍ കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിട്ടും വടകര മണ്ഡലത്തില്‍ പരിഗണിക്കാത്തതിലെ അതൃപ്തിയാണ് ഷമ പരസ്യമാക്കിയതെന്നായിരുന്നു അന്ന് മാധ്യമങ്ങള്‍ എഴുതിയത്. ഷാഫി പറമ്പില്‍ പാലക്കാട്ട് നിന്നും വടകരയില്‍ എത്തി മത്സരിക്കുന്നതിനെ ഷമ ചോദ്യം ചെയ്തു. പാലക്കാട് നിന്നുള്ള എംഎല്‍എയെയാണ് വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയത്. അദ്ദേഹം ഒരു മികച്ച സ്ഥാനാര്‍ഥിയാണ്. പക്ഷേ അദ്ദേഹം ഒരു സിറ്റിങ് എംഎല്‍എയാണ്. തൊട്ടടുത്തുള്ള ന്യൂനപക്ഷക്കാരെ പരിഗണിക്കാമായിരുന്നുവെന്നും ഷമ പറഞ്ഞു.

കോണ്‍ഗ്രസില്‍ കഴിവുള്ള സ്ത്രീകള്‍ ഒരുപാടുണ്ട്. അവരെ മുന്‍നിരയിലേക്ക് കൊണ്ടുവരണം. സത്രീകളെ ഒഴിവാക്കി മുന്നോട്ട് പോകാനാവില്ല. 50 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉണ്ടാക്കണം എന്നായിരുന്നു രാഹുല്‍ഗാന്ധി പറഞ്ഞത്. കഴിഞ്ഞതവണ രണ്ടു വനിതകള്‍ മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കില്‍ ഇത്തവണ പക്ഷേ അത് ഒന്നായി കുറഞ്ഞു. കേരളത്തിലെ നേതാക്കള്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് കേള്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതിനെതിരെയാണ് സുധാകരന്‍ ആഞ്ഞടിച്ചിരുന്നത്. അതിനുശേഷം ഡോ ഷമ മുഹമ്മദ് അടിക്കടി വിവാദങ്ങളില്‍ പെടുന്നതാണ് കാണുന്നത്.